അല്‍ജമാഅത്ത് എന്നാല്‍, ഇന്നത്തെപോലെ ബിദ്ഈ സംഘടനകളുണ്ടാക്കി പരസ്പരം കലഹിക്കുന്നതിന്റെ പേരല്ല. എല്ലാ മുസ്‌ലിംകളെയും ഒന്നായിക്കാണുക, എല്ലാവരും പരസ്പരം സഹോദരന്മാരാണെന്നു മനസ്സിലാക്കുക, എല്ലാവരും പരസ്പരം സലാം പറയുകയും പരസ്പരം സഹകരിച്ചു പ്രവര്‍ത്തിക്കുകയും ചെയ്യുക, ജുമുഅ, പെരുന്നാള്‍ നമസ്‌കാരങ്ങള്‍ക്ക് ഓരോ മഹല്ലിലും അവിടത്തെ ഒരേ ഒരു മസ്ജിദില്‍, ഈദ്ഗാഹില്‍ ഒരുമിച്ചുകൂടുക, ഒരേ ദിവസം നോമ്പുതുടങ്ങുകയും നോമ്പു മുറിക്കുകയും ചെയ്യുക, സകാത്തും ഫിത്വ്ര്‍ സകാതും ഒന്നിച്ചു പിരിച്ചെടുത്ത് ഒന്നിച്ചു വിതരണം ചെയ്യുക, ദുരിതങ്ങളും ദുരന്തങ്ങളും ഒന്നിച്ചുനേരിടുക എന്നതാണ് ഇതിന്റെ പ്രാഥമിക കാര്യങ്ങള്‍. അതായത്, സന്തോഷത്തിലും സന്താപത്തിലും ഒന്നിച്ചാവുക.
പ്രാവര്‍ത്തികമാക്കാന്‍ എളുപ്പമുള്ള കാര്യങ്ങളാണ് എല്ലാം. ഒരു വീട്ടിന്റെ ഐക്യം അവിടെ സംഘടന രൂപീകരിച്ചതുകൊണ്ടല്ലല്ലോ. അവര്‍ പരസ്പരം ഉറ്റവരും രക്തബന്ധുക്കളും ഏകോദര സഹോരങ്ങളും ആണെന്നു തിരിച്ചറിയുന്നതുകൊണ്ടാണ് അവര്‍ക്കിടയില്‍ ഐക്യമുണ്ടാകുന്നത്. സ്വാഭാവികമായും സുഖത്തിലും ദുഃഖത്തിലും ഒന്നിച്ചു നില്‍ക്കേണ്ടവരാണെന്ന ബോധം പുറത്തുനിന്നു പഠിപ്പിക്കപ്പെടാതെത്തന്നെ അവര്‍ക്കെല്ലാം സഹജമായി വരുന്നു. പ്രതിസന്ധികളെ അവര്‍ ഒറ്റക്കെട്ടായി തരണം ചെയ്യുന്നു. ഇസ്‌ലാമിക സമൂഹത്തിലെ ഓരോ മുസ്‌ലിമും തന്റെ ഉറ്റവനും സഹോദരനുമാണെന്ന ഈ ബോധമാണ് അല്‍ജമാഅതിന്റെ അടിസ്ഥാനം.
ഇതിനു വിപരീതമാണ് സംഘടനകള്‍. അവര്‍ ഭിന്നിക്കാനുള്ള മാര്‍ഗങ്ങളെക്കുറിച്ചു ഗവേഷണം നടത്തി മതത്തിനുള്ളില്‍ മറ്റൊരു മതം സൃഷ്ടിക്കുകയാണ്. അറിവും അനുഭവവും കുറവായതിനാല്‍ സംഘടനാപരമായ ഭിന്നിപ്പുകളെക്കുറിച്ചാണ് ആകെ പ്രസംഗിക്കാനുള്ളൂത്. ഒറ്റ സംഘടനയേ ഉള്ളൂവെങ്കില്‍ ഒരുപാടറിവും ഒരുപാടു കഴിവുമുള്ളവര്‍ക്കേ നേതൃത്വത്തിലെത്താനും അതിന്റെ വക്താവാകാനും അവസരം കിട്ടുകയുള്ളൂ എന്നാണ് സംഘടനാ ഖുത്വബാക്കാളുടെയും ഛോട്ടാ ഉമറാക്കളുടെയും ആശങ്ക. എന്നാല്‍, കാക്കത്തൊള്ളായിരം സംഘടനകളായാല്‍ വാളുകിട്ടിയവനൊക്കെ വെളിച്ചപ്പാടാകാം. എല്ലാവര്‍ക്കും നേതാവും പ്രസംഗകനുമാകാം. ഇപ്പോഴത്തെ അവസ്ഥ അതാണ്. എല്ലാവരും പ്രഭാഷകരാണ്, നേതാക്കളാണ്. അവര്‍ മണിക്കൂറുകള്‍ പ്രസംഗിക്കും. എല്ലാം ചര്‍വ്വിത ചര്‍വ്വണം. കഴിഞ്ഞ ദശകത്തില്‍ എ.പി.-ഇ.കെ. സമസ്തകള്‍ തമ്മില്‍ ലയിക്കാനൊരു നീക്കം നടക്കുകയുണ്ടായി. ഇ.കെ.യുടെ മരണശേഷമായിരുന്നു അത്. ഗുജറാത്ത് കലാപവും കൂട്ടക്കൊലകളും അരങ്ങുതകര്‍ക്കുന്ന കാലം. ഒന്നാം സമസ്തയുടെ സമുന്നത നേതാക്കള്‍ക്ക് പൊതുവേ ഐക്യം സമ്മതമായിരുന്നു. രണ്ടാം സമസ്തയും തഥൈവ. പക്ഷേ, പ്രശ്‌നം തുടങ്ങിയത് ഒന്നാം സമസ്തയുടെ രണ്ടാംനിര നേതാക്കന്മാരില്‍ നിന്നായിരുന്നു. അവര്‍ പല്ലും നഖവും ഉപയോഗിച്ച് ഐക്യത്തെ എതിര്‍ത്തു. കാരണമെന്തെന്നു പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ. രണ്ടാം സമസ്തയിലെ രണ്ടാം നിര നേതാക്കന്മാര്‍ എല്ലാ സ്ഥാനങ്ങളും പിടിച്ചടക്കും. അവര്‍ കൂടുതല്‍ അറിവും കഴിവും സാമര്‍ത്ഥ്യവും സംഘടനാമിടുക്കും ഉള്ളവരാണ്.
സംഘടന നല്കുന്ന മുഅല്ലിം മുതല്‍ ഓഫീസ് സെക്രട്ടറി വരെയുള്ള തൊഴില്‍ മാത്രം ചെയ്ത് ഉപജീവനം കഴിച്ചുപോന്ന പതിനായിരങ്ങള്‍ തൊഴിലില്ലാത്തവരാകും എന്നാണ് അവര്‍ അന്ന് ഐക്യപ്പെടാതിരിക്കാന്‍ കാരണമായി പറഞ്ഞത്. മുജാഹിദ് വിഭാഗത്തിനുമുണ്ടാകും ഇത്തരം അനുഭവങ്ങള്‍ പറയാന്‍. ഇതൊന്നും ഈ വ്യക്തികളുടെ കുറ്റമല്ല എന്നു പറയാനാണ് ഇത്രയും വിവരിച്ചത്. ഇത് ഈ സിസ്റ്റത്തില്‍ എംബെഡ്ഡഡ് ആയ തിന്മകളാണ്. ഈ സിസ്റ്റം പൂര്‍ണമായി ഒഴിവാക്കിയാലല്ലാതെ ഇതിലകപ്പെട്ട ആര്‍ക്കും ആ തിന്മയില്‍നിന്നു മുക്തമാകാന്‍ കഴിയില്ല. അതിനകത്തു നടത്തുന്ന തര്‍ബിയ്യതും തസ്‌കിയ്യതുമൊന്നും അവരെ നന്നാക്കിത്തീര്‍ക്കുകയില്ല. മാത്രമല്ല, ഈ സംഘടയല്ലാതെ ശരിയില്ല, അതിനാല്‍ ഇതു മാത്രം മതി, മറ്റൊന്നും വേണ്ട, ഈ സംഘടന വിട്ടുള്ള ഒരു മാറ്റത്തെ സംബന്ധിച്ച ചിന്തപോലും പാപമാണ് എന്ന അവസ്ഥയിലേക്കാവും അവ അവരെ കൊണ്ടെത്തിക്കുക. ഈ ചിന്ത അവരെ കൂടുതല്‍ മിഥ്യാബോധത്തിലേക്കു നയിക്കുകയും ചെയ്യും.
ഒരിക്കല്‍ ഒരു സംഘടന രൂപപ്പെട്ടാല്‍ അത് അതിന്റെ തിന്മകള്‍ പടര്‍ത്തിക്കൊണ്ടേയിരിക്കും. അതു ചത്തടിഞ്ഞാലും അതു തൊടുത്തുവിട്ട വിഷമുള്ളുകള്‍ അവശേഷിക്കും. നാരകം കെട്ടാലും അതിന്റെ മുള്ളുകളുടെ ഉപദ്രവം ബാക്കിയാവുന്നതുപോലെ. ഒരു സംഘടനയില്‍ പെട്ടവര്‍ വേറൊരു സംഘടനയില്‍ ചേര്‍ന്നാലും ചേര്‍ന്നില്ലെങ്കിലും പിന്നീടവര്‍ നന്നായ ചരിത്രമില്ല. കോണ്‍ഗ്രസ്സുകാരും കേരള കോണ്‍ഗ്രസ്സുകാരും പരസ്പരം തെറ്റിപ്പിരിഞ്ഞു വെവ്വേറെ പാര്‍ട്ടിയായി വീണ്ടും ഐക്യപ്പെട്ടപ്പോള്‍ സംഭവിച്ചതുപോലെത്തന്നെ. മൂസായുടെ സാമിരിയെപ്പോലെ അവര്‍ എവിടെയും പരസ്പരം അസ്പൃശ്യരായി, പട്ടിതൊട്ട കലം പോലെയാകും. ഒന്നുകില്‍ ഒരു നിസ്സംഗഭാവം. അല്ലെങ്കില്‍ വിമത സ്വഭാവം.
സംഘടനയില്ലെങ്കില്‍ ആപത്ഘട്ടങ്ങളില്‍ ആര് സഹായിക്കും? ഇതായിരുന്നു ഒന്നാം സമസ്തയിലെ രണ്ടാംനിര നേതാക്കന്മാരുടെ ആശങ്ക. തങ്ങളെ ഇതുവരെ ഒഴുക്കിക്കൊണ്ടുവന്ന ആ മഹാ പ്രവാഹത്തില്‍നിന്നു തങ്ങള്‍ പുറത്താകുമോ എന്ന ഭയം. അവര്‍ ഭരമേല്പ്പിച്ചത് ഏതിലായിരുന്നുവെന്നതിനെയാണ് ഇതു സൂചിപ്പിക്കുന്നത്. അല്ലാഹുവില്‍ ഭരമേല്പിച്ചിരുന്നെങ്കില്‍ അവര്‍ക്കീ ഭയമുണ്ടാകുമായിരുന്നില്ല. അവര്‍ ഭരമേല്പിച്ചത് സംഘടനകളിലായിരുന്നു. അവരെ സംബന്ധിച്ചിടത്തോളം സംഘടനയായിരുന്നു അവരുടെ അന്നദാതാവ്, അല്ലാഹുവല്ല. അവര്‍ അല്ലാഹുവില്‍ വിശ്വസിച്ചു. പക്ഷേ, സംഘടനകളെ കഴിച്ചു ഭാഗികമായ ഒരു വിശ്വാസം.
ഇതൊന്നും ഇവര്‍ ഭയങ്കരന്മാരായതുകൊണ്ട് സംഭവിച്ചതല്ല. സംഘടന കാരണം സംഭവിച്ചുപോയ മരവിപ്പിന്റെയും ദൈവകൃപാനഷ്ടത്തിന്റെയും ഫലമായി സംഭവിച്ചതാണ്. സംഘടനകള്‍ കാരണം മനുഷ്യര്‍ക്ക് ആത്മവിശ്വാസം മാത്രമല്ല, അല്ലാഹുവിലുള്ള വിശ്വാസം പോലും നഷ്ടപ്പെടുകയാണ്. തങ്ങള്‍ക്കും അല്ലാഹുവിനുമിടയിലുള്ള ഒരു പൊക്കിള്‍ക്കൊടി ബന്ധംപോലെ, ശുപാര്‍ശകര്‍ പോലെ, ഇടയാളന്മാരായും ഇടതേട്ടക്കാരായും സംഘനടകള്‍ ഇടക്കുകേറി വരുമ്പോള്‍ ഈ പാവങ്ങള്‍ സംഘടനകളെ തവസ്സുലാക്കുകയാണ്. സംഘടനകളിലൂടെയാണ് ഇവര്‍ അല്ലാഹുവിലേക്ക് ഇസ്തിഗാസ നടത്തുന്നത്.
- വമാ യഅ്ബുദൂനല്ലാഹ ഇല്ലാ അലാ ഹറഫിന്‍...
(ഒരരികത്തു നിന്നുകൊണ്ടല്ലാതെ അവര്‍ അല്ലാഹുവിനെ ആരാധിക്കുന്നില്ല.)
ഒന്നിലും പൂര്‍ണമായ ഒരു ബോധ്യമില്ലായ്കയിലായിരുന്നു അവര്‍.
- വമാ ഖദറൂല്ലാഹ് ഹഖ്ഖ ഖദ്‌രിഹി.
(അവര്‍ അല്ലാഹുവിനെ ഗൗനിക്കേണ്ട പ്രകാരം ഗൗനിച്ചില്ല,)
അല്ലാഹുവിനെയും അവര്‍ ഒരു ശരാശരി ദൈവമായി കണ്ടു. ഒരു പൂര്‍ണദൈവമായി കണ്ടില്ല. നുജബാഉം നുഖബാഉം മറ്റ് ഔലിയാക്കളുമൊക്കെയായി പൂര്‍ണ്ണമാകുമ്പോഴേ അല്ലാഹുവിന്റെ മലക്കൂത്ത് പൂര്‍ണമാകൂ എന്നവര്‍ കരുതി.
അവര്‍ നല്ല പ്രഭാഷകരായിരുന്നു, ഓരോ പ്രഭാഷണത്തിലും അവര്‍ പറയുകയും ചെയ്യും.
- ഇത്തഖ്വൂല്ലാഹ ഹഖ്ഖ തുഖ്വാതിഹി...
(അല്ലാഹുവിനെ സൂക്ഷിക്കേണ്ട പ്രകാരം സൂക്ഷിക്കുക)
അവരുടെ തഖ്‌വ ജുമുഅ കഴിഞ്ഞുപിരിഞ്ഞുപോകുമ്പോള്‍ മഹല്ല് സെക്രട്ടറി കവറില്‍ വെച്ചുനീട്ടുന്ന കവറിനപ്പുറം വളര്‍ന്നില്ല. (എല്ലാവരെക്കുറിച്ചുമല്ല പറയുന്നത്, മാറ്റിനിര്‍ത്തപ്പെടേണ്ട നിസ്വാര്‍ത്ഥ മാതൃകാവ്യക്തിത്വങ്ങള്‍ എല്ലാ സംഘടനകളിലുമുണ്ട് എന്ന കാര്യം വിസ്മരിക്കുന്നുമില്ല.)
അടിമച്ചങ്ങല ശരീരത്തിന്റെ ഭാഗമാണെന്നത്രെ പണ്ടത്തെ അടിമകള്‍ കരുതിയിരുന്നത്. അതുപോലെയാണ് ഇന്നത്തെ സംഘടനാ മുസ്‌ലിംകളുടെയും അവസ്ഥ. സംഘടനയെക്കൂടാതെ ഒരസ്തിത്വം അവര്‍ക്കു വിഭാവന ചെയ്യാന്‍ കഴിയുന്ന ഒന്നല്ല. സംഘടനയില്ലെങ്കില്‍ കരക്കുപിടിച്ചിട്ട മീനിനെപ്പോലെ അവര്‍ മരണവെപ്രാളത്തിലാവും. അവര്‍ക്കു ശ്വാസം മുട്ടും. ഈ ബിദ്അത്ത് - ഈ ഇബ്‌ലീസ് - അത്രത്തോളം ആഴത്തില്‍ അവരില്‍ സ്വാധീനമുറപ്പിച്ചുകഴിഞ്ഞു.
അല്ലാഹുവും അവന്റെ ദൂതരും സച്ചരിതരായ ഖലീഫമാരും മുസ്‌ലിംകളെ പരമാവധി സ്വതന്ത്രരാക്കുകയാണ് ചെയ്തത്. ഓരോരുത്തരെയും ഓരോ സ്വതന്ത്രവ്യക്തിത്വമാക്കി. അനുസരിക്കപ്പെടാന്‍ മാത്രമല്ല, ആവശ്യമായിടത്ത് നേതാക്കളെ ചോദ്യം ചെയ്യാനും പഠിപ്പിച്ചു.
താന്‍ വേണ്ടെന്നുവെച്ച ഭര്‍ത്താവിന്റെ കൂടെ നില്‍ക്കുക എന്നു നബി (സ) ഉപദേശിച്ച സ്ത്രീ ചോദിച്ചു: ഇത് അല്ലാഹുവിന്റെ കല്പനയോ അതോ താങ്കളുടെ നിര്‍ദേശമോ? പ്രവാചകന്റെ വ്യക്തിപരമായ നിര്‍ദേശമാണ്, അല്ലാഹുവിന്റെ കല്പനയല്ല എന്നു പ്രവാചകന്‍ അറിയിച്ചപ്പോള്‍ അവര്‍ സ്വന്തം തീരുമാനത്തിനാണു മുന്‍തൂക്കം നല്കിയത്. അതിനെതിരേ വഹ്‌യൊന്നും ഇറങ്ങിയില്ല. നബിയായതുകൊണ്ടാണ് അവരിത്രയും ചോദിക്കാന്‍ പോലും തയ്യാറായത്. മറ്റൊരാളായിരുന്നെങ്കില്‍ അപ്പോള്‍ തന്നെ "മനസ്സില്ല" എന്നു പറയുമായിരുന്നു.
ഇതാണ് ഇസ്‌ലാം വളര്‍ത്തിയെടുത്ത വ്യക്തിത്വം. ഇതാണ് ഇസ്‌ലാം ഓരോ വ്യക്തിക്കും കല്പിച്ച സ്വാതന്ത്ര്യം. ഈ സ്വാതന്ത്ര്യം അടിയറവുവെച്ചാല്‍ പിന്നെ മുസ്‌ലിം ഇല്ല, മനസ്സ് സ്വതന്ത്രനല്ലാത്ത മുസ്‌ലിം മുസ്‌ലിമല്ല, അവന്‍ അമുസ്‌ലിമാണ്, അല്ലെങ്കില്‍ അതിനേക്കാള്‍ കഷ്ടസ്ഥിതിയിലായിരിക്കും. അവന്‍ ഒരുപാട് ദൈവങ്ങളെ പൂജിക്കേണ്ടിവരും.
സംഘടനകള്‍ നമ്മെ ചില നേതാക്കളുടെ പിന്നാലെ കൂടികളാക്കുകയാണ്. ജനങ്ങള്‍ക്കു മുന്നില്‍ നില്‍ക്കാനാണ് നാം ഓരോരുത്തരോടും ഇസ്‌ലാം പഠിപ്പിക്കുന്നത്: വജ്അല്‍ നാ ലില്‍ മുത്തഖ്വീന ഇമാമാ...
സംഘടനകള്‍ അതു തിരുത്തിവായിക്കുകയാണ്: വജ്അല്‍നാ ലി സാദാതിനാ മഅ്മൂമാ...
ഞങ്ങളുടെ (പിഴച്ചവരും ബിദ്ഇകളുമായ) നേതാക്കളുടെ എക്കാലത്തെയും അണികളാകാന്‍ ഭാഗ്യം തരേണേ!
നിങ്ങള്‍ ആരുടെയും കൂടെക്കൂടികളാകരുത് എന്നാണ് സ്വഹാബിമാര്‍ നമ്മെ പഠിപ്പിച്ചത്.
''നിങ്ങളാരും ഒപ്പംകൂടികളാകരുത്. അവര്‍ പറയും: "ഞാന്‍ ജനങ്ങളേടൊപ്പമാണ്. അവര്‍ നന്മ ചെയ്താല്‍ ഞാനും നന്മ ചെയ്യും. അവര്‍ തിന്മ ചെയ്താല്‍ ഞാനും തിന്മ ചെയ്യും." എന്നാല്‍ ജനം തിന്മചെയ്യുമ്പോഴും നന്മചെയ്യാന്‍ നിങ്ങള്‍ നിങ്ങളെ പ്രാപ്തരാക്കുക.'' (തിര്‍മിദി)
ഇതാണ് നബി(സ)യുടെ അനുയായികള്‍ നമ്മെ പഠിപ്പിച്ചത്. അപ്പോള്‍ നബി(സ) അവരെ എത്രമാത്രം സ്വതന്ത്രരാവാന്‍ പഠിപ്പിച്ചിട്ടുണ്ടാവും?
നമുക്ക് ഈ സമുദായത്തോടുള്ള സ്‌നേഹം വിശ്വാസത്തിന്റെ ഭാഗമാണ്. വിശ്വാസികള്‍ പരസ്പരം സ്‌നേഹിക്കുന്നവരും ആദരിക്കുന്നവും സഹകരിച്ചു പ്രവര്‍ത്തിക്കുന്നവരും സംരക്ഷിക്കുന്നവരുമാണ്. എന്തിനധികം വിശ്വാസത്തില്‍നിന്ന് ഏറെ അകലത്തു നില്‍ക്കുന്ന ജൂതക്രൈസ്തവ മതക്കാരോടും അതിനും പുറത്ത് അഗ്നിയാരാധകരോടുപോലും ഇസ്‌ലാം വെച്ചുപുലര്‍ത്തുന്ന സ്‌നേഹം ഈ സ്‌നേഹത്തിന്റെ, സ്‌നേഹിക്കുക എന്ന ഈ അധ്യാപനത്തിന്റെ ഭാഗമാണ്. അവരെ അഹ്‌ലുകിതാബ് എന്നാണ് വിളിച്ചത്. ആ വേദം തന്നെയും മാറ്റിമറിക്കപ്പെട്ടതാണ് എന്നറിഞ്ഞുകൊണ്ടാണ് ഈ അഭിസംബോധന. ദൈവം മൂന്നില്‍ മൂന്നാമനാണെന്നു പറഞ്ഞവരോടു പോലും ഇസ്‌ലാം കാണിച്ച അലിവ് അപാരമാണ്.
മനസ്സ് സ്വതന്ത്രനായവനേ മുസ്‌ലിമാകാന്‍ കഴിയൂ. മനസ്സുകൊണ്ട് അവനു മാത്രമേ അല്ലാഹുവിന്റെ മാത്രം അടിമയാവാന്‍ കഴിയൂ. അവനു മാത്രമേ അല്ലാഹുവിനെ മാത്രം തന്റെ യജമാനനായി കാണാന്‍ കഴിയൂ. അപ്പോള്‍ അവരുടെ കോപവും സ്‌നേഹവും സഹകരണവുമെല്ലാം അല്ലാഹുവിനു വേണ്ടിയാവും. നബി (സ) പറഞ്ഞതായി ഇബ്‌നുഅബ്ബാസ് നിവേദനം ചെയ്യുന്നു:
''ആരെങ്കിലും ജനങ്ങളുടെ തൃപ്തിക്കുവേണ്ടി അല്ലാഹുവിനെ കുപിതനാക്കിയാല്‍ അല്ലാഹു അവനോടു കുപിതനാവും. അല്ലാഹുവിനു കോപമുണ്ടാക്കും വിധം ആരെയാണോ അവന്‍ തൃപ്തിപ്പെടുത്തിയത് അവര്‍ക്കും അവനോടു കോപമുണ്ടാകും. ഒരാള്‍ ജനത്തെ വെറുപ്പിച്ച് അല്ലാഹുവിനെ സംതൃപ്തനാക്കിയാല്‍ അല്ലാഹു അവനെ തൃപ്തിപ്പെടുത്തുകയും അല്ലാഹുവിനുവേണ്ടി അവന്‍ വെറുപ്പിച്ചവര്‍ക്ക് അവനോട് തൃപ്തി തോന്നുകയും ചെയ്യും..'' (തിര്‍മിദി)
അവരെ മതസംഘടനകള്‍ പോലുള്ള വിഭാഗീയതയിലേക്കു വിളിച്ചാല്‍ അവര്‍ പറയും:
''തീര്‍ച്ചയായും ഞാന്‍ മുസ്‌ലിംകളില്‍ പെട്ടവനാണ്.''
ഈ സമുദായത്തിന്റെ കഴുത്തിനു കത്തിവെക്കാന്‍ ഞാനില്ല. ഇസ്‌ലാം, അതു തന്നെയാണെന്റെ സംഘടന. അതല്ലാത്ത മറ്റൊന്നിലേക്കും ഞാനില്ല. ഇതൊക്കെ ഇബ്‌ലീസ് നിര്‍മ്മിച്ചെടുത്ത ചില പാക്കേജുകളും പേക്കോലങ്ങളുമാണ്. നിങ്ങള്‍ വിളിച്ച ചില പേരുകളാണ്. ഇതിനെയൊന്നും പൂജിക്കാനോ ഇതിന്റെയൊന്നും പിന്നാലെ പോകാനോ ഞാനില്ല.
നമ്മുടെ നേതാക്കളും ഭരണാധികാരികളും ഭരണകൂടവും എല്ലാ കാലത്തും നല്ലതാവുക എന്നത് അനിവാര്യമൊന്നുമല്ല. മറിച്ചാണ് അനിവാര്യതയായി അനുഭവപ്പെടുന്നത്. കാരണം, ഇത് പരീക്ഷണത്തിന്റെ ലോകമാണ്. നന്മയും തിന്മയും സുഖവും ദുഃഖവും സല്‍ഭരണവും ദുര്‍ഭരണവും ജനാധിപത്യവും രാജാധിപത്യവും സ്വാതന്ത്ര്യവും പാരതന്ത്ര്യവും അടിച്ചമര്‍ത്തലും വിമോചനവുമെല്ലാം ഇവിടെ ഇടകലര്‍ന്നുവരും. എക്കാലവും നീണ്ടുനില്‍ക്കുന്ന ഒരു സല്‍ഭരണമോ ഇസ്‌ലാമിക ഭരണകൂടമോ ഭൂമിയില്‍ സംസ്ഥാപിക്കാനാണ് പ്രവാചകനെ നിയോഗിച്ചയച്ചതെങ്കില്‍ അല്ലാഹു അവിടുത്തെ മരിപ്പിക്കില്ലായിരുന്നു. തന്റെ സ്രഷ്ടാവിനോടു ചേരുന്ന (63ാം വയസ്സിലെ) വഫാത്, അല്ലെങ്കില്‍ ഉറപ്പായ സ്വര്‍ഗപ്രവേശനത്തോടൊപ്പം തന്നെ ലോകാവസാനം വരെ ഭൂമിയില്‍ രാജാവായി വാഴാം എന്നിവയില്‍ ഒന്ന് തിരഞ്ഞെടുക്കാന്‍ നല്കിയപ്പോള്‍ പ്രവാചകന്‍ (സ) അതു വേണ്ടെന്നു വെച്ച് അല്ലാഹുവിലേക്കു മടങ്ങാന്‍ ധൃതികൂട്ടില്ലായിരുന്നു. എന്നല്ല, പിശാചും അവന്റെ ഭരണകൂടങ്ങളുമാണ് ഇവിടെ അരിയിട്ടു വാഴുന്നത്. ഒരു നൂറ്റാണ്ടിലേറെയായി ഇബ്‌ലീസാണ് എവിടെയും വാഴുന്നത്. അവന്‍ അമീറായും രാജാവായും പ്രധാനമന്ത്രിയായും പ്രസിഡന്റായും ഫ്യൂററായാലും ജനറലായും സുല്‍ത്താനായും കിങ്ങ് ആയും കിങ്ങ് മേക്കറായും ലോകമാകെ അടക്കിവാഴുന്നു. ആണവാസ്ത്രങ്ങള്‍ മുഴുവന്‍ അവന്റെ കൈയിലാണ്. മുഴുവന്‍ ആയുധങ്ങളും സേനാവ്യൂഹങ്ങളും അവന്റെ ആജ്ഞയിന്‍ കീഴിലാണ്. കല, സാഹിത്യം, സിനിമ, മീഡിയ, സ്‌പോര്‍ട്‌സ്, ഗെയിംസ് എല്ലാം അവന്റെ കൈകളിലാണ്. ഇതൊന്നും അറിയാത്തവരായി മുസ്‌ലിംകളില്‍ ആരുമില്ല. ഇതെല്ലാം മുന്‍നിര്‍ത്തിയാണ് നിലവിലെ നേതൃത്വത്തോടു ഭിന്നതകളുണ്ടായാലും വേറെ സംഘടന രൂപീകരിച്ചു പ്രവര്‍ത്തിക്കാന്‍ നമുക്കു പാടില്ല എന്നു പറയുന്നത്. കൂട്ടത്തില്‍ നല്ല ഒരു സംഘടനയില്‍ ചേരുകയോ കൂട്ടംതെറ്റിയാല്‍ ചെന്നായ പിടിക്കും എന്നു പേടിച്ചു സ്വന്തമായി ഒരു സംഘടനയുണ്ടാക്കുകയോ, ആ ഭിന്നിപ്പിന്റെയൊക്കെ കാരണം ബിദ്അത്ത് ആണെന്നു മനസ്സിലാക്കി തന്റെ വക മറ്റൊരു ബിദ്അത്ത് ഉണ്ടാക്കുകയോ ഉണ്ടാക്കിയ ബിദ്അത്തില്‍ അംഗമാകുകയോ അല്ല വേണ്ടത്. അത്തരം പ്രലോഭനങ്ങള്‍ക്കും പ്രകോപനങ്ങള്‍ക്കും വംശംവദരാകാതെ ജാഗ്രത പാലിക്കാനാണ് അല്ലാഹുവിന്റെ റസൂല്‍ നമ്മോട് പറഞ്ഞത്. റസൂല്‍ (സ) ഇതൊക്കെ മസ്സിലാക്കിയവരായിരുന്നു.
നബി (സ) മറ്റൊരിക്കല്‍ പറഞ്ഞു: ''...നിങ്ങളില്‍ ഭാവിയില്‍ ജീവിച്ചിരിക്കുന്നവര്‍ ധാരാളം ഭിന്നതകള്‍ക്കു സാക്ഷിയാകും. അപ്പോള്‍ നിങ്ങള്‍ എന്റെ ചര്യയെയും എന്റെ സച്ചരിതരായ പിന്‍ഗാമികളുടെ ചര്യയും മുറുകെ പിടിക്കുക. അണപ്പല്ലുകള്‍ കൊണ്ട് അവയെ കടിച്ചുപിടിക്കുക. പുതുതായുണ്ടാക്കുന്ന കാര്യങ്ങള്‍ സൂക്ഷിക്കുക. എല്ലാ ബിദ്അത്തുകളും വഴികേടാണ്.''
ഹദീസില്‍ പറഞ്ഞ മുഖ്യകാര്യങ്ങള്‍ ഇങ്ങനെ വ്യവഹരിക്കാം. മുസ്‌ലിം സമൂഹത്തില്‍ ഭാവിയില്‍ ധാരാളം ഭിന്നതകളുണ്ടാവും. അവരുടെ ഐക്യം നഷ്ടപ്പെടും. അപ്പോള്‍ മുസ്‌ലിംകളുടെ ദൗത്യം ഇതത്രെ: നബിചര്യ മുറുകെ പിടിക്കുക, നബി(സ)യുടെ സച്ചരിത പിന്‍ഗാമികളുടെ ചര്യയും മുറുകെ പിടിക്കുക. അണപ്പല്ലുകള്‍ കൊണ്ട് അവ കടിച്ചുപിടിക്കുക എന്നതിനര്‍ത്ഥം നബിയുടെ സുന്നത്ത് മുറുകെ പിടിക്കുന്നതിന് അക്കാലത്ത് വലിയ പ്രയാസമായിരിക്കുമെന്നാണ്. ശത്രുക്കള്‍ മുസ്‌ലിംകളെ അവരുടെ കൈകാലുകളില്‍ പിടിച്ചു അതില്‍ നിന്നു വലിച്ചകറ്റാന്‍ ശ്രമിക്കുന്നതുകൊണ്ടാണ് അണപ്പല്ലുകള്‍ കൊണ്ട് കടിച്ചുപിടിക്കേണ്ടത്. ബിദ്അത്തുകളെ സുക്ഷിക്കുക എന്നുമാണ് തുടര്‍ന്ന് പറയുന്നത്.
ഇവിടെ ഒരു വൈരുധ്യം നോക്കുക. ഈ ഹദീസില്‍നിന്നു ബിദ്അത് മാത്രം എല്ലാവരും തങ്ങള്‍ക്കിഷ്ടപ്പെട്ടതും സൗകര്യപ്പെട്ടതുമായ അര്‍ത്ഥങ്ങളും വ്യാഖ്യാനങ്ങളും അടിക്കുറിപ്പുകളും നല്‍കി ഏറ്റെടുത്തു. ഐക്യത്തെക്കുറിച്ചു പറഞ്ഞ തൊട്ടു മുമ്പത്തെ മഹത്തായ കാര്യം അവഗണിക്കുകയും ചെയ്തു. ഇന്ന് ഏറ്റവും കൂടുതല്‍ ഭിന്നതയുണ്ടാക്കുന്ന ബിദ്അത്ത് സംഘടനകള്‍ തന്നെയാണ്. അവര്‍ തന്നെയാണ് പരസ്പരം മത്സരിച്ചും വെല്ലുവിളിച്ചും ബിദ്അത്തുകള്‍ പെരുപ്പിക്കുന്നതും. ശര്‍റുല്‍ ഉമൂരി ബിദ്അഃ (കാര്യങ്ങളില്‍ ഏറ്റവും തിന്മയായതാണ് ബിദ്അത്ത്) എന്നാണു പറഞ്ഞത്. എന്തുകൊണ്ട് ശര്‍റുല്‍ ഉമൂരി ശിര്‍ക്ക്, കുഫ്‌റ്, നിഫാഖ് എന്നിവയാണ് എന്നു പറഞ്ഞില്ല? അവ പ്രത്യേകം പറയേണ്ട ആവശ്യമില്ല. ബിദ്അത്ത് അവയെല്ലാം ഉള്‍ക്കൊള്ളുന്നതാണ്. അഥവാ, ശിര്‍ക്ക്, കുഫ്‌റ്, നിഫാഖ് എന്നിവയിലേക്ക് ബിദ്അത്തില്‍നിന്ന് അധികം ദൂരമില്ല.
ഉത്തരം: ''ഒറ്റപ്പെട്ട ആടിനെയാണ് ചെന്നായ പിടിക്കുക'' - എന്നതിന്റെ അര്‍ത്ഥം ആരും അല്‍ജമാഅത്തില്‍നിന്നു വിട്ടുനില്‍ക്കരുത് എന്നാണ്. ഇതിനെതിരേ രൂപംകൊണ്ട സംഘടനകളാകുന്ന ഏതെങ്കിലും കക്ഷിത്വത്തില്‍ പങ്കാളിയാവണം എന്നല്ല. (പുതിയൊരു പേരും അവരിതിനു നല്കിയിരിക്കുന്നു: ഫിഅഃ!) മനുഷ്യരില്‍ ചില പ്രകൃതക്കാര്‍ അപവാദമായുണ്ടാവാം. സ്വന്തമായി ചിന്തിക്കാനോ സ്വതന്ത്രമായി പ്രവര്‍ത്തിക്കാനോ കഴിവില്ലാത്ത ചില മനോരോഗികളും മന്ദബുദ്ധികളും ദുര്‍ബല മനസ്‌കരും എന്തിന്റെയെങ്കിലുമൊക്കെ പിന്നാലെ കൂടികളായ വിധേയ മനസ്ഥിതിക്കാരും സമൂഹത്തില്‍ ഉണ്ടായിരിക്കും. അതുപോലെ, ചില മനുഷ്യക്ക് ഒറ്റക്കു ജീവിക്കാന്‍ കഴിയില്ല; സ്വയം പ്രാപ്തിയില്ലാത്ത അത്തരം മനുഷ്യര്‍ ഒറ്റപ്പെട്ടാല്‍ ഏതുവഴിക്കും പിശാച് അവരെ തിരിച്ചുവിടാം. അത്തരം ആളുകള്‍ നല്ല മനുഷ്യരുടെ കൂടെ പരമാവധി സമയം ചെലവഴിക്കാന്‍ ശ്രമിക്കണമെന്നു തന്നെയാണ് നാം പറയുന്നത്. അത് ഇന്നത്തെ മതസംഘടനകളുടെ കക്ഷി വഴക്കുകളിലേക്കുള്ള ക്ഷണക്കത്തല്ല, എന്നാല്‍, ഇത്തരക്കാരെയാണ് അവര്‍ അവരുടെ ചാവേറുകളാക്കുന്നത്. തൊട്ടടുത്തുള്ള പള്ളിയോടും മഹല്ലുജമാഅത്തിനോടും അവിടത്തെ നല്ല വ്യക്തികളോടും ചേര്‍ന്നുനിന്നു ജീവിക്കാനുള്ള ആഹ്വാനമായി വേണം അതിനെ മനസ്സിലാക്കാന്‍. പൊതുവേ അത് എല്ലാവര്‍ക്കും ബാധകവുമാണ്. ബുദ്ധിയും വിവേകമുള്ളവര്‍ അത്തരം ഒരവസ്ഥ വരുമ്പോള്‍ ഒരു ഫിര്‍ഖഃയിലും, ഒരു ഫിഅഃയിലും ചേരാതെ, ഒരു വിഭാഗീയതയും അംഗീകരിക്കാതെ മാറിനില്ക്കുകയോ അങ്ങനെയൊരു സൗകര്യമില്ലെങ്കില്‍ വന്യതയില്‍, അല്ലെങ്കില്‍ ഏകാന്തതയില്‍ അഭയം തേടുകയോ ചെയ്യുക എന്നാണു നബി(സ) പഠിപ്പിച്ചത്. ഫിത്‌നയില്‍ ഭാഗഭാക്കാവുന്ന പൊതുജീവിതത്തെക്കാള്‍ ഏകാന്ത ജീവിതം തന്നെയാണ് എന്തുകൊണ്ടും നല്ലത്. എന്നുവെച്ച് യമനില്‍ പോയി ആടുനോക്കുകയൊന്നും വേണ്ട. അവിടെ, അത്തരമൊരു സാഹചര്യത്തില്‍, നമുക്ക് നമ്മുടെ കാര്യത്തില്‍ മാത്രമേ ഉത്തരം ബോധിപ്പിക്കേണ്ടിവരൂ. മറിച്ച് സംഘടനകളും അല്ലാത്തവരും സൃഷ്ടിക്കുന്ന ഫിത്‌നയിലും കക്ഷിത്വത്തിലും അകപ്പെട്ടാല്‍ നാം കാരണം പിഴച്ചുപോയവരുടെയും പാപം ചെയ്തവരുടെയും നന്മ ചെയ്യുന്നതില്‍നിന്നു മാറിനിന്നവരുടെയുമെല്ലാം ഉത്തരവാദിത്വം ബോധിപ്പിക്കേണ്ടിവരും.
അധികാരത്തിനുവേണ്ടിയുള്ള പ്രവര്‍ത്തനവും ഭരണകൂടസംസ്ഥാപന മോഹവും - അതിന് എന്തുപേരു വിളിച്ചാലും - ചിലപ്പോള്‍ രക്തച്ചൊരിച്ചിലില്‍വരെ കലാശിക്കാം. ഉമവികളില്‍ ചിലരും (യസീദ്, ഹജ്ജാജ്ബ്‌നു യൂസുഫ്, അബ്ദുല്‍ മലിക് ബ്‌നു മര്‍വാന്‍ തുടങ്ങിയവര്‍ ഉദാഹരണം. ഇവരില്‍ തന്നെയും ചില നന്മകളും ഉണ്ടായിരുന്നു) സഫവികളും അബ്ബാസികളും പിന്നീട് ഫാത്വിമികളുമെല്ലാം നിരപരാധരും സാത്വികരുമായ ലക്ഷക്കണക്കിനു മനുഷ്യരുടെ ചോരക്കു മറുപടി പറയേണ്ടവരായത് നാം ചരിത്രത്തില്‍ ദര്‍ശിച്ചു. ആളുകളെ അടക്കിഭരിക്കാനും സുഖിക്കാനും ഭൂമിയില്‍ അഹങ്കരിച്ചുനടക്കാനുമുള്ള മോഹങ്ങളല്ലാതെ, ദുഷ്ടമനസ്‌കതയല്ലാതെ മറ്റൊന്നുമല്ല അവരുടെ കൈകളില്‍ നിരപരാധരുടെ ചോര പുരട്ടിയത്. അവരില്‍ ഇസ്‌ലാമിന്റെ പേരില്‍ ചോര ചിന്തിയവര്‍ വിരളമാണ്, എല്ലാം അസ്വബിയ്യത്തിന്റെ പേരിലായിരുന്നു. അവര്‍ കൊലപ്പെടുത്തിയത് കുറ്റവാളികളെയല്ല, കലാപകാരികളെയല്ല, സമുദായത്തിലെ ഏറ്റവും നല്ല മനുഷ്യരെയും ഏറ്റവും നല്ല പണ്ഡിതന്മാരെയും ഏറ്റവും നല്ല ഭക്തന്മാരെയുമായിരുന്നു. ഇതൊരു ചരിത്രകൃതിയല്ലാത്തതിനാല്‍ കൂടുതല്‍ വിവരിക്കുന്നില്ല. അവര്‍ കൊന്നുതള്ളിയവരില്‍ സഈദ് ബ്‌നു ജുബൈറിനെപ്പോലുള്ള മഹാപണ്ഡിതന്മാരും മുഹമ്മദ്ബ്‌നു ഖാസിമിനെപ്പോലെ ഇസ്‌ലാമിനു വലിയ സേവനങ്ങള്‍ ചെയ്ത സൈനിക മേധാവികള്‍ പോലുമുണ്ടായിരുന്നു. ഹജ്ജാജ്ബ്‌നു യൂസുഫിന്റെ വിഷം പുരട്ടിയ ആയുധം കൊണ്ടു മുറിവേറ്റാണ് ഇബ്‌നു ഉമര്‍ (റ) മരണപ്പെട്ടത്.
നാലു മദ്ഹബുകളുടെ സ്ഥാപകരില്‍ ഭരണകൂടത്തിന്റെയും ഭരണവര്‍ഗത്തിന്റെയും പീഡനമേറ്റുവാങ്ങാത്ത ഒരു ഇമാമുപോലുമില്ല. എന്നല്ല, ഇമാം ശാഫിഇയും ഇമാം അഹ്മദ്ബ്‌നു ഹന്‍ബലും പില്‍ക്കാലത്ത് ഇമാം ഇബ്‌നു തൈമിയയുമെല്ലാം മേല്‍പ്പറഞ്ഞ ഇരുവിഭാഗത്തിന്റയും പീഡനമേറ്റുവാങ്ങിയവരായിരുന്നു.
ഇവരെ പീഡിപ്പിച്ചത് ഭരണകൂടം മാത്രമാണെന്നു കരുതേണ്ടതില്ല. അന്നുമുണ്ടായിരുന്നു ഇന്നത്തെ സംഘടനകള്‍ പോലുള്ള ചില കുത്തിത്തിരിപ്പുകാര്‍. ഇവരുടെ കുമന്ത്രണവും ഒറ്റുമാണ് ഇവരെ കാരാഗ്രൃഹത്തിലേക്കയച്ചതും കുരിശിലേറ്റിയതുമെല്ലാം. അതേ കുത്തിത്തിരിപ്പുകാരാണ് ഇന്നും മതസംഘടനകള്‍ രൂപീകരിച്ചു കുഴപ്പമുണ്ടാക്കുന്നവര്‍. ഇവരില്‍ പലരും അതതു കാലത്തെ ഭരണാധികാരികളുടെയും രാഷ്ട്രീയക്കാരുടെയും കൈയിലെ ചട്ടുകങ്ങളോ അവരുടെ കോടാലിക്കൈകളോ കൂടിയായിരിക്കും.