ബിദ്അത്ത് എന്നു കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സിലേക്ക് ഓടിവരിക പഴയ ചില കാര്യങ്ങളായിരിക്കും. എന്നാല്‍ ഇവിടെ ഏറെയൊന്നും നമ്മുടെയാരുടെയും ശ്രദ്ധയില്‍ പെടാത്ത ചില ഉത്തരാധുനിക ബിദ്അത്തുകള്‍ കൂടിയുണ്ട്. അവയാണ് ഈ പോര്‍ട്ടലില്‍ കൂടുതലായും ചര്‍ച്ച ചെയ്യുന്നത്. ഏറെയും മത സംഘടനകളും അവയുണ്ടാക്കിയ അത്യാചാരങ്ങളും മുസ്‌ലിം സമൂഹത്തിന്റെ ഏകീകരണത്തിനും അവരുടെ നിയത നിയമാനുസൃതവിശ്വവേദിയായ അല്‍ജമാഅത്തിനുമെതിരേ അവര്‍ നടത്തുന്ന ചന്ദ്രഹാസവുമാണ് ഈ ചര്‍ച്ചകള്‍ക്കു വിഷയീഭവിക്കുന്നത്. പുതുതായി ഉരുത്തിരിഞ്ഞുവരുന്ന ഒരു വിഷയമായതിനാല്‍ അവതരണത്തില്‍ അപാകതകളുണ്ടാവാം. അവ പരിഹരിക്കേണ്ട ചുമതല ഗവേഷക കുതുകികളായ യുവ പണ്ഡിതന്മാര്‍ക്കും പരിണതപ്രജ്ഞരും ധീരനിലപാടുകാരുമായ പണ്ഡിതഗുരുക്കള്‍ക്കുമായി വിടുന്നു. ക്ലാസ്സിക് ബിദ്അത്തുകളെക്കുറിച്ചും അവയെ നിരാകരിക്കുന്ന വാദമുഖങ്ങളെക്കുറിച്ചും വേണ്ടത്ര അവബോധമില്ലാത്തവര്‍ക്കു വേണ്ടി എന്താണ് സുന്നത്ത്, എന്താണ് ബിദ്അത്ത് എന്നു വിശദീകരിച്ചുകൊണ്ടാണ് ഈ സംരംഭത്തിന്റെ തുടക്കം. അതിനുശേഷമാണ് ഈ ദൗത്യം ഫോക്കസ് ചെയ്യുന്ന വിഷയം ആരംഭിക്കുന്നത്. ബിദ്അത്തും സുന്നത്തുമൊക്കെ ഞങ്ങള്‍ കുറേ കേട്ടതും വായിച്ചതും പഠിച്ചതുമായ വിഷയമാണ് എന്ന ധാരണ മാറ്റിവെച്ചുകൊണ്ടുവേണം ഈ ഇതിലിടപെടാന്‍ എന്നുണര്‍ത്താനാണ് ഇത് ആദ്യമേ പറഞ്ഞുവെക്കുന്നത്. ഈ ദൗത്യം എന്റെ മതപരമായ ജീവിതാനുഭവങ്ങളുടെ ഒരു ഭാഗം മാത്രമാണ്. തീഷ്ണവും പലപ്പോഴും തിക്തവുമായ അനുഭവങ്ങളുടെ അക്ഷരാവിഷ്‌കാരം. അതിന്റെ ശബ്ദരൂപം. ഇതു നിങ്ങള്‍ക്ക് അംഗീകരിക്കാം, അംഗീകരിക്കാതിരിക്കാം. വിശ്വസിക്കാം, അവിശ്വസിക്കാം. രണ്ടായാലും നിങ്ങളുടെ പ്രതികരണങ്ങള്‍ ക്ഷണിക്കുന്നു. സര്‍വ്വശക്തന്‍ നമുക്കേവര്‍ക്കും നേര്‍വഴി കാണിച്ചുതരട്ടെ എന്ന പ്രാര്‍ത്ഥനയോടെ.
പി.കെ. ഹാശിം
കൊച്ചി
01/09/2021