ബിദ്അത്ത് ഇബ്‌ലീസിന്റെ സായൂജ്യം

നമ്മുടെ അറിവില്‍ പെട്ടിടത്തോളം വിശേഷബുദ്ധിയുള്ള സൃഷ്ടികള്‍ മൂന്നുതരമാണ്: മലക്കുകള്‍, ജിന്നുകള്‍, മനുഷ്യര്‍. ജിന്നുകളില്‍ പെട്ടവനാണ് ഇബ്‌ലീസ് എന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്. അതുകൊണ്ട് മാത്രം ഇബ്‌ലീസ് ആണ് ജിന്നുകളുടെ പൂര്‍വികന്‍ എന്നു പറയാന്‍ കഴിയില്ല. ജിന്നുകളില്‍ പെട്ടവനായിരുന്നു എന്നു പറഞ്ഞാല്‍ ജിന്നുകള്‍ ഇബ്‌ലീസിനോടൊപ്പം തന്നെ ഉണ്ടായിരുന്നുവെന്നാണല്ലോ അര്‍ത്ഥം.

ജിന്ന് എന്നാല്‍ മായവന്‍ (ബ.വ. മായവര്‍) എന്നാണര്‍ത്ഥം. മനുഷ്യദൃഷ്ടിക്ക് അഗോചരമായവര്‍. ജിന്നുകള്‍ പല തരക്കാരാണെന്നു ജിന്നുകള്‍തന്നെ ഖുര്‍ആനില്‍ സ്വയം സമ്മതിക്കുന്നുണ്ട്. അക്കൂട്ടത്തില്‍ പല മതക്കാരായി വിശ്വാസികളും അവിശ്വാസികളുമുണ്ട്. അല്ലാഹു സ്വന്തം കൈകൊണ്ട് കളിമണ്ണില്‍നിന്നു മനുഷ്യനെ സൃഷ്ടിക്കുന്നത് ഇബ്‌ലീസ് സാകൂതം വീക്ഷിക്കുന്നുണ്ടായിരുന്നു. അവനാണ് പിന്നീട് പിശാച്, അഥവാ ശൈത്വാന്‍ ആയത്‌. മനുഷ്യനെ അല്ലാഹു സ്വന്തം കൈകൊണ്ട് സൃഷ്ടിക്കുന്നത് അസൂയയോടെയാണ് അവന്‍ വീക്ഷിച്ചത്. ഇപ്പോള്‍ ആ സൃഷ്ടിക്കു സുജൂദ് ചെയ്യണമെന്നു കൂടി അല്ലാഹു കല്പിച്ചപ്പോള്‍ ഇബ്‌ലീസ് ശരിക്കും അസ്വസ്ഥനായി. അല്ലാഹുവിന്റെ കല്പന ധിക്കരിക്കാന്‍ തന്നെ അവന്‍ തീരുമാനിച്ചു. മലക്കുകള്‍ മനുഷ്യനു സുജൂദ് ചെയ്തപ്പോള്‍ അവരുടെ കൂട്ടത്തില്‍ തന്നെയുണ്ടായിരുന്ന ഇബ്‌ലീസ് അതിനു വിസമ്മതിച്ചു. ഇബ്‌ലീസിനെ അല്ലാഹു സ്വര്‍ഗത്തില്‍നിന്നു പുറത്താക്കുകയും ആദമിനെ അവിടെ താല്‍ക്കാലികമായി വസിപ്പിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ഇടതുഭാഗത്തെ ഒരു വാരിയെല്ല് പുറത്തെടുത്തു ഹവ്വയെ സൃഷ്ടിച്ചു. ആദം നബി(അ)യും പത്‌നിയും താന്‍ പുറത്താക്കപ്പെട്ട സ്വര്‍ഗത്തില്‍ സുഖജീവിതം നയിക്കുന്നത് പിശാച് ഇഷ്ടപ്പെട്ടില്ല. എങ്ങനെയെങ്കിലും അവരെ അവിടെനിന്നു പുറത്താക്കണം. ആദം നബി(അ)യെ സമീപിച്ച് അവന്‍ പറഞ്ഞു: ''ഈ സ്വര്‍ഗത്തില്‍ ശാശ്വതമായി ജീവിക്കാനും സ്ഥിരമായി ആധിപത്യം നേടാനും സഹായിക്കുന്ന ഒരു വൃക്ഷം ഞാന്‍ കാണിച്ചുതരട്ടെയോ?'' എന്നിട്ട് അല്ലാഹു നിരോധിച്ച വൃക്ഷമാണവന്‍ കാണിച്ചുകൊടുത്തത്. ഇബ്‌ലീസിന് തന്നോടും സഹധര്‍മ്മിണിയോടും ശത്രുതയും അസൂയയുമാണുള്ളതെന്ന് ആദം (അ)ന് നല്ല അറിവും ബോധ്യവുമുണ്ടായിരുന്നു. എന്നിട്ടും അവന്റെ വലയില്‍ അദ്ദേഹം വീണു. ''അങ്ങനെ അവര്‍ രണ്ടുപേരും അതില്‍നിന്നു ഭക്ഷിച്ചു.''

ഇബ്‌ലീസ് തങ്ങളെ ചതിക്കുകയായിരുന്നുവെന്ന് അപ്പോഴാണ് അവര്‍ക്കു ബോധ്യമായത്. തങ്ങള്‍ അല്ലാഹുവിനോട് അപരാധം ചെയ്തുവെന്നും. മനുഷ്യര്‍ ഇബ്‌ലീസിനെപ്പോലെയല്ല. അശ്രദ്ധ നിമിത്തമാണ് ആദം നബി(അ) അല്ലാഹുവിന്റെ കല്‍പ്പന ലംഘിച്ചത്. അതും ഇബ്‌ലീസ് വഴിതെറ്റിച്ചതു കാരണം. അതോടെ സ്വര്‍ഗത്തില്‍ ശാശ്വതമായി ജീവിക്കാമെന്ന ആശ തകരുകയും ഇരുവരും വിലപിക്കുകയും ചെയ്തു:

''നാഥാ! ഞങ്ങള്‍ ഞങ്ങളോടുതന്നെ അക്രമം ചെയ്തു.'' (വി. ഖു. 7/23)

ഇത് ഇങ്ങനെ സംഭവിക്കുമെന്ന് അല്ലാഹുവിനറിയാമായിരുന്നു. മനുഷ്യര്‍ ചെയ്ത വലിയൊരപരാധമായി, മാപ്പില്ലാത്ത പാപമായി അല്ലാഹു ഇതിനെ കണ്ടില്ല. ഭൂമിയില്‍, അഥവാ പ്രപഞ്ചത്തില്‍ പ്രതിനിധിയായി നിശ്ചയിക്കപ്പെട്ട മനുഷ്യനും അതില്‍ അനിഷ്ടം കാണിച്ച ജിന്നും തമ്മിലുള്ള വ്യത്യാസം ഇതര സൃഷ്ടിജാലങ്ങളെക്കൂടി ബോധ്യപ്പെടുത്തുക മാത്രമായിരുന്നു ഈ പരീക്ഷണത്തിന്റെ ലക്ഷ്യമെന്ന് ഊഹിക്കാം. തുടര്‍ന്നുള്ള സംഭവങ്ങളും വചനങ്ങളും അതിലേക്കാണ് സൂചന തരുന്നത്. അല്ലാഹു അവരോടെല്ലാമായി പറഞ്ഞു:

''നിങ്ങള്‍ ഇറങ്ങിപ്പോകുക. നിങ്ങളില്‍ ചിലര്‍ ചിലര്‍ക്ക് ശത്രുവാകുന്നു. ഭൂമിയില്‍ നിങ്ങള്‍ക്ക് ഒരു കാലംവരെ താമസസ്ഥലവും ജീവിതവിഭവങ്ങളും ഉണ്ട്.'' (വി. ഖു. 2/36)

സ്വാഭാവികമായും അല്ലാഹു ഇബ്‌ലീസിനെ വിചാരണ ചെയ്തു. അതുകാരണം, ഇബ്‌ലീസ് കടുത്ത ഇച്ഛാഭംഗത്തിലായി. ചെയ്തുപോയ തെറ്റിനു മനുഷ്യരെപ്പോലെ മാപ്പുചോദിക്കുന്നതിനു പകരം, മനുഷ്യരോടുള്ള അടങ്ങാത്ത അരിശത്തിനു മുമ്പില്‍ അവന്‍ സ്വന്തം അസ്തിത്വത്തിന്റെ വിനാശംപോലും വകവെക്കാതെ പറഞ്ഞു:

''ഇവനെ നീ എന്നെക്കാള്‍ ബഹുമാനിച്ചുവല്ലോ!'' (വി.ഖു. 17/62).

''എന്റെ നാഥാ, ഉയര്‍ത്തെഴുന്നേല്‍പ്പിക്കപ്പെടുന്ന ദിവസം വരെ എനിക്ക് നീ സാവകാശം തരേണമേ.'' (വി.ഖു. 38/79)

അല്ലാഹു അവനുവേണ്ടി അക്കാര്യം ഉറപ്പാക്കിയപ്പോള്‍, ലോകാവസാനംവരെ താന്‍ ശിക്ഷിക്കപ്പെടില്ലെന്നുറപ്പായപ്പോള്‍ ഇബ്ലീസ്‌ പറഞ്ഞു:

''എന്നെ നീ മനുഷ്യനുവേണ്ടി വഴികേടിലാക്കിയതുപോലെ ഈ മനുഷ്യര്‍ക്കായി നിന്റെ നേര്‍വഴിയില്‍നിന്ന് അവരെ വഴികേടിലാക്കി ഞാനിരിക്കുകതന്നെ ചെയ്യും.'' (വി.ഖു. 7/16)

അല്ലാഹു പറഞ്ഞു, ''നിന്റേതായ ദുര്‍മാര്‍ഗ്ഗത്തിന്റെ ശബ്ദംകൊണ്ട് മനുഷ്യരില്‍നിന്ന് നിനക്ക് കഴിയുന്നവരെ നീ ഇളക്കിവിട്ടുകൊള്ളുക.'' (വി.ഖു. 17/64)

(പിശാച് പറഞ്ഞു) ''ഞാനവരെ സന്മാര്‍ഗ്ഗത്തില്‍നിന്നു വഴിതെറ്റിക്കും. അവരെ വ്യാമോഹങ്ങള്‍ക്ക് വശംവദരാക്കും. സന്മാര്‍ഗ്ഗത്തിനു വിരുദ്ധമായി കല്‍പ്പിക്കും...അപ്പോള്‍ അവര്‍ അല്ലാഹുവിന്റെ സൃഷ്ടികളെ മാറ്റിമറിക്കും.''

തീര്‍ച്ചയായും, ആദമിന്റെ മക്കളില്‍ ദുഷ്പ്രവൃത്തികളെ മനോഹരമായി കാണിക്കുന്ന ഒരു കൂട്ടുകാരനില്ലാത്തവരായി ആരുമില്ല. ഈ പിശാച് അവനെ ആശയക്കുഴപ്പത്തിലാക്കാന്‍ ഏതറ്റംവരെയും പോകും.

പ്രവാചകന്‍ (സ) പറഞ്ഞു: തീര്‍ച്ചയായും, ആദംസന്തതികളുടെ ഞരമ്പുകളില്‍ രക്തം ഓടുന്നതുപോലെ ശൈത്വാന്‍ ആദംസന്തതികളുടെ ഞരമ്പുകളില്‍ ഓടുന്നു...''

ആദം നബി(അ)യോടും ഹവ്വാ ബീവിയോടും അല്ലാഹു സ്വര്‍ഗത്തില്‍നിന്ന് ഇറങ്ങിപ്പോകാന്‍ കല്‍പ്പിച്ചു, ഈ ഒരു മുന്നറിയിപ്പോടെ: സ്വര്‍ഗത്തില്‍നിന്നു വ്യത്യസ്തമാണ് ഭൗതിക ജീവിതം. നിങ്ങള്‍ അവിടെ പരസ്പരം ശത്രുക്കളായിരിക്കും. സ്വാര്‍ത്ഥത നിങ്ങളെ അന്യോന്യം ശത്രുക്കളാക്കും. പ്രവാചകന്മാരെ അയച്ചും വേദഗ്രന്ഥങ്ങള്‍ ഇറക്കിയും ഞാന്‍ നിങ്ങള്‍ക്കു മാര്‍ഗദര്‍ശനം നല്‍കും. ആ മാര്‍ഗദര്‍ശനം പിന്തുടരുക - അതാണ് മോചനത്തിന്റെ മാര്‍ഗം. അല്ലാഹുവിന്റെ മാര്‍ഗദര്‍ശനം പിന്തുടരുന്നവര്‍ക്ക് ഇഹലോകത്ത് വഴിതെറ്റിപ്പോവുകയില്ല. പരലോകത്ത് പ്രയാസം നേരിടുകയുമില്ല. ആദം നബി(അ)ക്കും ഹവ്വാബീവിക്കും മാത്രമല്ല അന്ത്യനാള്‍ വരേക്കുള്ള ഇരുവര്‍ഗത്തിന്റെയും സന്താനപരമ്പരകള്‍ക്കും ഇത് ബാധകമാകുന്നു.

എന്നാല്‍ മനുഷ്യന്‍ ഇബ്‌ലീസില്‍നിന്നു വ്യത്യസ്തനാണ്. അബദ്ധം പറ്റിയെന്ന് തോന്നേണ്ട താമസം ആദം നബി നിര്‍വ്യാജം പശ്ചാത്തപിച്ചു. അല്ലാഹു ആ പശ്ചാത്താപം സ്വീകരിക്കുകയും അപ്പോഴേ ആ പാപം പൊറുത്തുകൊടുക്കുകയും ചെയ്തു. അതിനാല്‍ മുജ്ജന്മ പാപത്തിനോ ഈ ജന്മ പാപത്തിനോ ഒരു വഴിയും അവശേഷിക്കുന്നില്ല. ഇല്ലാത്ത ഒരു ദൈവപുത്രനെയുണ്ടാക്കി മനുഷ്യക്കോലത്തില്‍ ഭൂമിയിലേക്കയച്ച് അവനെ നിഷ്ഠൂരമായി കുരിശില്‍ മരിപ്പിക്കേണ്ട ഒരു ആദിപാപവും ദൈവത്തിനും മനുഷ്യര്‍ക്കുമിടയില്‍ അതിന്റെ പേരില്‍ അവശേഷിക്കുന്നുമില്ല. സ്വര്‍ഗത്തില്‍ നടന്നത് ഒരു പരീക്ഷണമാണ്. ഭൂമിയിലേക്കായി സൃഷ്ടിക്കപ്പെട്ട രണ്ടു വര്‍ഗങ്ങളെ ഭൂമിയില്‍ നിയോഗിക്കുമ്പോള്‍ എന്തു സംഭവിക്കുമെന്ന് അവരുടെതന്നെ ബോധപൂര്‍വ്വമായ പ്രവൃത്തികളിലൂടെ അവരെത്തന്നെ ബോധ്യപ്പെടുത്താനുള്ള പരീക്ഷണം. അതിന് എല്ലാ സൃഷ്ടിജാലങ്ങളെയും സാക്ഷിയാക്കി എന്നു മാത്രം. ഇബ്‌ലീസിനെയും ജിന്നുകളെയും എന്തുകൊണ്ട് ഭൂമിയില്‍ പ്രതിനിധികളാക്കിയില്ല എന്നതിന്റെ ന്യായവും ഇതോടെ അവരടക്കം എല്ലാവരെയും ബോധ്യപ്പെടുത്തി.

(അപ്രകാരം ഓരോ പ്രവാചകനും മനുഷ്യരിലും ജിന്നുകളിലും പെട്ട പിശാചുക്കളെ നാം ശത്രുക്കളാക്കി. കബളിപ്പിക്കുന്ന ഭംഗിവാക്കുകള്‍ അവര്‍ അന്യോന്യം ദുര്‍ബോധനം ചെയ്യുന്നു) (6: 112)

എന്തിനാണ് മനുഷ്യരെ സൃഷ്ടിച്ചത്?

പരിശുദ്ധ ഖുര്‍ആനിലല്ലാതെ, മറ്റൊരിടത്തും അഥവാ, മറ്റൊരു വേദത്തിലും അതിനു ന്യായമായ വിശദീകരണം കണ്ടെത്താനാവില്ല.

''അല്ലാഹുവിനെ മാത്രം ആരാധിക്കാന്‍ വേണ്ടിയാണ് മനുഷ്യരെയും ജിന്നുകളെയും അല്ലാഹു സൃഷ്ടിച്ചത്.'' (വി.ഖു. 2/213)

'ലി യഅ്ബുദൂനീ'-എന്നാല്‍ എന്നെ മാത്രം ആരാധിക്കാന്‍ വേണ്ടി, 'ലി യഅ്‌രിഫൂനീ' എന്നും പണ്ഡിതന്മാര്‍ അര്‍ത്ഥം പറ ഞ്ഞിട്ടുണ്ട്. 'എന്നെ അറിയാന്‍ വേണ്ടി.' അതായത് എന്നെ നേരാംവണ്ണം അറിഞ്ഞ് ആരാധിക്കാന്‍ വേണ്ടി എന്നര്‍ത്ഥം. ഒരു വേദത്തിലും ഇതില്‍നിന്നു വ്യത്യസ്തമായ ഒരു വ്യാഖ്യാനം കാണുന്നില്ല.

മനുഷ്യര്‍ ഏത് ലക്ഷ്യത്തിനാണോ സൃഷ്ടിക്കപ്പെട്ടത് അവരെക്കൊണ്ട് അതിനു നേര്‍വിപരീതം പ്രവര്‍ത്തിപ്പിക്കുകയാണ് ഇബ്‌ലീസിന്റെ ലക്ഷ്യം. എന്നാല്‍ ഇബ്‌ലീസിനെ സംബന്ധിച്ചിടത്തോളം ഇതത്ര എളുപ്പമുള്ള കാര്യമല്ല. ഈശ്വരബോധവും നന്മതിന്മകളെക്കുറിച്ചുള്ള വകതിരിവും മനുഷ്യരില്‍ അന്തര്‍ലീനമാണ്. അതിനാല്‍ മനുഷ്യരെ സ്വര്‍ഗത്തില്‍നിന്നു പുറത്താക്കിയ അതേ സൂത്രംതന്നെ അവനു ഭൂമിയിലും പ്രയോഗിക്കേണ്ടിവരും. അതായത്, ചതി. ഇതിനുള്ള ഏറ്റവും നല്ല ഉപായമാണ് 'ബിദ്അത്ത്.' അതെ, അല്ലാഹുവിലുള്ള വിശ്വാസത്തെ സംബന്ധിച്ചും അവനിലേക്ക് അടുപ്പിക്കുന്ന മാര്‍ഗങ്ങളെക്കുറിച്ചും ആശയക്കുഴപ്പമുണ്ടാക്കുന്ന പുതിയ ആശയങ്ങള്‍ മനുഷ്യബുദ്ധിയില്‍ രൂപപ്പെടുത്തുകയും അവരിലൂടെ തന്നെ മനുഷ്യവര്‍ഗത്തില്‍ സന്നിവേശിപ്പിക്കുകയും ചെയ്യുന്നതിലൂടെ മാത്രമേ മാനവരാശിയെ തോല്പിക്കാന്‍ കഴിയൂ എന്ന് ഇബ്‌ലീസിനു നന്നായറിയാം. ഇതാണ് ബിദ്അത്ത്. അത് എപ്രകാരമാണ് ഇബ്‌ലീസിന്റെ ഉപകരണമാകുന്നതെന്ന് ബിദ്അത്ത് എന്താണെന്നു ചുരുക്കി മനസ്സിലാക്കിയ ശേഷം ആദ്യം പരിശോധിക്കാം.

ഖുര്‍ആനിലോ സുന്നത്തിലോ പൂര്‍വ്വ മാതൃകയില്ലാതെ മതത്തില്‍ കെട്ടിച്ചമച്ചുണ്ടണ്ടാക്കുന്ന ഒരു കാര്യമാണ് ബിദ്അത്ത്. അതായത്, ഒരു കാര്യം നൂതനമായി ആവിഷ്‌കരിക്കുന്നതിനാണ് 'ബിദ്അത്ത്' എന്നു പറയുന്നത്. അഥവാ പുതിയ ഒരു കാര്യം നിലവില്‍ കൊണ്ടുവരുക. ഈ ലോകം ഇതിനു മുമ്പുണ്ടായിരുന്നില്ല. ആകാശഭൂമികളെ അല്ലാഹു സൃഷ്ടിച്ചതോടെയാണ് അത് ആവിര്‍ഭവിച്ചത്. അതിനാല്‍ അത് ഉത്ഭവിച്ചവന്‍ സ്വയം പരിചയപ്പെടുത്തുന്നത് 'അല്‍ ബദീഅ്' എന്നാണ്. അല്ലാഹുവിന്റെ വിശേഷ നാമങ്ങളിലൊന്നായ ഇതിന്റെ അര്‍ത്ഥം 'നൂതനമായി സൃഷ്ടിച്ചവന്‍' എന്നാണ്.

(بَدِيعُ السَّمَاوَاتِ وَالأَرْضِ)

(ആകാശ-ഭൂമികളെ ആവിര്‍ഭവിപ്പിച്ചവന്‍, നൂതനമായി സൃഷ്ടിച്ചവന്‍) (2:117)

(قُلْ مَا كُنتُ بِدْعًا مِّنْ الرُّسُلِ)

(''പ്രവാചകന്മാരില്‍ ഞാന്‍ ഒരു പുതുമാര്‍ഗിയല്ല.'') (46:9)

ജീവിതത്തിലെ വിവിധ കാര്യങ്ങളില്‍ നടത്തുന്ന അഭികാമ്യമായ നവീകരണത്തിനാണ് ബിദ്അത്ത് (ബിദ്അഃ അറബി ഉച്ചാരണം, ബിദ്അത്ത് ഉര്‍ദു ഉച്ചാരണം) എന്നു പൊതുവെ പറയുന്നത്. അതായത്, ബിദ്അത്ത് എന്നത് അക്ഷരാര്‍ത്ഥത്തിലെടുത്താല്‍ അതൊരു ചീത്ത വാക്കല്ല, ചീത്ത സങ്കല്പവുമല്ല. ആ പ്രവൃത്തിയും അക്ഷരാര്‍ത്ഥത്തില്‍ ചീത്തയല്ല, ചില സന്ദര്‍ഭത്തില്‍ മാത്രമാണ് അത് ചീത്തയാകുന്നത്. കാരണം, മതപരമായ കാര്യങ്ങളിലൊഴികെ പൊതുവേ നവീകരണം സ്വീകാര്യവും പ്രോത്സാഹനാ ജനകവുമാണ്. എന്നാല്‍ സ്വീകാര്യമല്ലാത്ത സാഹചര്യങ്ങളുമുണ്ട്. അതുകൊണ്ടുതന്നെ അനുവദനീയവും അല്ലാത്തതുമായ ബിദ്അത്തുകള്‍ വേര്‍തിരിച്ചു മനസ്സിലാക്കണം. എന്നാല്‍, അത് മതത്തിന്റെ വിഷയത്തില്‍ വരുമ്പോള്‍ അത് എല്ലായ്‌പ്പോഴും ചീത്തതന്നെയാണ്.