അല്‍ജമാഅത് എന്നാല്‍, മുസ്‌ലിം ഭരണകൂടമല്ല, സംഘടനകള്‍ അതിനു പകരവുമല്ല

ഇവര്‍ നടത്തിയ കൊടിയ ബിദ്അത്തായ സംഘടനകളുടെ രൂപീകരണത്തെ ന്യായീകരിക്കാന്‍ അതിനെ പല വിധത്തില്‍ വ്യാഖ്യാനിക്കാറുണ്ട്. അല്‍ജമാഅത്തായും ഇസ്ലാ ലാമിക ഭരണകൂടത്തിനു മുന്നോടിയായും ഭരണകൂടത്തിനു തന്നെ ബദലായ മിനി ഭരണകൂടം പോലുമായും മറ്റും മറ്റും.

എന്നാല്‍, സംഘടനയല്ല ഭരണകൂടം. സംഘടന ഒരിക്കലും ഇസ്‌ലാമിക ഭരണകൂടത്തിനു പകരവുമല്ല. അല്‍ജമാഅത്തിനു മാത്രമേ ഒരു ഭരണകൂടത്തിന്റെ സ്വാഭാവിക സ്ഥാനത്തു വരാന്‍ കഴിയൂ. ഭരണകൂടമില്ലെങ്കില്‍ അല്‍ജമാഅത്ത് അതിനു പകരമാണ്. ഭരണകൂടമുണ്ടെങ്കിലും ഇല്ലെങ്കിലും അല്‍ജമാഅത്ത് കാലഹരണപ്പെടുന്നില്ല. ചിലപ്പോള്‍ അതിനു ഖിലാഫതുപോലെ കേന്ദ്രീകൃത നേതൃത്വമുണ്ടാവാം. ചിലപ്പോള്‍ ഉണ്ടാവില്ല. ഉണ്ടാവുക അനിവാര്യവുമല്ല. ഭരണകൂടങ്ങള്‍ - അത് ഏതായാലും - എക്കാലവും നിലനില്‍ക്കാന്‍ പോകുന്നില്ല. മുസ്‌ലിംകളുടെ മേല്‍ അധികാരമേറ്റവര്‍ പരമാധികാരി ചമഞ്ഞു ദുഷ്ടന്മാരായി മാറുമ്പോള്‍ അവരെ പുറത്തുനിന്നോ അകത്തുനിന്നു തന്നെയോ ഉള്ള എതിരാളികളാല്‍ അല്ലാഹു നശിച്ചിപ്പിച്ചുകളയും. ആ എതിരാളികള്‍ നല്ലവരാവുക എന്നത് അനിവാര്യമൊന്നുമല്ല.

അമവികള്‍ക്കുശേഷം വന്ന അബ്ബാസികള്‍ (വാസ്തവത്തില്‍ അവര്‍ ഹാശിമികളായിരുന്നു) അവരെക്കാള്‍ ദുഷ്ടന്മാരായിരുന്നു. അതിലും ദുഷ്ടന്മാരായിപ്പോയി അവര്‍ക്കു ശേഷം വന്ന ഹാശിമികള്‍ തന്നെയായ അഹ്‌ലു ബൈത് എന്നുകൂടി അവകാശപ്പെടുന്ന ഫാത്വിമികള്‍ - (പ്രവാചക പൗത്രന്മാര്‍ എന്നു പോലും അഹങ്കരിക്കുന്നവരായിരുന്നു അവര്‍) ഏറ്റവും മൃഗീയമായി മുസ്‌ലിംവേട്ട നടത്തിയവര്‍ ഫാത്വിമികളായിരുന്നു. റോമക്കാര്‍ക്കും ഫറോവമാക്കും ശേഷം ഈജിപ്തില്‍ (മിസ്‌രില്‍) ഏറ്റവും മൃഗീയമായി നികുതി പിരിച്ചെടുത്തതും അവരായിരുന്നു.

ഭരണകൂടമില്ലെങ്കില്‍ സമുദായത്തെ നന്മയിലേക്കു ക്ഷണിക്കാനും തിന്മ വിരോധിക്കാനും സംഘടനകളല്ലാതെ മറ്റെന്താണ് ഒരു സംവിധാനമായുള്ളത് എന്നതാവും അവര്‍ പറയുന്ന മറ്റൊരു ന്യായം. നന്മ കല്പിക്കലും തിന്മ തടയലും എല്ലാവരുടെയും ബാധ്യതയാണ്. അല്ലാതെ ഒരു വ്യക്തിയുടെയോ ഏതെങ്കിലും സംഘടനയുടെ സബ്കമ്മിറ്റിയുടെയോ ഭരണകൂടത്തിന്റെയോ ബാധ്യതയല്ല. അതു വിശ്വാസത്തിന്റെ തന്നെ ഭാഗമാണ്. അതു പൂര്‍ണമായും ഇല്ലാതായാല്‍ വിശ്വാസം തന്നെയും ഇല്ലാതാവും. നന്മ കല്പിക്കലും തിന്മ തടയലും ഭരണകൂടത്തിന്റെ ബാധ്യതയാണെന്ന് എവിടെയും പറഞ്ഞട്ടില്ല. മൊത്തം മുസ്‌ലിംകളോടാണ് അതിനു കല്പിച്ചത്. അതു ഭരണകൂടം ചെയ്യേണ്ട ബാധ്യതയാണെങ്കില്‍ പ്രത്യേകം അതു സൂചിപ്പിക്കുമായിരുന്നു. എക്കാലത്തും അതിനു പണ്ഡിതന്മാരാണ് നേതൃത്വം നല്‌കേണ്ടത്. പണ്ഡിതന്മാരും പുരോഹിതന്മാരും ഇതു ചെയ്യാത്തതിനാണ് ക്രിസ്ത്യാനികളുടെയും ജൂതന്മാരുടെയും പുരോഹിതന്മാരെയും റബ്ബിമാരെയും അല്ലാഹു കുറ്റപ്പെടുത്തിയത്. അല്ലാഹു അവരുടെ ഭരണാധികാരികളെയല്ല കുറ്റപ്പെടുത്തിയത്. ഒരു സംഘനടയുമില്ലെങ്കിലും അവര്‍ ഈ സമുദായത്തിലുണ്ടാകുമെന്ന് റസൂല്‍ അരുളി. അത്തരമൊരു സമൂഹം അനിവാര്യമായും ഉണ്ടാകണമെന്ന് അല്ലാഹുതന്നെ ആജ്ഞാപിക്കുന്നു. അത് അതതുകാലത്തെ ഭരണകൂടമാണ് എന്നൊന്നും വ്യാഖ്യാനിച്ചു വശംകെടേണ്ട ആവശ്യം സമുദായത്തിനില്ല.

നിങ്ങളില്‍നിന്നു ഭരണകര്‍ത്താക്കളുണ്ടാകണമെന്നോ ഭരണ കൂടമുണ്ടാകണമെന്നോ എവിടെയും ഖുര്‍ആന്‍ പറഞ്ഞിട്ടില്ല. അത് ബിദ്ഈ മതസം ഘടനകളുണ്ടാക്കാനുള്ള ആഹ്വാനവുമല്ല. ബിദ്ഈ സംഘടനകളെ ഭരണകൂടമുണ്ടാക്കാനുള്ള അഡ്‌ഹോക്ക് കമ്മിറ്റിയായി അല്ലാഹുവോ അവന്റ റസൂലോ അംഗീകരിച്ചിട്ടുമില്ല.