മുസ്‌ലിം സമൂഹത്തിന്റെ അടിസ്ഥാനഘടകമെന്നു പറയുന്നത് മഹല്ലുകളാണ്. നമ്മുടെ സമാജം - അല്‍ജമാഅഃ - അല്‍ഉമ്മതുല്‍മുസ്‌ലിമഃ അവിടെനിന്നാണ് പടുത്തുയര്‍ത്തേണ്ടത്. നമ്മുടെ സംഘടിത ജീവിതത്തിന്റെ ഏറ്റവും ചെറിയ യൂണിറ്റ് അതാണ്. അവിടം മുതല്‍ അപ്രതിരോധ്യമായ, സ്വയം പര്യാപ്തമായ ഒരു കോട്ടപോലെ സമുദായത്തെ കെട്ടിപ്പടുത്തു കൊണ്ടുവരേണ്ടതുണ്ട്. തീര്‍ച്ചയായും അപ്പോള്‍ അതിലെ ഓരോ അംഗവും അവിടെയും സമൂഹത്തിനു പൊതുവെയും വിലപ്പെട്ടതും വേണ്ടപ്പെട്ടവരുമാകും. അതിന് താഴെ പറയുന്ന കാര്യങ്ങള്‍ അനിവാര്യമായും അവിടെ ഏകകണ്ഠമായി നടപ്പാക്കപ്പെടണം.
- മഹല്ലുകള്‍ സംഘടനാ വിമുക്തമാക്കണം. ഇതിനായി സംഘടനകള്‍ കൈയടക്കിയ മഹല്ലിന്റെ ഭരണവും നിയന്ത്രണവും മഹല്ല്
നിവാസികള്‍ ഏറ്റെടുക്കണം. തുടര്‍ന്ന് എല്ലാം ഒന്നില്‍ നിന്നു തുടങ്ങണം. അതായത്,
- അവിടെ നമസ്‌കാരം സംഘടിതമായി നിലനിര്‍ത്തണം.
- സകാത് മഹല്ലടിസ്ഥാനത്തില്‍ സംഘടിതമായി പിരിച്ചു വിതരണം ചെയ്യണം.
- ജുമുഅ, പെരുന്നാള്‍ നമസ്‌കാരങ്ങള്‍ അവിടെ സമാധാനപരമായി പരസ്പരം പുച്ഛിക്കാതെ നടത്തപ്പെടണം.
- അവിടെയാണു നമ്മുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുകയും കേസുകള്‍ തീര്‍പ്പാക്കുകയും ചെയ്യേണ്ടത്.
- നമ്മുടെ പൊതു പ്രശ്‌നങ്ങളും സാധ്യതകളും അവിടെ കൂടിയാലോചിച്ചും ചര്‍ച്ച ചെയ്തും തീരുമാനിക്കണം.
അതില്‍നിന്ന് ആരെയും മാറ്റിനിര്‍ത്തരുത്. ആരെയും നിര്‍ബന്ധിപ്പിച്ചു പങ്കെടുപ്പിക്കുകയും വേണ്ട.
- നമ്മുടെ നാഗരികതയും നാടും വീടും അവിടെയാണ് എങ്ങനെ വിതാനിക്കണമെന്ന് ആസൂത്രണം ചെയ്യപ്പെടേണ്ടത്.
- തീര്‍ച്ചയായും അവിടെ നമ്മുടെ ക്രിയാത്മക വളര്‍ച്ചക്കും അതിന്റെ പ്രകാശനത്തിനുമുള്ള വേദികളും
ഉണ്ടായിരിക്കണം.
- നമുക്കുമേല്‍ ഒരു ഭരണകൂടത്തിന്റെ തണലോ വെയ്‌ലോ ഉണ്ടായാലുമില്ലെങ്കിലും നമുക്ക് എക്കാലവും നമ്മുടെ
സ്വത്വത്തില്‍ നിലനില്‍ക്കാനാവണം.
- അവിടെ സകാതു പിരിക്കാനും അതു കൊടുക്കാനുമല്ലാതെ പ്രത്യേക അംഗത്വത്തിന്റെ ആവശ്യമില്ല. ഇസ്‌ലാമില്‍
ആദ്യമായി പൗരരജിസ്റ്റര്‍ തയ്യാറാക്കിയതുതന്നെ ഈ ആവശ്യത്തിനും റേഷനും പെന്‍ഷനും അനുവദിക്കുന്നതിനുമായിരുന്നു.
രണ്ടാം ഖലീഫ ഉമര്‍ (റ) ന്റെ കാലത്തായിരുന്നു അത്.
- ലോകമുസ്‌ലിം മാഹാസമ്മേളനമാകുന്ന ഹജ്ജിലേക്കുള്ള നമ്മുടെ പ്രതിനിധികള്‍ അവിടെനിന്നു പുറപ്പെടണം.
- ബാഹ്യമായ രാഷ്ട്രീയവും പൊല്ലാപ്പുകളും ഇതര സാമുദായിക - സാമുദായികേതര ഇടപെടലുകളും മറികടക്കത്തക്ക വിധമുള്ള
കെട്ടുറപ്പോടെ വേണം ഈ സംവിധാനം മുന്നോട്ടു കൊണ്ടുപോകേണ്ടത്.
സ്വഭാവികമായ ഈ മഹല്ലുകളും അവയുടെ കൂട്ടായ്മയുമല്ലാതെ മതപരമായ മറ്റൊരു സംഘടിത രൂപത്തിന്റെയും ആവശ്യം നമുക്കില്ല.
ഇസ്‌ലാം സംരക്ഷിക്കപ്പെടണമെന്ന് ആര്‍ക്കെങ്കിലും താല്പര്യമുണ്ടെങ്കില്‍ അവര്‍ മഹല്ലുകളെ ആദര്‍ശഭദ്രമായ അടിത്തറയില്‍ പുനര്‍നിര്‍മ്മിക്കട്ടെ.
ഇതാണ് നമ്മുടെ സ്വപ്‌നം, ഈ സ്വപ്‌നം പുലരാനാണ് നാം കാത്തിരിക്കുന്നത്.
ഇത് ഇന്നത്തെ മതസംഘടനകള്‍കൊണ്ടു കഴിയുമെന്നു തോന്നുന്നുണ്ടോ?
അവര്‍ ഇതിനു സമ്മതിക്കുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?
തലയില്ലാത്ത ആള്‍ക്കൂട്ടങ്ങളെ സൃഷ്ടിക്കാനേ അവര്‍ക്കു കഴിയൂ. എന്താവും അത്തരം ആള്‍ക്കൂട്ടത്തിന്റെ സ്വഭാവം?
അവര്‍ പ്രശ്‌നങ്ങളുണ്ടാക്കും. അതു പരിഹരിക്കുകയില്ല. തീ ആളിക്കത്തിക്കും. അതു കെടുത്താന്‍ അവരെ കാണില്ല. മുസ്‌ലിംകളെ എങ്ങനെയെങ്കിലും കുഴപ്പത്തിലാക്കി അവര്‍ തടിയൂരും. നിരപരാധരായ സ്ത്രീകളെയും കുട്ടികളെയും ശത്രുക്കളുടെ ദയക്കുവിട്ട് അവര്‍ ഒളിച്ചുകഴിയും. എല്ലാത്തിനും അവര്‍ക്കവരുടെ ന്യായങ്ങളും ന്യായീകരണങ്ങളുമുണ്ടാവും. മുസ്‌ലിംകള്‍ ലോകത്തെങ്ങും അപഹസിക്കപ്പെടുന്നതും കൂട്ടക്കൊലകള്‍ക്കിരയാകുന്നതും ഇത്തരം ഫഌന്റ് ഗ്രൂപ്പുകള്‍ കാരണമായാണ്.
വിശ്വാസപരവും സാംസ്‌കാരികവുമായ പ്രതിരോധവും ചെറുത്തുനില്‍പും ഏതു ജനതക്കും - അനിവാര്യഘട്ടങ്ങളില്‍ - ആവശ്യമായേക്കാം. എന്നാല്‍, അംറ് (ആജ്ഞാശക്തി) ഇല്‍മ്, (അറിവ്) ഹിക്മഃ (സമുന്നത വിജ്ഞാനവും തന്ത്രജ്ഞതയും) റുശ്ദ് (വിവേകവും വകതിരിവും) നസ്വീഹഃ (സമുദായത്തോടു പ്രത്യേകിച്ചും മനുഷ്യവര്‍ഗത്തോടു പൊതുവെയുമുള്ള അകൈതവമായ ഗുണ കാംക്ഷ) ഒരുമിച്ചുകൂടിയ ഒരു നേതൃത്വത്തിന്‍ കീഴിലാവണം അവര്‍ കര്‍മ്മരംഗത്തിറങ്ങുന്നത്. അതു പ്രഖ്യാപിത ഭരണകൂടമാകണമെന്നും അവര്‍ക്ക് അതിര്‍ത്തികള്‍ രേഖപ്പെടുത്തിയ പ്രത്യേക നാടുവേണമെന്നുമൊക്കെ പറയുന്നത് തനിച്ച ബിദ്അത്താണ്, ചില പ്രത്യേക സാഹചര്യത്തില്‍ കെട്ടിച്ചമച്ച വ്യാജമാണ്, എന്നല്ല അതിനു പിന്നില്‍ കുറ്റമറ്റ ഇജ്തിഹാദുപോലുമില്ല.
എന്നാല്‍ത്തന്നെയും, എത്രതന്നെ വ്യാജമാണെങ്കിലും സമുദായത്തിന്റെ മസ്വ്‌ലഹത്ത് പരിഗണിച്ചുകൊണ്ടാണ് ഈ അഭിപ്രായമെങ്കില്‍ അതിനു പിന്നിലെ നിഷ്‌കളങ്കമായ സൂക്ഷ്മത - അതിനു പിന്നിലുള്ള വികാരം അതാണെങ്കില്‍ - തള്ളിക്കളയേണ്ട ഒന്നല്ല. കാരണം, പോരാളികള്‍ക്ക് - അവര്‍ ഏതു മതക്കാരായാലും - യുദ്ധം ചെയ്യാന്‍ മാത്രമേ അറിയൂ. അതിനാല്‍, പരിപക്വമായ ഒരു നേതൃത്വം അവരെ നിയന്ത്രിക്കാനും വേണ്ടിവന്നാല്‍ നിലക്കുനിര്‍ത്താനും ആവശ്യമാണ്.
യുദ്ധം ഒരു ശസ്ത്രക്രിയയാണ്, പോരാളികള്‍ അതിന്റെ ശസ്ത്രവും. (ശസ്ത്രം = ആയുധം) അത് ഫലപ്രദമായി എത്രത്തോളം ആഴത്തിലും വ്യാപ്തിയിലും പ്രയോഗിക്കണമെന്നു തീരുമാനിക്കാന്‍ അതിന്റെ ശസ്ത്രക്രിയാവിദഗ്ധര്‍ക്കു മാത്രമേ കഴിയൂ. അതു ശസ്ത്രത്തിനു കഴിയില്ലല്ലോ. അതുകൊണ്ടാണ് വ്യവസ്ഥാപിത നേതൃത്വത്തിന്‍കീഴിലല്ലാതെ ജിഹാദ് ചെയ്യരുതെന്നു പലരും അഭിപ്രായപ്പെടുന്നത്.
മത സംഘടനകള്‍ വ്യവസ്ഥാപിത നേതൃത്വത്തിനു പകരമാകില്ല. പക്ഷേ, ലോകത്തെങ്ങും ഇത്തരം സംഘടനകളാണ് പോരാളികളുടെയും അവരുടെ നേതൃത്വത്തിന്റെയും വേഷത്തില്‍ പ്രത്യക്ഷപ്പെടുന്നത് എന്നത് ദൗര്‍ഭാഗ്യകരമാണ്. ഇവര്‍ ഗുണത്തിലേറെ ദോഷമാണ് മുസ്‌ലിം ലോകത്തിനുണ്ടാക്കുന്നത്. മുസ്‌ലിം കാനേഷുമാരിയനുസരിച്ചു നിലവിലുള്ള രാഷ്ട്രങ്ങളെ വിഭജിച്ച് ഇസ്‌ലാമിന്റെ പേരില്‍ ദേശരാഷ്ട്രങ്ങള്‍ മുറിച്ചെടുക്കാന്‍ ശ്രമിക്കുകയാണ് അവര്‍ ചെയ്യുന്നത്. ഇസ്‌ലാമില്‍ അങ്ങനെയൊരു രാഷ്ട്ര സങ്കല്പമില്ല. മുസ്‌ലിംകള്‍ക്കു മാത്രമായുള്ള ഒരു പ്രത്യേക രാഷ്ട്രമേയല്ല "ഇസ്‌ലാമിക രാഷ്ട്രം" എന്നു പറയുന്നത്.
രാജ്യമെന്നത് മുസ്‌ലിംകളെപ്പോലെത്തന്നെ എല്ലാവര്‍ക്കുമുള്ളതാണ്. എല്ലാ മതങ്ങള്‍ക്കും അവിടെ തുല്യപരിഗണനയാണുള്ളത്. മുസ്‌ലിംകള്‍ക്കു ശരീഅത്ത് ബാധകമാകും എന്നു മാത്രം. അല്ലാത്തവര്‍ക്ക് അവരുടെ യുക്തിസഹമായ മതനിയമവും.
യുദ്ധം തുടങ്ങാന്‍ ഏതു വിഡ്ഡിക്കും കഴിയും. അത് വിജയകരമായി അവസാനിപ്പിക്കാന്‍ ബുദ്ധിയും ക്ഷമയുമുള്ളവര്‍ക്കു മാത്രമേ കഴിയൂ. യുദ്ധം നമ്മുടെയൊരു സ്വപ്‌ന പദ്ധതിയല്ല. അനിവാര്യ സഹാചര്യത്തില്‍ നാം അഭിമുഖീകരിക്കേണ്ട ഒരു യാഥാര്‍ത്ഥ്യമാണത്.
നബിയുടെ കാലത്തും ഒരുപാട് യുദ്ധങ്ങളുണ്ടായി. അതെല്ലാം പ്രതിരോധപരമായിരുന്നു. അതിലൊന്നും തന്നെ ഒരു മുസ്‌ലിംസ്ത്രീയോ ഒരു മുസ്‌ലിംകുഞ്ഞോ ബന്ദിയാകുന്ന അവസ്ഥ വന്നിട്ടില്ല - മുസ്‌ലിംകള്‍ പരാജയപ്പെട്ട ഉഹ്ദില്‍ പോലും. അത്രയേറെ ആസൂത്രണവും സുരക്ഷാപരമായ മുന്‍കരുതലുകളും എടുത്ത ശേഷമാണ് അവര്‍ യുദ്ധത്തിനു തയ്യാറായത്.
ഇപ്പോഴത്തെ അവസ്ഥയില്‍ മുസ്‌ലിംസ്ത്രീകളും കുട്ടികളും ഭീമമായ തോതില്‍ അനാഥമാകുക മാത്രമല്ല, അന്യാധീനമാകുകയും ചെയ്യുന്നു. ഏഷ്യയിലും ആഫ്രിക്കയിലുമായി നിരുത്തരവാദപരമായി ഭരണം നടത്തുന്ന മുസ്‌ലിം ഭരണാധികാരികളോളം തന്നെ മുസ്‌ലിം സംഘടനകളും ഇതില്‍ കുറ്റക്കാരാണ്.
സര്‍വ്വോപരി യുദ്ധം ഒരു ലക്ഷ്യമല്ല, ലക്ഷ്യത്തിലേക്കുള്ള ഒരു മാര്‍ഗം മാത്രമാണ്. യുദ്ധം ഒഴിവാക്കി മറ്റു മാര്‍ഗങ്ങള്‍ തേടുന്നതാണ് എല്ലായ്‌പ്പോഴും കരണീയം. സമാധാനത്തിന്റെ എല്ലാ വഴികളും അടയുമ്പോഴാണ് സായുധ സമരം സാധുവാകുകയുള്ളൂ. ഇപ്പോള്‍ പലരും മറ്റു മാര്‍ഗങ്ങളെക്കുറിച്ചു ചിന്തിക്കാതെ നേരെ സായുധ സമരത്തിലേക്ക് എടുത്തുചാടുകയാണ്. വളരെ വിശദമായി ചര്‍ച്ച ചെയ്യേണ്ട ഒരു വിഷയമായതിനാല്‍ ഇപ്പോള്‍ അതിന്റെ ആഴത്തിലേക്കു കടക്കുന്നില്ല. സംഘടനകള്‍ കാരണം സമുദായങ്ങളും രാഷ്ട്രങ്ങളും പലപ്പോഴും അപകടത്തിലാകുന്നതിനെക്കുറിച്ചു സൂചിപ്പിക്കാനാണ് ഇത്രയും പറഞ്ഞത്.