നമ്മുടെ വഴി നാം തന്നെ കണ്ടെത്തുക

ഇപ്പറഞ്ഞതിനര്‍ത്ഥം എല്ലാ സംഘടനകളും ഒരുപോലെയാണെന്നല്ല, അറിയാതെയും ഈ ബിദ്അത്തില്‍ പെട്ടുപോയവരുണ്ട്. മുമ്പ് സംഘടയുണ്ടാക്കി ഈ ബിദഅത്ത് ഉദ്ഘാടനം ചെയ്ത ബിദ്ഈ പിതാക്കളെയും പ്രപിതാക്കളെയും അന്ധമായി അനുകരിക്കുക മാത്രമാണവര്‍ ചെയ്ത കുറ്റം. അവരില്‍ ഈയൊരു പിഴവേയുള്ളൂ. ബാക്കി കാര്യങ്ങളില്‍ പരിഗണനീയമായ പ്രവര്‍ത്തനങ്ങള്‍ അവയില്‍ ചിലതൊക്കെ കാഴ്ച്ച വെക്കുന്നുണ്ട് എന്നതു കാണാതിരുന്നുകൂടാ. അവയുടെ കണക്ക് സംഘടനകളുടെയും ലോകമാന്യതയുടെയും ഗണത്തില്‍ പെടാതിരിക്കട്ടെ എന്നു പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. മദ്ഹബുകളെ പിന്തുടരുന്നവര്‍ മാത്രമല്ല അന്ധമായി അനുകരിക്കുന്നവര്‍. ഇന്നു സംഘടനാനേതൃത്വത്തെ പിന്തുടരുന്നവരും അത്തരം ആക്ഷേപത്തിന് അര്‍ഹമായ ഘടകങ്ങളില്‍നിന്ന് ഒട്ടും അകലെയല്ല. എന്നാല്‍ അവസാനം പറഞ്ഞ കൂട്ടരിലാണ് തഖ്‌ലീദിനു കൂടുതല്‍ തീവ്രത കാണുന്നത്. മദ്ഹബുകളുടെ പേരില്‍ ഇന്നു കലഹിക്കാനാരുമില്ല. മാത്രമല്ല പല മദ്ഹബുകാരും പരസ്പരം സഹകരിച്ചു പ്രവര്‍ത്തിക്കുന്നുണ്ട്. എന്നിട്ടും ഇപ്പോഴും മദ്ഹബുകളെ പോസ്റ്റ് മോര്‍ടെം ചെയ്യുവാനാണ് ചിലര്‍ക്കു താല്‍പര്യം. അവര്‍ നന്മയുള്ളവരല്ല, ഒരുതരം പിതൃഹത്യ നടത്തുന്നവരാണവര്‍.

എന്നാല്‍ സംഘടനകളുടെ പേരില്‍ കലഹം നിത്യമാണ്. റൂഹ് തൊണ്ടക്കുഴിയിലെത്തിയാലും അവര്‍ മതപരമായി പരസ്പരം സഹകരിക്കുകയില്ലെന്ന വാശിയിലാണ്.

എന്നാല്‍, രാഷ്ട്രീയമായി അവര്‍-അതായത് വിദ്യാഭ്യാസ കച്ചവടത്തിലും മറ്റും - സഹകരിക്കാന്‍ തയ്യാറാകുന്നുമുണ്ട്. അത് ലക്ഷങ്ങള്‍ കൈക്കൂലി വാങ്ങി അധ്യാപകരെ നിയമിക്കാനും വിദ്യാര്‍ത്ഥികളില്‍നിന്ന് ക്യാപിറ്റേഷന്‍ ഫീസ് എന്ന നിലക്കും മറ്റു കാക്കത്തൊള്ളായിരം പേരുകളിലും വേറെയും പണം തട്ടിപ്പറിക്കാനും മുഴുവന്‍ സംഘടനകളും ഒത്തൊരുമയോടെ പ്രവര്‍ത്തിക്കുന്നുമുണ്ട്. അതായത് സംഘടനകള്‍ കൊടിയ പാപങ്ങളില്‍ പരസ്പരം സഹകരിക്കുന്നു. നന്മയുടെ കാര്യം വരുമ്പോള്‍ മാത്രം അവര്‍ പരസ്പരം വിയോജിക്കുകയും ചെയ്യുന്നു. കള്ളുകുടിയില്‍ ഹിന്ദുവും മുസ്‌ലിമും ക്രിസ്ത്യാനിയും സഹകരിക്കുന്നതുപോലെയാണിത്. അതൊന്നും നിങ്ങളുടെ അനിസ്‌ലാമിക സ്വഭാവത്തിനോ അസഹിഷ്ണുതക്കോ ബിദ്ഈ പ്രവണതക്കോ പരിഹാരമാകുന്നില്ല.

ഇവിടെയാണു നാം ചിന്താസ്വാതന്ത്ര്യം നേടേണ്ടത്. സംഘടനകളാകുന്ന ബിദ്അത്തുകള്‍ ഒഴിവാക്കി അല്‍ജമാഅത്ത് ആകുന്ന സുന്നത്തിലേക്കു തിരിച്ചുപോകേണ്ടത്. സമുദായത്തിന്റെ ഐക്യവും അല്‍ജമാഅത്തും മുറുകെ പിടിക്കണമെന്നത് ഒട്ടും തര്‍ക്കമില്ലാത്ത വിഷയമാണ്. അതിനെ തുരങ്കംവെച്ചു വിഭാഗീയ സംഘടനകള്‍ രൂപീകരിക്കുകയും ഫിര്‍ഖത്തിനും ള്വലാലത്തിനും ബിദ്അത്തിനും ചൂട്ടുപിടിക്കുകയും ചെയ്യുന്നത് എത്ര വാശിയോടെയാണ്. ഉമര്‍ (റ) ഇന്നു ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ ഇവരുടെയൊക്കെ പിടലിക്കു വാള്‍ വീഴുമായിരുന്നു.

ഇവിടെയാണ് ഇവരെ പാട്ടിനുവിട്ടു വിശ്വാസികള്‍ വ്യക്തികള്‍ എന്ന നിലക്ക് സംഘടനകളെ മറികടന്ന് കര്‍മ്മനിരതാരാവേണ്ട അവസരം - ജീവിച്ചിരിക്കെ തന്നെ ധര്‍മ്മസമരത്തില്‍ മരിച്ചവരെക്കാള്‍ നൂറിരട്ടി പ്രതിഫലവുമായി ജീവിച്ചിരിക്കുന്ന ശുഹദാഅ് ആവാന്‍ ഏറ്റവും നല്ല അവസരം!

മന്‍ അഹ്‌യാ സുന്നത്തീ ഇന്‍ത ഫസാദി ഉമ്മത്തീ ഫലഹു അജ്‌റു മിഅ്ത ശഹീദിന്‍.

(എന്റെ സമുദായം നാശോന്മുഖമാകുന്ന കാലത്ത് എന്റെ ചര്യയെ സജീവമാക്കുന്നവനു നൂറ് രക്തസാക്ഷിയുടെ കൂലിയുണ്ട്.)

സംഘടനകള്‍ ഒരുമിച്ചുകൂടി അവരുടെ ഇജ്മാഓടെ ഈ ഹദീസ് ദുര്‍ബലമാക്കുന്നതിനു മുമ്പായി സമുദായം ഉണര്‍ന്നു പ്രവര്‍ത്തിക്കുമോ? ഇല്ലെങ്കില്‍ അവര്‍ ഈ ഹദീസിന്റെ പേരില്‍ പോലും ആശക്കുഴപ്പമുണ്ടാക്കും. ഈ ഹദീസിന്റെ പേരിലും ഇബ്‌ലീസ് എവിടെയെങ്കിലുമൊക്കെ അവര്‍ക്കുവേണ്ടി ചക്കര തോണ്ടിവെക്കും.

ഇസ്‌ലാമില്‍ ഈ രക്തരഹിത വിപ്ലവത്തിനു സമുദായം ഒന്നടങ്കം സന്നദ്ധരാവേണ്ട സമയമാണിത്. അതിനാല്‍ ആലോചിച്ചു പ്രവൃത്തിക്കൂ, പിശാച് തീര്‍ത്ത വിഭാഗീയ സംഘടനകളാകുന്ന ഈ വലക്കണ്ണികള്‍ ഭേദിച്ചു നമുക്ക് അല്‍ജമാഅത്തിലേക്കു തിരികെപ്പോകാം - ശരിയായ ഇസ്‌ലാമിലേക്ക്. എല്ലാ മുസ്‌ലിംകളെയും നമുക്ക് ഒന്നായിക്കാണാം. ഇസ്‌ലാമിനെ നമ്മുടെ ഏക സമാജമായും. അങ്ങനെ നബിയുടെ ചര്യയെ നമുക്കു പുനര്‍ജ്ജീവിപ്പിക്കാം.

തീര്‍ച്ചയായും പിശാചിന്റെ സൈന്യം അതിശക്തമാണ്. അവര്‍ ഒറ്റക്കെട്ടായി നമ്മെ ആക്രമിക്കുകയും ബഹിഷ്‌കരിക്കുകയും അപകീര്‍ത്തിപ്പെടുത്തുകയും പുച്ഛിച്ചുതള്ളുകയും വിവരം കെട്ടവരുടെ ഒരു കൂട്ടമെന്നും ആറാം നൂറ്റാണ്ടുകാരെന്നും കളിയാക്കുകയും ചെയ്യും:

''ഇന്നഹും ല ശിര്‍ദിമതുന്‍ ഖലീലൂന്‍!''

(വളരെച്ചെറിയ ഒരു ന്യൂനപക്ഷം!) അവര്‍ പറയും, വരൂ, അവരുടെ കഥ കഴിക്കാം.

യഥാര്‍ത്ഥ മുസ്‌ലിംകളാണെങ്കില്‍ വളരെച്ചെറിയ ഒരു ന്യൂനപക്ഷം മതി. ഇരുട്ടെത്രയുണ്ടെങ്കിലും സൂര്യന്‍ ഒന്നേ വേണ്ടൂ. ശരിയായ വെളിച്ചത്തില്‍ അഭാവത്തില്‍ ഇരുട്ട് എത്ര രൂക്ഷമായാണ് അതിന്റെ സാമ്രാജ്യം വിസ്തൃതികൂട്ടി മുന്നേറുന്നതും അടക്കിപ്പിടിച്ചു ഭദ്രമാക്കിവെക്കുന്നതും. അത് എപ്പോഴും വെളിച്ചത്തോടു വീറും വാശിയുമേറിയ യുദ്ധത്തിലാണ്.

സൂര്യന്‍ ആരോടെങ്കിലും യുദ്ധം ചെയ്യുന്നുണ്ടോ, അത് ഉദിക്കുക മാത്രം ചെയ്യുന്നു. ആ ഉദയത്തോടെത്തന്നെ ഇരുട്ടുനീങ്ങുന്നു. വിശ്വാസത്തിന്റെ സൂര്യന്‍ മനസ്സില്‍ ജ്വലിച്ചു നില്‍പ്പുണ്ടെങ്കില്‍ ഇരുട്ടിന്റെ മഹാസാമ്രാജ്യങ്ങള്‍ എത്രയാണെങ്കിലും നാം ഭയപ്പെടേണ്ടതില്ല. നമ്മുടെ സാന്നിധ്യം തന്നെ അവയെ ഇല്ലാതാക്കും. മഞ്ഞുരുകിപ്പോകും പോലെ സ്വയം പേടിച്ചുരുകി അവ ഇല്ലാതാവും. അങ്ങനെയല്ലെങ്കില്‍? നമുക്കു പോകാം, വഴിമാറാം, മറ്റൊരു ജനത നമ്മുടെ പിറകേ വരും. അവര്‍ നമ്മെപ്പോലെ ഭീരുക്കളാവില്ല, ആരുടെ മുമ്പിലും ചൂളുകയില്ല.

''സത്യവിശ്വാസികളേ, നിങ്ങളില്‍ ആരെങ്കിലും തന്റെ മതത്തില്‍നിന്ന് പിന്തിരിയുന്ന പക്ഷം അല്ലാഹു ഇഷ്ടപ്പെടുന്നവരും, അല്ലാഹുവെ ഇഷ്ടപ്പെടുന്നവരുമായ മറ്റൊരു ജനവിഭാഗത്തെ അല്ലാഹു പകരം കൊണ്ടുവരും. അവര്‍ വിശ്വാസികളോട് വിനയം കാണിക്കുന്നവരും, സത്യനിഷേധികളോട് പ്രതാപം പ്രകടിപ്പിക്കുന്നവരുമാകും. അവര്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമരത്തില്‍ ഏര്‍പെടും. ഒരു ആക്ഷേപകന്റെ ആക്ഷേപവും അവര്‍ ഭയപ്പെടുകയില്ല.'' (അല്‍മാഇദ 54)

- അതെ, സത്യവിശ്വാസികളോട് അവര്‍ വിനയം കാണിക്കും. - അവിശ്വാസികള്‍ക്ക് അവരുടെ പ്രതാപം അവര്‍ ബോധ്യപ്പെടുത്തും.
- ലോകം തങ്ങളെക്കുറിച്ച് എങ്ങനെ വിലയിരുത്തുന്നുവെന്ന് നോക്കാതെ അവര്‍ മുന്നോട്ടുപോകും.
- കാരണം, അവര്‍ സത്യത്തിലാണെന്ന് അവര്‍ക്കറിയാം.
- സര്‍വ്വോപരി, അവര്‍ അല്ലാഹുവെ ഇഷ്ടപ്പെടും. അല്ലാഹു അവരെ തിരിച്ചും ഇഷ്ടപ്പെടും.
- അതുകൊണ്ടുതന്നെ അവര്‍ക്കു ഭയപ്പെടാനൊന്നുമില്ല.

സംഘടനകള്‍ നമ്മുടെ ഒരുപാടു കണ്ണീരും വിയര്‍പ്പും ചോരയും കുടിച്ചു കഴിഞ്ഞു. ഈ സമുദായത്തെ തലയില്ലാത്ത ആള്‍ക്കൂട്ടമാക്കിയത് അവരാണ്. നമ്മുടെ ചെറുപ്പക്കാരെ തീവ്രവാദികളാക്കുന്നത് അവരാണ്. അവരുടെ നിസ്വാര്‍ത്ഥമല്ലാത്ത 'തസ്‌കിയത്തും തര്‍ബിയത്തു'മൊക്കെ നമ്മെ ഹിപ്‌നോട്ടൈസ് ചെയ്ത് പിശാചിന് അടിമപ്പെടുത്തുന്ന 'തഫ്‌രിഖത്തി'ലേക്കു നയിക്കുന്നതായിരുന്നു. നാം അറിയാതെ അവര്‍ നമ്മുടെ ചുണ്ടുകളില്‍ 'അസ്വബിയ്യത്തി'ന്റെ വിഷം പുരട്ടുകയായിരുന്നു.

അതിനാല്‍, ഈ ഔസാറുകളെ (വിഴുപ്പുഭാണ്ഡങ്ങളെ) വിട്ട് ഇസ്‌ലാമിന്റെ സാഹോദര്യത്തിലേക്കു നീങ്ങാം. പരസ്പരം സലാം പറയരുതെന്നു പഠിപ്പിക്കുന്ന ഈ ഇബ്‌ലീസിന്റെ ഈറ്റില്ലങ്ങള്‍ വെടിയുക. അവര്‍ പുതിയ ജാതി നിര്‍മ്മിക്കുകയും പുതിയ തൊട്ടുകൂടായ്മകള്‍ പ്രഖ്യാപിക്കുകയും ചെയ്യുന്നു. അങ്ങനെ സമുദായത്തെ ഓരോരുത്തരും ഓരോ വളപ്പുകളില്‍ തളച്ചിട്ടു. മുസ്‌ലിംകളുടെ പൊതുശത്രുവിനോട് ഇപ്പോള്‍ ഓരോ സംഘടനയും കുരയ്ക്കുന്നുണ്ട്. പക്ഷേ, അതാതു കൂട്ടരുടെ യജമാനന്മാരുടെ പറമ്പില്‍തന്നെ നിലയുറപ്പിച്ചാണെന്നു മാത്രം.

ഇതു നമ്മുടെ ശക്തിയും ദൃഢനിശ്ചയവും പുറത്തെടുക്കേണ്ട കാലമാണെങ്കില്‍ അവര്‍ പുറത്തുകാണിക്കുന്നതു നമ്മുടെ അന്തച്ഛിദ്രതയും ദൗര്‍ബല്യവുമാണ്. തുടങ്ങും മുമ്പേ തോല്‍വി സമ്മതിച്ച ഒരു പോരാട്ടത്തിനൊരുങ്ങുന്നതിലും നല്ലത് ആ യുദ്ധം തുടങ്ങാതിരിക്കുന്നതാണ്. ശേഷിക്കുന്നത് ഏകാന്ത ജീവിതമോ പലായനമോ ആണ്. രണ്ടും നമുക്കു പാടില്ല; ഇടവുമില്ല. അതിനാല്‍ അതിജീവനത്തിന്റെയും പോരാട്ടത്തിന്റെയും വഴി മാത്രമാണ് ശേഷിക്കുന്നത്. നമ്മുടെ ശത്രു പുറത്താണെന്ന ചിന്ത വേണ്ട. അതു ഭൂരിപക്ഷ സമൂഹമോ ന്യൂനപക്ഷ സമൂഹമോ അല്ല. അത് നമുക്കകത്തു തന്നെയാണ്. പുറത്തെ ശത്രു ദുര്‍ബലമായ ഒരനുഭവമാണെങ്കില്‍ അകത്തെ ശത്രു നമ്മുടെ സുനിശ്ചിതമായ വിജയത്തെ സംബന്ധിച്ച കടുത്ത ആശങ്കയാണ്. ഈ ശങ്ക മാറി, ദൃഢവിശ്വാസത്തിലേക്കു കടക്കുമ്പോഴേ നാം യഥാര്‍ത്ഥ പോരാളികളാവുകയുള്ളൂ.

വാളും വധവുമില്ലാത്ത ഒരു സമരത്തിലാണു നാം. ബിദ്ഈ സംഘടനകളില്‍നിന്ന് ഇസ്‌ലാമിനെ മോചിപ്പിക്കുകയും അല്‍ജമാഅത്ത് പുനസ്ഥാപിക്കുകയുമാണ് നമ്മുടെ ലക്ഷ്യം. അത് യഥാര്‍ത്ഥ സുന്നതിന്റെ സംസ്ഥാപനത്തിലൂടെ മാത്രമേ സാധ്യമാകൂ.

യഥാര്‍ത്ഥ സുന്നത്ത് എന്നാല്‍ നബി (സ) കാണിച്ചുതന്ന ഇസ്‌ലാമിന്റെ യഥാര്‍ത്ഥ പാത തന്നെയാണ്. അതല്ലാത്ത മറ്റൊന്നും ദീന്‍ ആവുകയില്ല. ജാത്യന്ധന്മാരായ മതസംഘടനകള്‍ നമ്മുടെ മുമ്പില്‍ വരച്ചുകാണിക്കുന്ന, അവര്‍ കണ്ടിട്ടില്ലാത്ത ആനയല്ല അത്. നാം ആ ചിത്രം ഖുര്‍ആനില്‍നിന്നും തിരുചര്യയില്‍നിന്നും പുതുതായി വരച്ചെടുക്കേണ്ടിയിരിക്കുന്നു. അതാണ് "എന്റെ സുന്നത്ത്" എന്നതുകൊണ്ട് നബി ലക്ഷ്യമാക്കിയത്. അതായത്, ബിദ്അത്ത് കലരാത്ത യഥാര്‍ത്ഥ നബി ചര്യ.

ദൗര്‍ഭാഗ്യവശാല്‍ ഇത് പല ജാതി ബിദ്അത്തുകളുടെയും യുഗമാണ്. ചിലത് ആചാരപരം, ചിലത് ആരാധനാപരം, ചിലത് ഈ സമുദായത്തിന്റെ നട്ടെല്ലും ചട്ടക്കൂടുമെല്ലാം ഉള്‍ക്കൊള്ളുന്ന ഘടനയില്‍ കാലാന്തരത്തില്‍ സംഭവിച്ച കൂട്ടിച്ചേര്‍ക്കലും മാറ്റിമറിക്കലും ചില ഒഴിവാക്കലും മാറ്റിവെക്കലുകളുമൊക്കെയാണ്. എല്ലാത്തിന്റെയും അടിസ്ഥാനം നിലവിലുള്ളതു പോരാ, കാലികമല്ല, ദീന്‍ ചില ചില്ലറ പരിഷ്‌കരണങ്ങളൊക്കെ ആവശ്യപ്പെടുന്നു എന്ന തോന്നലുകളാണ്. അത്തരം തോന്നലുകളില്‍നിന്നാണ് വീണ്ടും വീണ്ടും കലിമ ചൊല്ലിക്കൊണ്ട് ബിദ്അത്തുകള്‍ പിറവികൊള്ളുന്നത്. ഈ മുഴുവന്‍ ബിദ്അത്തുകള്‍ക്കുമെതിരെയാണ് നമ്മുടെ പോരാട്ടം. ബിദ്അത്തിന്റെ യുഗത്തില്‍ സുന്നത്ത് മുറുകെ പിടിക്കുന്നവനാണ് യഥാര്‍ത്ഥ മുജാഹിദ്. അഥവാ, യഥാര്‍ത്ഥ ധര്‍മ്മ സേനാനി.

അവനാണ് മുത്തുറസൂല്‍ അരുളിയ ജീവിക്കുന്ന ശഹീദ്. പദവിയില്‍ നൂറ് രക്തസാക്ഷികള്‍ക്കു തുല്യമായവന്‍...

ഈ സമുദായത്തിന്റെ ആദ്യം എങ്ങനെയാണോ നന്നായത് അതുകൊണ്ടു മാത്രമേ അതിന്റെ അവസാനവും നന്നാവുകയുള്ളൂ. അത് പരിശുദ്ധ ഖുര്‍ആനും യഥാര്‍ത്ഥ നബിചര്യയും അക്ഷരംപ്രതി പിന്തുടര്‍ന്നുള്ള ജീവിതമാണ്.