ഇസ്‌ലാമിക ഭരണകൂടവും, അതിനു പകരമാകാനുള്ള സംഘടനകളുടെ ശ്രമവും

ഇപ്പോള്‍ ലോകം മുഴുവന്‍ മതാടിസ്ഥാനത്തില്‍ ഭരണകൂട പുനര്‍രൂപീകരണത്തെക്കുറിച്ചാണു ചിന്തിക്കുന്നത്. യൂറോപ്പിലെ വലതുപക്ഷ തീവ്രവാദികളും ബ്രിട്ടനിലെയും അമേരിക്കകളിലെയും ഭരണകൂടങ്ങളും അത്ര പ്രത്യക്ഷത്തിലല്ലെങ്കിലും മധ്യപൗരസ്ത്യദേശത്ത് ഇസ്രായേല്‍ വിജയിപ്പിച്ചെടുത്ത മതരാഷ്ട്രഭരണകൂട ശൈലിയിലേക്കു മാറാനാകുമോ എന്ന പരീക്ഷണത്തിലാണ്. അയല്‍പക്കത്തെ മിയാന്മാറും ശ്രീലങ്കയും ഈ ശൈലി ഏതാണ്ട് ഔദ്യോഗികമായി സ്വീകരിച്ചു 'ബുദ്ധിസ്റ്റ് പാക്കിസ്ഥാന്‍' ആയി മാറിക്കഴിഞ്ഞു. ഇന്ത്യയില്‍ ഇപ്പോള്‍ കണ്ടുവരുന്ന കോലാഹലങ്ങളെല്ലാം ഇവിടത്തെ ബഹുഭൂരിപക്ഷത്തെ മതാധിഷ്ഠിത ഭരണകൂട രൂപീകരണത്തില്‍ പങ്കാളിയാക്കുന്നതിലേക്കുള്ള ആട്ടിത്തെളിക്കലുകളുടെ ചാട്ടവാറൊച്ചകളാണ്. അതിന് അവര്‍ ചൂണ്ടിക്കാണിക്കുന്നത് മുസ്‌ലിംകളെയാണ്. ''അല്ലെങ്കില്‍ അവര്‍ നിങ്ങളെ ഭരിക്കും.''

എണ്ണൂറ് കൊല്ലം ഇന്ത്യ ഭരിച്ചിട്ടും ഒരാളെപ്പോലും നിര്‍ബന്ധിച്ചു മതംമാറ്റിയ ചരിത്രമില്ലാത്ത, എക്കാലവും എവിടെയും ന്യൂനപക്ഷമായി തുടരാന്‍ യാതൊരു ഭയവുമില്ലാത്ത ഒരു സമൂഹത്തെ ചൂണ്ടിയാണ് ഇവര്‍ നിങ്ങളെ നിര്‍ബന്ധിച്ചു മതം മാറ്റും, സുന്നത്തു കഴിപ്പിക്കും, പര്‍ദയിടീപ്പിക്കുമെന്നൊക്കെ പറഞ്ഞു ധ്രുവീകരിപ്പിക്കുന്നത്.

മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം ഭരണകൂടം ഒരനിവാര്യ ഘടകമൊന്നുമല്ല. ചില പാശ്ചാത്യപ്രചോദിത സംഘടനകള്‍ അങ്ങനെയൊരു തെറ്റിദ്ധാരണ പരത്തുന്നുണ്ട്. ഇപ്പോഴും ഇസ്‌ലാം പിറവികൊണ്ട പല മുസ്‌ലിം നാടുകളിലെയും മുസ്‌ലിംകളെക്കാളും നല്ല അവസ്ഥയിലാണു നാം. മുസ്‌ലിംകള്‍ക്ക് ഒരു ഭരണകൂടമുണ്ടാകുന്നതിനു നാം എതിരല്ല. മുസ്‌ലിം ഭരണം എന്ന പേരില്‍ ഏകാധിപതികളും സ്വേച്ഛാധിപതികളും പട്ടാള മേധാവികളും മുസ്‌ലിംനാടുകള്‍ പിടിച്ചടക്കി അടക്കിഭരിക്കുന്നതിനോട് നമുക്ക് ഒട്ടും യോജിപ്പുമില്ല. മുസ്‌ലിംകള്‍ ഒരു ഭരണകൂടം കൊണ്ടുനടത്താന്‍ മാത്രം അര്‍ഹത നേടുമ്പോള്‍ അത് അല്ലാഹു തന്നെ അവരുടെ കൈകളില്‍ എത്തിച്ചുകൊടുക്കും എന്നാണു നം മനസ്സിലാക്കുന്നത്. ഖുര്‍ആന്‍ തന്നെ അക്കാര്യം അറിയിക്കുന്നുണ്ട്. സൂറതുന്‍നൂറില്‍ പറയുന്നു:

''നിങ്ങളില്‍നിന്ന് വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്ക് അല്ലാഹു (ഇപ്രകാരം) വാഗ്ദാനം ചെയ്തിരിക്കുന്നു: അവരുടെ മുമ്പുള്ളവര്‍ക്ക് പ്രാതിനിധ്യം നല്‍കിയത് പോലെതന്നെ തീര്‍ച്ചയായും ഭൂമിയില്‍ അവന്‍ അവര്‍ക്ക് പ്രാതിനിധ്യം നല്‍കുകയും, അവര്‍ക്ക് അവന്‍ തൃപ്തിപ്പെട്ട് കൊടുത്ത അവരുടെ മതത്തിന്റെ കാര്യത്തില്‍ അവര്‍ക്ക് അവന്‍ സ്വാധീനം നല്‍കുകയും, അവരുടെ ഭയത്തിനുശേഷം അവര്‍ക്ക് നിര്‍ഭയത്വം പകരം നല്‍കുകയും ചെയ്യും.'' (അന്നൂര്‍ 55)

ഈ സൂക്തം അവതരിക്കുന്നതിനും എത്രയോ മുമ്പുതന്നെ, അതിനര്‍ഹമാകുംവിധം ജീവിതത്തില്‍ ഗുണപരമായ മാറ്റം ഉള്‍ക്കൊള്ളണമെന്നും ആവശ്യമായ ഭൗതികവും ആത്മീയവുമായ യോഗ്യത ആര്‍ജ്ജിക്കണമെന്നുമുള്ള നിബന്ധന സൂറതുര്‍റഅ്ദില്‍ അവതരിച്ചതായി നാം കാണുന്നു,

''ഏതൊരു ജനതയും തങ്ങളുടെ സ്വന്തം നിലപാടുകളില്‍ മാറ്റം വരുത്തുന്നതുവരെ അല്ലാഹു അവരുടെ സ്ഥിതിക്ക് വ്യത്യാസം വരുത്തുകയില്ല; തീര്‍ച്ച.'' (റഅ്ദ് 11)

ഖിലാഫതും മുലൂകിയതും ജനാധിപത്യവും ഏകാധിപത്യവുമായി ഭരണകൂടങ്ങള്‍ വന്നു പോകും. എന്നാല്‍, ഇസ്‌ലാം എക്കാലവും നിലനില്‍ക്കും. അവയില്‍ ചിലത് ഇസ്‌ലാമിനെ പിന്തുണക്കും. ചിലത് മുസ്‌ലിംകളെ അടിച്ചമര്‍ത്താനും ഇസ്‌ലാമിനെ തുടച്ചുനീക്കാനും നോക്കുകയും കുറേ രക്തച്ചൊരിച്ചിലുണ്ടാക്കിയ ശേഷം പരാജയപ്പെട്ടു കാലയവനികയില്‍ മറയുകയും ചെയ്യും. ഇറ്റലിയിലെ ഫാഷിസ്റ്റുകളും ബ്രിട്ടീഷ് സാമ്രാജ്യവും സോവ്യയറ്റ് റഷ്യയിലെ കമ്യൂണിസ്റ്റുകളും നെപ്പോളിയന്റെ കാലം മുതല്‍ക്കുള്ള ഫ്രഞ്ചുകാരും തോറ്റ് ഇല്ലാതായതുപോലെ. ലക്ഷക്കണക്കിന് പണ്ഡിതന്മാരെയും കോടിക്കണക്കിന് വിശ്വാസികളെയുമാണ് അവര്‍ ഈജിപ്തിലും തുര്‍ക്കിയിലും ഫലസ്തീനിലും സിറിയയിലും പേര്‍ഷ്യയിലും ബ്രിട്ടീഷ് ഇന്ത്യയിലും കൊന്നുതള്ളിയത്. ലോകത്തെ ഏറ്റവും വലിയ സാമ്രാജ്യത്വശക്തിയെ പരാജപ്പെടുത്താന്‍ നിരായുധരും നിസ്സഹായരുമായ മുസ്‌ലിംകള്‍ക്ക് വിശ്വാസമല്ലാതെ മറ്റൊരായുധവുമുണ്ടായിരുന്നില്ല. ഖുര്‍ആന്റെ ഒരു കോപ്പിപോലും കാണാന്‍ ഭാഗ്യം ലഭിക്കാതെ അവിടെ മുക്കാല്‍ നൂറ്റാണ്ടുകാലത്തോളം കോടിക്കണക്കിനു മുസ്‌ലിംകള്‍ നരകയാതന അനുഭവിച്ചാണ് വിശ്വാസം കാത്തുസൂക്ഷിച്ചത്. സുനാമിത്തിരകള്‍ അതിന്റെ സമയം കഴിയുമ്പോള്‍ സ്വയം ഇറങ്ങിപ്പോകുന്നതുപോലെയാണ് അവിടങ്ങളില്‍നിന്നെല്ലാം കമ്യൂണിസവും സാമ്രാജ്യത്വവും ഇറങ്ങിപ്പോയത്.

അവരുടെ സഹായത്തിനായി അറേബ്യന്‍ നാടുകളില്‍നിന്നു വന്ന ഏതാനും ചെറുപ്പക്കാരുടെ ശ്രമം നാം വിലകുറച്ചു കാണുന്നില്ല. അവരില്‍ ആരുംതന്നെ വിജയം കാണാതെ ഈ നാടുകള്‍ വിട്ട് ജീവനോടെ മടങ്ങിപ്പോയവരായില്ല. കഴിഞ്ഞ മൂന്നു നൂറ്റാണ്ടുകള്‍ ദര്‍ശിച്ച ഏറ്റവും വലിയ പോരാളികളും രക്തസാക്ഷികളുമായിരുന്നു അവര്‍. അല്ലാഹു അവരെ അനുഗ്രഹിക്കട്ടെ. അവരാരുംതന്നെ ഏതെങ്കിലും മതസംഘടനയുടെ ഭാഗമായിരുന്നില്ല. അവര്‍ ഹൃദയശുദ്ധിയുള്ള വ്യക്തികളായിരുന്നു. ഭൗതികമായി ഒന്നുമില്ലാത്തവരായിട്ടും അല്ലാഹു അവരുടെ കൈയിലൂടെ സമുദായത്തിനു വിജയം നല്കി. അല്‍ഹംദുലില്ലാഹ്.

മുസ്‌ലിംകളുടെ പ്രവര്‍ത്തനത്തെക്കാള്‍ അവരുടെ പ്രാര്‍ത്ഥനയാണ് കമ്യൂണിസ്റ്റുകളെ ഭൂമുഖത്തുനിന്ന് ഉന്മൂലനം ചെയ്തതെന്ന് ഞാന്‍ കരുതുന്നു.

എന്നാല്‍ ഇപ്പോള്‍ പല മതതീവ്രവാദീസംഘടനകളും ചെയ്യുന്നതുപോലെ തങ്ങള്‍ ന്യൂനപക്ഷങ്ങളായ രാഷ്ട്രങ്ങളില്‍ പോലും ബലം പ്രയോഗിച്ചു ഭരണകൂടമുണ്ടാക്കാന്‍ പരിശ്രമിക്കേണ്ടതുണ്ടോ എന്ന ചോദ്യം പ്രസക്തമാണ്. അല്ലാഹുവിന്റെ കൈയില്‍നിന്ന് അവര്‍ ഭരണകൂടം പിടിച്ചുവാങ്ങാന്‍ ശ്രമിക്കുകയാണ്!

മുസ്‌ലിംകളിലെ സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ഭരണകൂടം എന്നത് അതവരുടെ മുഖ്യഅജണ്ടയല്ല എന്നാണു നാം മനസ്സിലാക്കുന്നത്. ഖുര്‍ആനിലെ രണ്ടു സൂക്തങ്ങളുടെ സൂചനയില്‍നിന്ന് നമുക്ക് അങ്ങനെയാണ് മനസ്സിലാകുന്നത്.

''ഇന്നാ ആതൈനാഹുല്‍ മുല്‍ക...'' തീച്ചയായും അദ്ദേഹത്തിനു നാം അധികാരം നല്കി ..'' എന്നാണ് അല്ലാഹു പറയുന്നത്. 'നാം നല്കി'യെന്നാണ് പറഞ്ഞത്. 'അവര്‍ അധികാരം നേടി' എന്നല്ല. ആരതിനുവേണ്ട നിബന്ധനകള്‍ പൂര്‍ത്തിയാക്കുന്നുവോ അല്ലാഹു അവര്‍ക്ക് ആധിപത്യം നല്കുമെന്നാണ് മുകളിലുദ്ധരിച്ച സൂക്തത്തില്‍നിന്നു മനസ്സിലാവുന്നത്. അവിടെ ഉത്തരവാദിത്വബോധമുണ്ടാകും - തന്നവനു തിരിച്ചെടുക്കാനും അവകാശമുണ്ടെന്ന പേടികലര്‍ന്ന ബോധം.

മറ്റൊരിടത്ത്

''ഫലമ്മാ തവല്ലാ...'' എന്നാണ് കാണുന്നത്. 'അധികാരം ഏറ്റെടുത്തപ്പോള്‍' എന്നാണ് ഈ സൂക്തഭാഗത്തിന്റെ ഒരു വ്യാഖ്യാനം. അങ്ങനെയെങ്കില്‍ നാം അതിനെ മനസ്സിലാക്കുന്നത് 'അവര്‍ അധികാരം പിടിച്ചെടുത്തപ്പോള്‍' എന്നാണ്. ഫലമോ!

''അവരുടെ ദുരഭിമാനം അവരെ തെറ്റുചെയ്യാന്‍ പ്രേരിപ്പിക്കുകയും അവര്‍ കൃഷിയും വംശവും നശിപ്പിക്കാന്‍ ഓടിനടക്കുകയും ചെയ്തു'' (അല്‍ബഖറ അധ്യായം).

അവിടെ ഉത്തരവാദിത്വബോധമില്ല. അവനെ സംബന്ധിച്ചിടത്തോളം അധികാരം അവന്‍ പൊരുതി നേടിയതാണ്. അതിനാല്‍ ജനഹിതം മാനിക്കേണ്ടതില്ല, അല്ലെങ്കില്‍ അവനാണ് "വിജയി" എന്നതിനാല്‍ ജനഹിതം അവനനുകൂലമാണ് എന്നാണ് അവന്റെ വ്യാജ നാട്യം. അതായത്, അടുത്ത ''അഞ്ചുകൊല്ലം'' അവന്റെ ഹിതമാണ് നിയമം!

ഇതിനെല്ലാം എതിരാണ് ഇസ്‌ലാം. ഇസ്‌ലാം നിമയമവാഴ്ച്ചയുടെ മതമാണ്. ഉത്തരവാദിത്വബോധത്തിന്റെ മതമാണ്. ഭരണാധികാരി അടക്കം ആരെയും ആര്‍ക്കും ചോദ്യം ചെയ്യാം. അവിടെ വ്യക്തിക്കല്ല, സമൂഹത്തിനാണ് അധികാരം. സമൂഹത്തിന്റെ ഹിതമാണ് അവിടെ ഭരണത്തില്‍ പ്രതിഫലിക്കേണ്ടത്, അതായത് അല്ലാഹുവിന്റെ ഹിതം. ആ വ്യക്തിയുടെ ഹിതമല്ല.

തങ്ങള്‍ ജീവിക്കുന്ന നാട് അരാജകത്വത്തിലേക്കു നീങ്ങുമ്പോള്‍ തീര്‍ച്ചയായും മുസ്‌ലിംകള്‍ക്ക് അതു കണ്ടുനില്‍ക്കാന്‍ കഴിയില്ല എന്നാണു നാം മനസ്സിലാക്കുന്നത്. സച്ചരിതരായ ഉലമാഇന്റെയും ഉമറാഇന്റെയും കീഴില്‍ തീര്‍ച്ചയായും അവര്‍ക്കവരുടെ ഭാഗധേയം നിര്‍വ്വഹിക്കാന്‍ അല്ലാഹു ആ ഘട്ടത്തില്‍ അവസരം നല്കും. അതിന് ഏതെങ്കിലും മതതീവ്രവാദി സംഘടനകളില്‍ ചാവേറുകളായി ചേരേണ്ടതില്ല.

മതതീവ്രവാദി സംഘടനകളുടെ ശൈലിയില്‍ പ്രവര്‍ത്തിച്ചാല്‍ - അവര്‍ ഏതു മതത്തില്‍ പെട്ടവരായാലും - ബഹുഭൂരിഭാഗവും അതംഗീകരിക്കില്ല. എങ്ങും ആശയക്കുഴങ്ങളുണ്ടാകും. സമുദായം നെടുകെയും കുറുകെയും പിളരും. പരസ്പരം അവിശ്വസിക്കും. രക്തച്ചൊരിച്ചില്‍ വരെ സംഭവിക്കും. അത് ഇസ്‌ലാമില്‍ തന്നെ അവിശ്വസിക്കുന്നതിനു തുല്യമാണ്. ഖുര്‍ആന്‍ അവരെ ബഹുദൈവ വിശ്വാസികളുടെ (മുശ്‌രിക്കുകള്‍) കൂട്ടത്തിലാണ് എണ്ണിയത്. ദീനില്‍ പിളര്‍പ്പും ഭിന്നിപ്പുമുണ്ടാക്കുന്നവരും അക്കൂട്ടത്തില്‍ പെടും:

''നിങ്ങള്‍ ബഹുദൈവാരാധകരുടെ കൂട്ടത്തിലായിപ്പോകരുത്. അതായത്, തങ്ങളുടെ മതത്തെ ഛിന്നഭിന്നമാക്കുകയും, പലകക്ഷികളായി തിരിയുകയും ചെയ്തവരുടെ കൂട്ടത്തില്‍. ഓരോ കക്ഷിയും തങ്ങളുടെ പക്കലുള്ളതില്‍ സന്തോഷിക്കുന്നവരത്രെ.'' (അര്‍റൂം/31-32)

അവര്‍ ഒന്നിലേറെ ദേവന്മാരെ ആരാധിക്കുന്നവരാണ് എന്നൊന്നും ഈ സൂക്തത്തില്‍ എവിടെയുമില്ല. പല കക്ഷികളായി തിരിഞ്ഞതാണ് അവര്‍ ചെയ്ത കുറ്റം. ഓരോ കക്ഷിയും തങ്ങളുടെ ഹിതംപോലെ മതം വ്യാഖ്യാനിച്ചു. അന്ധന്മാര്‍ ആനയെ കണ്ടപോലെ അവര്‍ മതത്തെ മനസ്സിലാക്കി. എന്നിട്ട് അവരെത്തിച്ചേര്‍ന്ന നിഗമനത്തില്‍ കടിച്ചുതൂങ്ങി ഇതാണ് മതമെന്നു സ്വയം തീരുമാനിക്കുകയും അതില്‍ അഭിമാനിക്കുകയും അഭിരമിക്കുകയും ചെയ്തു. ഇത്രയും ചെയ്തവരെയാണ് അല്ലാഹു മുശ്‌രിക്കുകള്‍ എന്നു വിളിച്ചത്. എന്നിട്ട് മുസ്‌ലിംകളോട് അല്ലാഹു പറയുന്നു: ഈ സമൂദായം ഒന്നേയുള്ളൂ!

''(മനുഷ്യരേ,) തീര്‍ച്ചയായും ഇതാണ് നിങ്ങളുടെ സമുദായം. ഏകസമുദായം. ഞാന്‍ നിങ്ങളുടെ രക്ഷിതാവും.'' (അല്‍അന്‍ബിയാഅ് 92)

അതില്‍ പിളര്‍പ്പുണ്ടാക്കുന്നവര്‍ അതില്‍ പെട്ടവരല്ല, അല്ലാഹുവിനോ അവന്റെ ദൂതനോ അവരോട് യാതൊരു ബന്ധമില്ല. അതായത്, അവര്‍ മുസ്‌ലിംകളല്ല, ഈ സമുദായത്തില്‍ പെട്ടവരുമല്ല.