സംഘടനകളുടെ സ്ഥാപകന്‍

''അവന്‍ (ഇബ്‌ലീസ്) പറഞ്ഞു: നീ എന്നെ വഴിപിഴപ്പിച്ചതിനാല്‍ നിന്റെ നേരായ പാതയില്‍ അവര്‍ (മനുഷ്യര്‍) പ്രവേശിക്കുന്നത് തടയാന്‍ ഞാന്‍ കാത്തിരിക്കും. പിന്നീടവരുടെ മുന്നിലൂടെയും, അവരുടെ പിന്നിലൂടെയും, അവരുടെ വലതുഭാഗങ്ങളിലൂടെയും, ഇടതുഭാഗങ്ങളിലൂടെയും ഞാന്‍ അവരുടെ അടുത്ത് ചെല്ലുകതന്നെ ചെയ്യും.'' (അഅ്‌റാഫ് 17)

അതെ, അല്ലാഹുവിന്റെ ഹിസ്ബ് ആയ അല്‍ജമാഅത്തില്‍ പിളര്‍പ്പുണ്ടാക്കി അവന്‍ അതില്‍നിന്ന് സംഘടനകളിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുകയാണ്. എന്നിട്ടവരെ ഈ മിഥ്യയിലകപ്പെടുത്തുകയും ചെയ്യുന്നു. നോക്കൂ, നിങ്ങള്‍ തന്നെയാണ് അല്‍ജമാഅത്ത്. ബാക്കിയുള്ളവരൊക്കെ പിഴച്ചവരാണ്. നരകത്തിലെ വിറകായ 72 കക്ഷികളില്‍ പെട്ട നരകക്കാരാണ്. നിങ്ങളല്ലാതെ ഭൂമിയില്‍ വിശ്വാസികളില്ല, അതിനാല്‍, നിങ്ങളുടെ സംഘനടയല്ലാതെ അല്‍ജമാഅത്തില്ല. ആയതിനാല്‍ അവരുമായി വലിയ ജിഹാദ് നടത്തുക. എല്ലാ നിലക്കും അവരെ ബഹിഷ്‌കരിക്കുക, അവരെ ഒറ്റുക, അവരുടെ പള്ളികളും മദ്രസകളും കഴിയുമെങ്കില്‍ പിടിച്ചെടുക്കുക.

എന്നാല്‍, അല്ലാഹുവും റസൂലും പഠിപ്പിച്ചത് ഇതില്‍നിന്നെത്രയോ വിഭിന്നമാണ്. സമുദായത്തിനകത്തെ ഈ ഉള്‍പ്പിരിവും ഭിന്നതയുമെല്ലാം അവര്‍ ദീര്‍ഘദര്‍ശനം ചെയ്തതാണ്. അപ്പോഴും സമുദായത്തെ തള്ളിപ്പറയരുതെന്നും ആരെയും അവിശ്വാസിയായി പ്രഖ്യാപിക്കരുതെന്നും അവരോടു കലഹിക്കരുതെന്നും മറിച്ച് എല്ലാവരിലെയും മിനിമം നന്മകളെങ്കിലും കണക്കിലെടുത്ത് ഉമ്മത്തില്‍ ചേര്‍ത്തു നിര്‍ത്തണമെന്നുമായിരുന്നു. രണ്ടേരണ്ടു കാര്യമാണ് അവരുടെ അടയാളമായി പറഞ്ഞത്.

(1) അവര്‍ നാം നമസ്‌കരിക്കുന്ന ഖിബ്‌ലയിലേക്കു തിരിഞ്ഞു നമസ്‌കരിക്കുന്നവരാവുക,

(2) നാം അറുത്തതു തിന്നുന്നവരാവുക.

ഒന്ന് അവരുടെ വിശ്വാസത്തെ പ്രതിനിധീഭവിക്കുമ്പോള്‍ മറ്റേത് അവര്‍ക്കു സമുദായത്തോടുള്ള വിശ്വാസത്തെ പ്രതിനിധീഭവിക്കുന്നു. അഥവാ, അവര്‍ നമ്മെ വിശ്വാസികളായി അംഗീകരിക്കുന്നുവെന്നര്‍ത്ഥം. ഇതിനപ്പുറമുള്ള കാര്യങ്ങള്‍ അന്വേഷിക്കാന്‍ നാം ബാധ്യതപ്പെടുത്തപ്പെട്ടിട്ടില്ല.

എന്തുകൊണ്ട് അല്‍ജമാഅത് വേണം?

അല്ലാഹുവിന്റെ റസൂല്‍ പറഞ്ഞു:

"യദുല്ലാഹി മഅല്‍ ജമാഅ"

(അല്ലാഹുവിന്റെ കൈ അഥവാ, അവന്റെ സഹായം അല്‍ ജമാഅഃയോടൊപ്പമാണ്.)

അല്‍ജമാഅത്തിനു തുരങ്കം വെക്കുന്ന ഈ സംഘടനകളിലുള്ളവര്‍ക്ക് അത് തടയപ്പെടും.

ചോദ്യം: എന്നിട്ടും സംഘടനയുള്ളവരാണല്ലോ മഹാഭൂരിപക്ഷം!

ഉത്തരം: (അവരില്‍ അധികപേരും വിവരമില്ലാത്തവരാണ്.) (സൂറത് യൂസുഫ്‌)

വിവരം കെട്ടവര്‍ക്കാകും എക്കാലത്തും ഭൂരിപക്ഷം, അതിനര്‍ത്ഥം അവര്‍ ശരിയിലാണെന്നല്ല, അവരാണ് എല്ലാം നഷ്ടപ്പെട്ടവര്‍.

''കര്‍മ്മങ്ങള്‍ ഏറ്റവും നഷ്ടമായി തീര്‍ന്നവരെ സംബന്ധിച്ച് നാം നിങ്ങള്‍ക്ക് പറഞ്ഞുതരട്ടെയോ? ഐഹികജീവിതത്തിലെ തങ്ങളുടെ പ്രയത്‌നം പിഴച്ചുപോയവരത്രെ അവര്‍. അവര്‍ വിചാരിക്കുന്നതാകട്ടെ തങ്ങള്‍ നല്ല പ്രവര്‍ത്തനം നടത്തുന്നു എന്നാണ്...അതിനാല്‍ അവരുടെ കര്‍മ്മങ്ങള്‍ നിഷ്ഫലമായിപ്പോയി... നാം അവര്‍ക്ക് ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളില്‍ യാതൊരു തൂക്കവും (സ്ഥാനവും) നിലനിര്‍ത്തുകയില്ല.'' (അല്‍കഹ്ഫ് 104)

അവര്‍ സ്വതന്ത്ര ചിന്തകരൊന്നുമല്ല, പല താല്പര്യങ്ങളുടെയും അടിമകളാണ്. സത്യത്തിനെതിരേ കൊട്ടിയടക്കപ്പെട്ടിരിക്കയാണ് അവരുടെ ഇന്ദ്രിയങ്ങള്‍. അതിനാല്‍ സംഘനടനാ ദിശയിലേക്കല്ലാതെ അവര്‍ക്കു നോട്ടമില്ല.

ഇബ്‌ലീസിന്റെ ബന്ദികള്‍

''അവരുടെ കഴുത്തുകളില്‍ നാം ചങ്ങലകള്‍ വെച്ചിരിക്കുന്നു. അത് (അവരുടെ) താടിയെല്ലുകള്‍വരെ എത്തുന്നു. തന്മൂലം അവര്‍ തലകുത്തനെ പിടിച്ചവരായിരിക്കും. അവരുടെ മുമ്പില്‍ (മുന്‍വിധികളുടെ) ഒരു തടസ്സവും അവരുടെ പിന്നില്‍ (പിഴച്ച പാരമ്പര്യത്തിന്റെ) ഒരു തടസ്സവും നാം വെച്ചിരിക്കുന്നു. അങ്ങനെ നാം അവരെ മൂടിക്കളഞ്ഞു; അതിനാല്‍ അവര്‍ക്ക് കാണാന്‍ കഴിയില്ല.'' (യാ സീന്‍ 9)

പൈശാചിക പാതയില്‍നിന്ന് ഇസ്‌ലാമിക പാതയിലേക്ക് സന്മനസ്സുള്ളവര്‍ക്ക് വഴി അല്ലാഹു കാണിച്ചുതരും.

''അല്ലാഹുവെ വല്ലവനും സൂക്ഷിക്കുന്ന പക്ഷം അല്ലാഹു അവനൊരു പോംവഴി ഉണ്ടാക്കികൊടുക്കുകയും, അവന്‍ കണക്കാക്കാത്ത വിധത്തില്‍ അവന് ഉപജീവനം നല്‍കുകയും ചെയ്യും.'' (അത്വലാഖ് 3)

സംഘടനകളുടെ ബാഹുല്യവും സന്നാഹങ്ങളും കണ്ട് നിങ്ങള്‍ ക്ഷീണവും ഇച്ഛാഭംഗവും പ്രകടിപ്പിക്കുകയാണെങ്കില്‍ ഇവരെയൊന്നും പേടിക്കാതെ ആരുടെയും ഒരാക്ഷേപവും വകവെക്കാതെ മറ്റൊരു തലമുറ വളര്‍ന്നുവരും. അവര്‍ വിജയിക്കും. അവരാകും ഈ സമുദായത്തിന്റെ അടുത്ത വിമോചകര്‍, ഉറ്റ മിത്രങ്ങള്‍.

''സത്യവിശ്വാസികളേ, നിങ്ങളില്‍ ആരെങ്കിലും തന്റെ മതത്തില്‍നിന്നു പിന്തിരിയുന്ന പക്ഷം അല്ലാഹു ഇഷ്ടപ്പെടുന്നവരും, അല്ലാഹുവെ ഇഷ്ടപ്പെടുന്നവരുമായ മറ്റൊരു ജനവിഭാഗത്തെ അല്ലാഹു പകരം കൊണ്ടുവരും. അവര്‍ വിശ്വാസികളോട് വിനയം കാണിക്കുന്നവരും, സത്യനിഷേധികളോട് പ്രതാപം പ്രകടിപ്പിക്കുന്നവരുമാകും. അവര്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമരത്തില്‍ ഏര്‍പെടും. ഒരു ആക്ഷേപകന്റെ ആക്ഷേപവും അവര്‍ ഭയപ്പെടുകയില്ല. അല്ലാഹുവും അവന്റെ ദൂതനും സത്യവിശ്വാസികളും മാത്രമാകുന്നു നിങ്ങളുടെ ഉറ്റമിത്രങ്ങള്‍. വല്ലവനും അല്ലാഹുവെയും അവന്റെ ദൂതനെയും, സത്യവിശ്വാസികളെയും മിത്രങ്ങളായി സ്വീകരിക്കുന്നുവെങ്കില്‍ തീര്‍ച്ചയായും അല്ലാഹുവിന്റെ കക്ഷി തന്നെയാണ് വിജയം നേടുന്നവര്‍.'' (മാഇദ 54 - 56)

പള്ളികളെ ചുറ്റിപ്പറ്റിയാണ് മുസ്‌ലിംകളുടെ സംസ്‌കാരം രൂപപ്പെടുന്നത്. എല്ലാ കാര്യങ്ങളും അവിടെ കേന്ദ്രീകരിക്കപ്പെടണം. പള്ളികളില്‍നിന്ന് അകന്നുപോയി, മഹല്ലുകളില്‍ നിന്ന് അകലം പാലിച്ച് സ്ഥാപനങ്ങള്‍ തുടങ്ങുന്നതില്‍ ഒരു നന്മയുമില്ല. അവിടെ സീസണല്‍ പള്ളികള്‍ പണിതതുകൊണ്ട് അവ നാം അര്‍ത്ഥമാക്കുന്ന പള്ളികളാവുകയുമില്ല. മെയ്ക് ഷിഫ്റ്റ് പട്ടാളക്യാമ്പുകളിലും ജുമുഅ നടത്താം. പക്ഷേ, അതൊരു മഹല്ലിന്റെ ഫലം ചെയ്യുകയില്ലല്ലോ.

പണ്ഡിതന്മാരുടെ ഇരട്ടത്താപ്പുകള്‍

വിഭിന്ന വിഭാഗങ്ങളായി സ്വയം വിഭജിച്ചു പിരിഞ്ഞുപോകരുതെന്ന് അല്ലാഹു മുസ്ലിംകളോട് കല്പിച്ചു. ഇസ്ലാമിന കത്തെ ആരാധനയില്‍ പുതുകാര്യങ്ങള്‍ ഏര്‍പ്പെടുത്തുക, പരസ്പരം പോരടിക്കുന്ന പല കക്ഷികളായി പിരിയുക, മതത്തിലേക്ക് അതിലില്ലാത്തതു കലര്‍ത്തുക, ഖുര്‍ആനില്‍നിന്നും സുന്നത്തില്‍ നിന്നും വ്യതിചലിക്കുക എന്നിവയെല്ലാം മതവിരുദ്ധ പ്രവര്‍ത്തനമായി കണക്കാക്കപ്പെടുന്നു.

ജീവിതം മെച്ചപ്പെടുത്തുന്നതിനുള്ള ശാസ്ത്രവും സാങ്കേതികവിദ്യയും പോലുള്ള മറ്റ് കാര്യങ്ങളിലെ പുതുകാര്യങ്ങള്‍ വളരെയധികം പ്രോത്സാഹിപ്പിക്കുന്നതിനോടൊപ്പമാണ് ഈ നിരോധനമെന്നു പ്രത്യേകം ഓര്‍ക്കുക.

അല്ലാഹു ഇസ്‌ലാം പൂര്‍ത്തിയാക്കിത്തന്ന ശേഷം ആരാധനാകാര്യങ്ങളില്‍ എന്തെങ്കിലും മാറ്റം വരുത്തുന്നത് കര്‍ശനമായി നിരോധിച്ച കാര്യമാണ്. പിശാചിന്റെ പ്രേരണയാല്‍ മനുഷ്യവര്‍ഗം ആരാധനാകര്യങ്ങളില്‍ അവതരിപ്പിക്കുന്ന ഒരു മാറ്റത്തിനും ഒരിക്കലും അതിലേക്ക് ഗുണപരമായ ഒന്നും ചേര്‍ക്കാന്‍ കഴിയില്ല, മാത്രമല്ല അല്ലാഹു സ്ഥാപിച്ചതും പൂര്‍ത്തീകരിക്കപ്പെട്ടതും പരിപൂര്‍ണ്ണവുമായ മതത്തിന്റെ (അതില്‍ നമുക്കുള്ള വിശ്വാസത്തിന്റെ) അധപ്പതനത്തിന് മാത്രമേ അത് കാരണമാകൂ. മതകാര്യങ്ങളിലെ എല്ലാ പുതുകാര്യങ്ങളും വഴിതെറ്റിക്കുന്നതിലേക്കാണു നയിക്കുക, വഴിതെറ്റുന്നതെല്ലാം നരകാഗ്നിയിലാണ് ചെന്നവസാനിക്കുക. ആരാധനയുടെ കാര്യങ്ങളില്‍ നേരിയ ഒരു വ്യതിയാനം പോലും (അതു കൂട്ടിച്ചേര്‍ക്കലായാലും നിലവിലുള്ളത് ഇല്ലാതാക്കലായാലും) മതത്തില്‍ അനുവദനീയമല്ല. എന്തെങ്കിലും മാറ്റങ്ങള്‍ അനുവദിക്കുകയാണെങ്കില്‍, ആ വ്യതിയാനങ്ങള്‍ ഭാവി തലമുറകള്‍ പിന്നെയും വര്‍ദ്ധിപ്പിക്കും, അതിന്റെ ഫലമായി മറ്റൊരു മനുഷ്യനിര്‍മ്മിത മതമായിരിക്കും നിലവില്‍ വരിക, അത് ഇസ്ലാമാകില്ല. അല്ലാഹുവിനെയും പ്രവാചകനെയുമൊഴികെ ആരെയും അന്ധമായി പിന്തുടരാന്‍ പാടില്ല എന്നാണ് ഇന്ന് പിന്തുടരപ്പെടുന്ന എല്ലാ ഇമാമുകളും നമ്മെ പഠിപ്പിച്ചത്. ഈ കൃതിയുടെ പല ഭാഗങ്ങളിലായി വിവിധ സന്ദര്‍ഭങ്ങളില്‍ ഈ കാര്യം ചര്‍ച്ച ചെയ്തിട്ടുണ്ട്.

അല്ലാഹുവിന്റെ നിയമങ്ങള്‍ മാറ്റുന്നതിന് ഇസ്‌ലാമില്‍ ആര്‍ക്കും അധികാരം നല്കിയിട്ടില്ല. അതിലേക്കു പുതുതായി വല്ലതും ചേര്‍ക്കാനും ആര്‍ക്കും അധികാരമില്ല. അത് അങ്ങേയറ്റം നിഷിദ്ധവും നിരോധിച്ച കാര്യവുമാണ്. ദൈവിക തത്ത്വങ്ങളില്‍ മാറ്റം വരുത്തുന്ന മതനേതാക്കളെ അല്ലാഹു കടുത്ത ഭാഷയില്‍ അപലപിക്കുകയും താക്കീത് ചെയ്യുകയും ചെയ്യുന്നു. മാറ്റങ്ങള്‍ വരുത്താന്‍ ശ്രമിക്കുന്നയാള്‍ അല്ലാഹുവിനു പൂറമേ മറ്റൊരു ദൈവത്തെ കൊണ്ടുവരുകയാണ് ചെയ്യുന്നത്. അല്ലാഹുവിന്റെ ദീനില്‍ എന്തോ പോരായ്മയുള്ളതുപോലെയും അവന്‍ അതു നികത്താന്‍ ശ്രമിക്കുന്നതുപോലെയുമാണ്. ഫലത്തില്‍ അത് ബഹുദൈവാരാധന നടത്തുകയും മതത്തില്‍ അതനുവദിക്കുകയും ചെയ്യുന്നതിനു തുല്യമാണ്.

നിരപരാധികളെ കൊല്ലുന്നത് നിയമവിധേയമാക്കിയ ചിലരുടെ നടപടി ഈ ഗണത്തില്‍ പെടും. ഭീകരവാദികള്‍ മാത്രമല്ല, ഒട്ടുമിക്ക ഭരണകൂടങ്ങളും ഇന്ന് ഈ നിലപാടുകാരാണ്. സംശയരഹിതമായി തെളിയിക്കപ്പെട്ട കുറ്റത്തിന്റെ പേരില്‍ ശിക്ഷിക്കുന്നതിനു പകരം കേവല സംശയത്തിന്റെ പേരിലാണ് പല ഭരണകൂടങ്ങളും ഇന്നു കൂട്ടക്കൊലകള്‍ വരെ നടത്തുന്നത്. പലപ്പോഴും അവര്‍ കൊല നടത്തുന്നത് പ്രജകളെ ഭയപ്പെടുത്തി അടക്കി ഭരിക്കാനോ അവരില്‍ പിടികിട്ടാത്ത ചിലരോടുള്ള പ്രതികാരം ചെയ്യാനോ പോലുമാണ്.

ഇതിലും കൊടിയ കുറ്റമാണ് ചില തീവ്രവാദീ സംഘടനകള്‍ ചെയ്യുന്നത്. അവ ചില ഭരണകൂടങ്ങളോടുള്ള പകവീട്ടാന്‍ വേണ്ടിയും, നിരപരാധരായ മനുഷ്യര്‍ക്കിടയിലും രാഷ്ട്രത്തലവന്മാരിലും ഭയം ജനിപ്പിക്കുന്നതിനുവേണ്ടിയും വിവേചനരഹിതമായും നിഷ്‌കരുണമായും കൊല നടത്തുകയാണ്. ഇതു രണ്ടും ഒരേ നിലക്കുള്ള കടുത്ത കുറ്റകൃത്യമാണ്. ഒരേ ശബ്ദത്തില്‍ തന്നെ ഇവ രണ്ടും അപലപിക്കപ്പെടുകയും വേണം.

ഇന്നത്തെ പണ്ഡിതന്മാര്‍ പക്ഷേ, ഇതൊന്നും അപലപിക്കുകയോ നിരോധിക്കുകയോ മനസ്സുകൊണ്ടെങ്കിലും ഈ അത്യാചാരങ്ങള്‍ വെറുക്കാന്‍ ശ്രമിക്കുകയോ ചെയ്യുന്നില്ല. തീര്‍ച്ചയായും അവരില്‍ ചിലര്‍ ചില ചില്ലറയിനം ബിദ്അത്തുകളൊക്കെ എതിര്‍ക്കുന്നുണ്ട്. താരതമ്യേന അപായം കുറഞ്ഞ ബിദ്അത്തുകളാണ് അവര്‍ എതിര്‍ക്കുന്നത്. തങ്ങളുടെ ജീവനും സ്വത്തിനും കുടുംബത്തിനും ഉദ്യോഗത്തിനും "പൗരത്വ"ത്തിനുമൊന്നും കോട്ടം തട്ടാതെയുള്ള ബിദ്അത്ത് വിമര്‍ശനമേ അവരില്‍നിന്നുണ്ടാകുന്നുള്ളൂ. മുസ്‌ലിം നാടുകളിലേക്ക് പോലും കലയുടെയും മറ്റും പേരില്‍ അനിസ്‌ലാമിക സംസ്‌കാരം ഇറക്കുമതി ചെയ്യുന്നതൊന്നും അവര്‍ അപലപിക്കുന്നേയില്ല. ഒരു ഇജ്തിഹാദിന്റെയൊന്നും ആവശ്യമില്ലാതെ പ്രത്യക്ഷത്തിലും അക്ഷരാര്‍ത്ഥത്തിലും ഹറാമാണെന്നു ബോധ്യമായ കാര്യങ്ങളോടുപോലും പണ്ഡിതവര്‍ഗ്ഗം കേവല ഭയത്തിന്റെ പേരില്‍ നിസ്സംഗത പുലര്‍ത്തുകയാണ്. ഇന്ത്യയില്‍ സ്വവര്‍ഗരതിയും വ്യഭിചാരവും പരമോന്നത കോടതി അനുവദനീയമാക്കിയപ്പോള്‍ ഒരു പണ്ഡിത സംഘടനയും എതിര്‍ത്തതുകണ്ടില്ല. ഒരു തീവ്രവാദീ സംഘടനയും പ്രകടനമോ ഹര്‍ത്താലോ ബന്ദോ നടത്തിയില്ല.

എന്നാല്‍ മുത്തലാഖ്‌പോലുള്ള നിഷിദ്ധമായ ഒരു കാര്യം നിരോധിച്ചപ്പോള്‍ അവര്‍ എതിര്‍പ്പുമായി ചാടിയെഴുന്നേല്ക്കുകയും ചെയ്തു. അതെ, അവര്‍ സുരക്ഷിതമായ കളി കളിക്കുകയാണ്. സ്വവര്‍ഗരതിയെക്കാളും വ്യഭിചാരത്തെക്കാളും വലിയ തിന്മയായണോ മുത്വലാഖ് നിരോധനം കൊണ്ട് സമുദായത്തിനുണ്ടാവുന്ന പ്രശ്‌നം? എവിടെയാണ് പണ്ഡിതന്മാരുടെ ധാര്‍മ്മിക ബോധം? ഇസ്‌ലാമിന്റെ ഒരു ഭാഗം അവര്‍ പൊക്കിപ്പിടിച്ചു നടക്കുന്നു, മറ്റൊരു ഭാഗം അവര്‍ അട്ടത്തുവെക്കുകയോ അല്ലെങ്കില്‍ ഭൂമിയിലേക്ക് ചവിട്ടിത്താഴ്ത്തുകയോ ചെയ്യുന്നു.

അല്ലാഹുവിന്റെ നിയമങ്ങള്‍ തികവുറ്റവയാണ്, ആരും അത് ''ആധുനികവത്കരിക്കേണ്ടതില്ല.'' അവ എക്കാലത്തും ആധുനികമാണ്, എക്കാലത്തും അവ സനാദനവുമാണ്. അല്ലാഹുവിന്റെ മതം പിന്തുടരാനോ നമ്മുടെ ആഗ്രഹങ്ങള്‍ പിന്തുടരാനോ രണ്ടിലൊന്ന് തിരഞ്ഞെടുക്കുന്നതിലൂടെ - അവനെ അനുസരിക്കാനോ അനുസരിക്കാതിരിക്കാനോ ഉള്ള സ്വാതന്ത്ര്യം അവന്‍ നമുക്ക് അനുവദിച്ചിട്ടുണ്ട്. എന്നാല്‍, അവന്റെ മതതത്ത്വങ്ങള്‍ മാറ്റാന്‍ ആര്‍ക്കും അനുവാദം നല്കിയിട്ടില്ല.