"ഉലില്‍ അംറി മിന്‍കും" എന്നു ഖുര്‍ആനില്‍ പറഞ്ഞതിനര്‍ത്ഥം സംഘടനകള്‍ തട്ടിക്കൂട്ടി സമുദായത്തിനുമേല്‍ കെട്ടിയേല്‍പ്പിക്കുന്ന നേതൃത്വത്തെയോ കയ്യൂക്ക്‌കൊണ്ട് അധികാരം പിടിച്ചെടുത്തു രാജാക്കന്മാരായ അക്രമികളെയോ അനുസരിക്കാന്‍ സമുദായം ബാധ്യസ്ഥമാണ് എന്നല്ല. കൂടിയാലോചിച്ചാണ് നേതൃത്വവും ഭരണകൂടവും രൂപപ്പെടേണ്ടതും നടത്തപ്പെടേണ്ടതും. അതുകൊണ്ടുതന്നെ ഏകാധിപത്യവും സ്വേച്ഛാധിപത്യവും അനിസ്‌ലാമികമാണ്. അവ പ്രകടമായും ഈ നസ്വുകള്‍ക്ക് എതിരുമാണ്.
1) "വല്‍ ഖുലഫാഉ മിന്‍കും" എന്നതിന്റെ ഉദ്ദേശ്യം.
2) "വ ശാവിര്‍ ഹും ഫീ ഉമൂരിഹിം." (ആലു ഇംറാന്‍ 159)
3) "വ അംറുഹും ശൂറാ ബൈനഹും." (ശൂറാ 37)
ഇതിലെ 'മിന്‍കും' എന്നാല്‍ നിങ്ങളില്‍നിന്നു തന്നെയുള്ളവര്‍ എന്നാണ്. അവരാണ് നിങ്ങളുടെ ഭരണാധികാരികളാകേണ്ടവര്‍, അല്ലാതെ പുറത്തുനിന്നുള്ള അധിനിവേശശക്തികളല്ല എന്നര്‍ത്ഥം. ഖലീഫമാരെ നിശ്ചയിക്കേണ്ടത് അതതുകാലത്തെ ജനമാണ്. അവര്‍ക്ക് ആഗോളതലത്തില്‍ ഒരു പൊതുനേതൃത്വമാവാം. എല്ലായ്‌പ്പോഴും ഇതെല്ലാം സംഭവിക്കണമെന്നില്ല. സംഭവിച്ചാല്‍ നല്ലത്, അല്ലെങ്കില്‍ നമുക്കെത്രത്തോളം ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാനാവുമോ അത്രത്തോളം കാര്യങ്ങളില്‍ നാം ഇവ പാലിക്കുക. നമ്മുടെ കഴിവിനതീതമായതിനു നാം കല്പിക്കപ്പെടുകയില്ല.
മനുഷ്യവര്‍ഗത്തിലെ ഏറ്റവും ജ്ഞാനിയായ, ലോകഗുരുവായ പ്രവാചകനോടുപോലും ജനങ്ങളോടു കൂടിയാലോചിക്കാന്‍ പറയുമ്പോള്‍ വെറും സാമാന്യനായ മനുഷ്യര്‍ ഭരണാധിപസ്ഥാനം വഹിക്കുമ്പോള്‍ കൂടിയാലോചന ഒഴിവാക്കാന്‍ പറ്റില്ലല്ലോ. എന്നാല്‍ അതു ലംഘിക്കുന്നവരോടു യുദ്ധം ചെയ്യാന്‍ സാധാരണക്കാര്‍ കല്പിക്കപ്പെട്ടിട്ടില്ല. ഉമറാഉം ഉലമാഉം അതിന്റെ ശറഇയായ രൂപം നടപ്പാക്കുന്നതിനായി പരിശ്രമിക്കുകയും ഇസ്‌ലാമിന്റെ തുടക്കത്തിലുണ്ടായിരുന്നതുപോലുള്ള യഥാര്‍ത്ഥ ഇസ്‌ലാമിക ഭരണകൂടത്തെ സംബന്ധിച്ച അവബോധം നിലനിര്‍ത്തുകയും ചെയ്യുക എന്ന ഉത്തരവാദിത്വത്തില്‍നിന്ന് ഒരു കാലത്തും ഒഴിവാകുകയില്ല.
സംഘടനകള്‍ എത്ര വേണമെങ്കിലുമാകാം എന്നൊരു മൗലവി യൂ ട്യൂബില്‍ പ്രസംഗിക്കുന്നതു കേട്ടു. മറ്റൊരു മൗലവി പ്രസംഗിക്കുന്നത് ജാറങ്ങള്‍ എല്ലായിടത്തും ഉണ്ടാവട്ടെ എന്നാണ്. രണ്ടും തുല്യ ബിദ്അത്തുകളാണ്. അധര്‍മ്മങ്ങള്‍ പെരുകുന്ന ഇക്കാലത്ത് "സ്വാലിഹീ"ങ്ങളുടെ "ഫിഅതി"ല്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാതിരിക്കാന്‍ സാധാരണക്കാര്‍ക്കു കഴിയില്ല എന്നാണ് മാതൃസംഘടന പിളര്‍ത്തി പുത്തന്‍ സംഘടനയുമായി വന്ന ഇവരുടെ പുതുപുത്തന്‍ അവകാശവാദം. കിട്ടിയ ഓരോ വേദിയിലും അവര്‍ അവരുടെ മാതൃസംഘടനയെയടക്കം മറ്റു സംഘടനകളെ പോസ്റ്റ് മോര്‍ട്ടം ചെയ്യുന്നുമുണ്ട്. എന്നാല്‍ അകത്തെ ഈ ബിദ്അത്താകുന്ന അര്‍ബുദം തിരിച്ചറിയാന്‍ സ്വയം ഒരു സ്‌കാനിങ്ങിനുപോലും വിധേയമാകാന്‍ അവര്‍ തയ്യാറുമല്ല. സംഘടന എന്ന ബിദ്അത്തില്‍ തൊട്ടവര്‍ക്കൊന്നും ബര്‍കതുണ്ടാവില്ല, അവരുടെ വാക്കുകള്‍ ചൊവ്വാകില്ല, അവരുടെ സ്വഭാവം നേരെയാവില്ല, അവരുടെ ചിന്ത നേര്‍ഗതി പ്രാപിക്കുകയുമില്ല എന്നതിനുള്ള തെളിവാണിത്.