ഇസ്‌ലാമില്‍ ബിദ്ഇകളുടെ പദവിയും സ്ഥാനവും

1. ബിദ്ഇകള്‍ - അവര്‍ മുസ്‌ലിംകളല്ല, മുഹമ്മദ് (സ) അവരുടെ നബിയുമല്ല

തങ്ങളുടെ മതത്തില്‍ ഭിന്നതയുണ്ടാക്കുകയും, കക്ഷികളായിത്തീരുകയും ചെയ്തവരാരോ അവരുമായി നിനക്ക് യാതൊരു ബന്ധവുമില്ല. അവരുടെ കാര്യം അല്ലാഹുവിങ്കലേക്ക് തന്നെയാണ് (മടക്കപ്പെടുന്നത്.) അവര്‍ ചെയ്തു കൊണ്ടിരുന്നതിനെപ്പറ്റി അവന്‍ അവരെ അറിയിക്കും.'' (അന്‍ആം -159)

ബിദ്അത്തിന്റെ മൂന്നു തിന്മകളാണ് ഈ സൂക്തത്തില്‍ പറയുന്നത്:

1. അവര്‍ മതത്തില്‍, അല്ലെങ്കില്‍ സമുദായത്തില്‍ ഭിന്നതയുണ്ടാക്കും. അതായത്, മുസ്‌ലിം സമൂഹത്തില്‍ ആദര്‍ശപരവും സാമുദായികവുമായ പിളര്‍പ്പുണ്ടാക്കും.

2. അവര്‍ തന്നെയും വിവിധ കക്ഷികളായി പിരിയും.

3. അവര്‍ ഇസ്‌ലാമില്‍ നിന്നു പുറത്തുപോകും.

ഇത് ഐഹിക ജീവിതത്തില്‍ അവരുണ്ടാക്കുന്ന തിന്മകളാണ്. അവര്‍ക്കു തൗബ നിഷേധിക്കപ്പെടുകയും പരലോകജീവിതത്തില്‍ റസൂല്‍ (സ)യുടെ ശഫാഅത്തില്‍നിന്നു തടയപ്പെടുകയും അങ്ങനെ നരകത്തിനര്‍ഹരാവുകയും ചെയ്യും. കമേണ അവര്‍ മുശ്‌രിക്കുകളായി മാറും. ദീനില്‍ പിളര്‍പ്പും ഭിന്നിപ്പുമുണ്ടാക്കുന്നവരും മുശ്‌രിക്കുകളുടെ കൂട്ടത്തില്‍ പെടും:

''നിങ്ങള്‍ ബഹുദൈവാരാധകരുടെ കൂട്ടത്തിലായിപ്പോകരുത്. അതായത്, തങ്ങളുടെ മതത്തെ ഛിന്നഭിന്നമാക്കുകയും, പല കക്ഷികളായി തിരിയുകയും ചെയ്തവരുടെ കൂട്ടത്തില്‍. ഓരോ കക്ഷിയും തങ്ങളുടെ പക്കലുള്ളതില്‍ സന്തോഷമടയുന്നവരത്രെ.'' (അര്‍റൂം/31-32)

2. ഈ സമൂദായം ഒന്നേയുള്ളൂ, ബിദ്ഇകള്‍ അതിനു പുറത്താണ്

''(മനുഷ്യരേ,) തീര്‍ച്ചയായും ഇതാണ് നിങ്ങളുടെ സമുദായം. ഏകസമുദായം. ഞാന്‍ നിങ്ങളുടെ രക്ഷിതാവും. അതിനാല്‍ നിങ്ങള്‍ എന്നെ ആരാധിക്കുവിന്‍.'' (അല്‍അന്‍ബിയാഅ് 92)

അതിനാല്‍ ഈ സമുദായത്തെ ഭിന്നിപ്പിക്കാനോ ഇതില്‍ പിളര്‍പ്പുണ്ടാക്കാനോ ശ്രമിക്കുന്നവര്‍ ഈ സമുദായത്തെ ദ്രോഹിക്കുന്നവരാണ്. ഒരു രാജ്യത്തെ സംബന്ധിച്ചിടത്തോളം അതിലെ രാജ്യദ്രോഹി എന്താണോ ഈ സമുദായത്തെ സംബന്ധിച്ചിടത്തോളം അത്തരം രാജ്യദ്രോഹികള്‍ക്കു തുല്യരാണ് അവര്‍.

3. ബിദ്ഇകള്‍ ഈ സമുദായത്തിലെ മുശ്‌രിക്കുകള്‍

ബിദ്ഇകള്‍ മുശ്‌രിക്കുകള്‍ക്കു തുല്യമാണ്. അഥവാ അവര്‍ ഈ സമുദായത്തിലെ മുശ്‌രിക്കുകളാണ്. ഈ സമുദായത്തില്‍ മുശ്‌രിക്കുകള്‍ ആരാണ് എന്ന ചോദ്യത്തിനു മറുപടിയായി നബി (സ) പറഞ്ഞു,

''അവര്‍ ഈ സമുദായത്തിലെ ബിദ്ഇകളാണ്. അവര്‍ക്കു തൗബയില്ല. ഞാന്‍ അവരെ സംബന്ധിച്ചിടത്തോളം നിരപരാധിയാണ്.'' (ബൈഹഖി, ഇബ്‌നു അബീ ഹാതിം, ത്വബറാനി)

അവര്‍ പിഴച്ചുപോയതിന് ഉത്തരവാദി നബി(സ)യല്ല എന്നര്‍ത്ഥം.

4. വിശ്വാസിക്കു നേര്‍വിപരീതമാണ് ബിദ്ഇ

തെറ്റുപറ്റിയ വിശ്വാസി കൂടുതല്‍ മുന്‍കരുതലുള്ളവനാവും. അവന്‍ തൗബ ചെയ്തു കൂടുതല്‍ വിശ്വാസിയാവുകയാണ് ചെയ്യുക. എന്നാല്‍ മുബ്തദിഅ് ഇബ്‌ലീസിനെപ്പോലെ അഹങ്കാരിയും ധിക്കാരിയുമാണ്. തെറ്റുപറ്റിയാല്‍ അവന്‍ സമ്മതിക്കില്ല. തെറ്റു തിരിച്ചറിയാന്‍ അല്ലാഹു അവനെ കടാക്ഷിക്കുകയുമില്ല. കാരണം, അവന്‍ മനുഷ്യരൂപത്തിലുള്ള ഇബ്‌ലീസ് ആണ്. ഒരിക്കലും തെറ്റു തിരിച്ചറിയാന്‍ ശ്രമിക്കുകയോ അതു സമ്മതിക്കുകയോ ചെയ്യാത്തതിനാലാവാം അവനു തൗബയില്ലാത്തത്. പ്രവാചകന്റെ ഹദീഥില്‍നിന്ന് അതു സുവ്യക്തമാണ്. തൗബ ചെയ്താല്‍ ശിര്‍ക്കുപോലും പൊറുക്കപ്പെടുമെങ്കില്‍ എന്തുകൊണ്ട് ബിദ്അത്തിനു തൗബയില്ല എന്ന കാര്യം ചിന്തിക്കേണ്ടതുണ്ട്‌. ഒരു തരിമ്പുപോലും കിബ്ര്‍ അല്ലാഹു ക്ഷമിക്കുകയില്ല എന്നതുകൊണ്ടുതന്നെ. അല്ലാഹുവിനോടും അവന്റെ റസൂലിനോടുമുള്ള ധിക്കാരമല്ലേ ബിദ്അത്ത്. അവര്‍ നിര്‍ദേശിച്ചതൊന്നും പോരാ, ദീന്‍ പൂര്‍ത്തിയായില്ല, ദീനിലെ പ്രഖ്യാപിത ആചാരനുഷ്ഠാനങ്ങളൊന്നുംപോരാ എന്ന നാട്യത്തില്‍ നിന്നല്ലേ ബിദ്അത്തിന്റെ പിറവി?

ശിര്‍ക്കിനോളം തന്നെ ബിദ്അത്തിനെയും നബി (സ) ഭയപ്പെട്ടിരുന്നു

ജുമുഅയും അതിന്റെ ഖുത്വ്ബയും ആംരംഭിച്ച പ്രഥമ ദിവസം മുതല്‍ പ്രവാചകന്‍ സമുദായത്തിനു മുന്നറിയിപ്പു നല്കിയതു ബിദ്അത്തിനെക്കുറിച്ചായിരുന്നു. അന്ന് ദീനില്‍ ബിദ്അത്തു കൊണ്ടുവരാന്‍ ധൈര്യമുള്ളവരാരുമില്ല, അത്തരമൊരു സാഹചര്യവുമില്ല, എന്നിട്ടും പ്രവാചകന്‍ ഇത് ഓരോ പ്രഭാഷണത്തിലും ഈരണ്ടു തവണ വീതം ആവര്‍ത്തിച്ചു മുന്നറിയിപ്പു നല്കിയെങ്കില്‍ അതില്‍നിന്നു മനസ്സിലാക്കേണ്ടത് ഭാവിയില്‍ വരാന്‍ പോകുന്ന ബിദ്ഈയായ കാര്യങ്ങളെക്കുറിച്ചും അതു കൊണ്ടുവരുന്ന വ്യക്തികളെയും അതിനിരയാകുന്ന സമൂഹങ്ങളെയും കുറിച്ചും അദ്ദേഹത്തിന് അല്ലാഹു വേണ്ടപോലെ മുന്നറിവു നല്കിയിരുന്നുവെന്നാണ്.

ഇബ്‌ലീസിന്റെ ഇരകള്‍

പാമരന്മാരും പണ്ഡിതന്മാരും ഒന്നുപോലെ ബിദ്അതിന് ഇരയാവുമെങ്കിലും ഒരു ബിദ്അത്ത് ആദ്യമായി തുടങ്ങിവെക്കുന്നവനും അത് അന്ധമായി അനുകരിക്കുന്നവനും തമ്മില്‍ വ്യത്യാസമുണ്ട്. ഈ വ്യത്യാസം അതിന്റെ പാപത്തിലും പ്രതിഫലത്തിലും (ശിക്ഷയിലും) ഒരുപോലെ പ്രതിഫലിക്കും. മറ്റൊരു വാക്കില്‍ പറഞ്ഞാല്‍ കള്ളപ്രവാചകന്മാരും ബിദ്ഇകളും ഒരു കണക്കിനു തുല്യരാണ്. അവര്‍ ഇല്ലാത്തത് മനപ്പൂര്‍വ്വം കെട്ടിച്ചമച്ചു പറയുകയും കുറ്റകൃത്യമാണ് ചെയ്യുന്നതെന്ന പൂര്‍ണ ബോധ്യത്തോടെ ദീനിലേക്ക് അതിലില്ലാത്തത് ഉണ്ടെന്ന് ആരോപിച്ചു കടത്തിക്കൂട്ടുകയുമാണ് ചെയ്യുന്നത്. മുബ്തദിഉകള്‍ (ബിദ്ഇകളെ അന്ധമായി അനുകരിക്കുന്ന അനുയായികളെക്കുറിച്ചല്ല,

യഥാര്‍ത്ഥ ബിദ്ഇകള്‍ - അവരുടെ അണികളെക്കുറിച്ച് ഞാന്‍ ഈ വാക്കു പറയില്ല) അതു ബോധപൂര്‍വ്വം കടത്തിക്കൂട്ടുകയും പ്രചരിപ്പിക്കുകയും പിന്തുടരുകയും ചെയ്യുന്നവര്‍ ഒരുപക്ഷേ, യഥാര്‍ത്ഥത്തില്‍ അവിശ്വാസികളോ കപടവിശ്വാസികളോ മുശ്‌രിക്കുകളോ പോലുമായിരിക്കാം.

സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ശിര്‍ക്കിന്റെ കെണിയില്‍നിന്നു രക്ഷപ്പെടുന്നതിനെക്കാള്‍ പ്രയാസമാണ് ബിദ്അത്തില്‍നിന്നു രക്ഷപ്പെടുക എന്നത്. കാരണം, ശിര്‍ക്ക് മതത്തിന്റെ പുറത്താണ്. എന്നാല്‍, ബിദ്അത്ത് അതിനകത്താണ് ആവിഷ്‌കരിക്കപ്പെടുന്നതും നടപ്പാക്കപ്പെടുന്നതും. മതത്തിന്റെ മര്‍മ്മത്തെ ബാധിക്കുന്ന കാന്‍സര്‍ ആണ് ബിദ്അത്ത്. ബിദ്അത്ത് അതുകൊണ്ടുതന്നെ മതത്തിന്റെ ഭാഗമാണെന്നു ജനം തെറ്റുധരിക്കാന്‍ വളരെയേറെ സാധ്യതയുണ്ട്. ''പക്ഷേ, അക്രമം പ്രവര്‍ത്തിച്ചവര്‍ യാതൊരു അറിവുമില്ലാതെ തങ്ങളുടെ തന്നിഷ്ടങ്ങളെ പിന്‍പറ്റിയിരിക്കയാണ്. അപ്പോള്‍ അല്ലാഹു വഴിതെറ്റിച്ചവരെ ആരാണ് സന്മാര്‍ഗത്തിലാക്കുക?'' (അര്‍റൂം 29)