''നിങ്ങളൊന്നിച്ച് അല്ലാഹുവിന്റെ പാശം മുറുകെപിടിക്കുക. നിങ്ങള്‍ ഭിന്നിച്ച് പോകരുത്....'' (ആലിഇംറാന്‍ 103)
അല്‍ജമാഅത് ആണ് ഈ പാത, ഇസ്‌ലാം അതിന്റെ ആദര്‍ശവും. ഇതല്ലാത്ത ഏതു വഴിയും ഇസ്‌ലാമില്‍നിന്നുള്ള വ്യതിയാനവും ബിദ്അത്തുമാണ്. അത് ഇസ്‌ലാമിന് അകത്തല്ലേ, പുറത്തല്ലല്ലോ എന്ന ന്യായമൊന്നും ഇവിടെ വിലപ്പോകില്ല. ഇതാണ് ഐക്യത്തിന്റെ മാര്‍ഗം, ഇതല്ലാത്തതെല്ലാം പിശാചിന്റെ കണ്ടുപിടുത്തമാണ്. അവയുടെ സ്ഥാപകന്‍ അല്ലാഹുവല്ല, മനുഷ്യരാണ്, മനുഷ്യര്‍ സ്ഥാപിച്ചതു നിലനില്‍ക്കുകയില്ല. മനുഷ്യനിര്‍മ്മിതമായ സംഘടനകള്‍ ഒരിക്കലും അല്ലാഹുവിന്റെ പാതയാകുകയുമില്ല. അല്ലാഹുവിന്റെ പാത അല്‍ജമാഅത്താണ്. മറ്റെല്ലാം വഴികേടിലേക്കും അനൈക്യത്തിലേക്കും മാത്രമേ നയിക്കൂ. റസൂല്‍ (സ) അത് ഇപ്രകാരം വരച്ചു ചിത്രീകരിച്ചു വിവരിച്ചുതന്നിട്ടുണ്ട്. അബ്ദുല്ലാഹിബ്‌നു മസ്ഊദ് പറഞ്ഞതായി ഇമാം അഹ്മദും ദാരിമിയും രേഖപ്പെടുത്തി: ''നബി ഒരിക്കല്‍ ഞങ്ങളള്‍ക്കൊരു വര വരച്ചുതന്നു. എന്നിട്ടുപറഞ്ഞു: ''ഇത് അല്ലാഹുവിന്റെ മാര്‍ഗം.'' തുടര്‍ന്ന് അതിന്റെ ഇടതും വലതും ഭാഗങ്ങളിലായി കുറേ വരകള്‍ വരച്ചു. ''ഇവ മറ്റു മാര്‍ഗങ്ങളാണ്. ഇതില്‍ ഓരോ വഴിയിലും ഓരോ പിശാചിരുന്ന് മനുഷ്യരെ അതിലേക്കു വിളിക്കുന്നു.'' തുടര്‍ന്ന് നബി (സ) ഈ സൂക്തം ഓതിക്കേള്‍പ്പിച്ചു:
''ഇതത്രെ എന്റെ നേരായ പാത. നിങ്ങള്‍ അത് പിന്തുടരുക. മറ്റുമാര്‍ഗങ്ങള്‍ പിന്‍പറ്റരുത്. അവയൊക്കെ അവന്റെ (അല്ലാഹുവിന്റെ) മാര്‍ഗത്തില്‍ നിന്ന് നിങ്ങളെ ചിതറിച്ചുകളയും.'' (അല്‍അന്‍ആം 153)
ഈ ഓരോ വരയും ഓരോ സംഘടനയായി കരുതുക. അതിലേക്കു ക്ഷണിക്കുന്ന നേതാക്കളെ ആ വഴിയിലെ പിശാചുക്കളായും മനസ്സിലാക്കുക. ഇത്തരക്കാരുടെ വഴിയേ പോയാല്‍ അതു ഭിന്നിപ്പിനും കക്ഷിത്വത്തിനും കലഹത്തിനും മാത്രമേ കാരണമാകുയുള്ളൂ. മറ്റൊരു തിരുവചനം കാണുക:
''ആ ജനം അല്ലാഹുവിന്റെ വേദത്തെയും തങ്ങളുടെ പ്രവാചകന്റെ ചര്യയെയും നിരാകരിച്ചാല്‍ അല്ലാഹു അവരെ തമ്മില്‍ കലഹിപ്പിക്കാതിരിക്കില്ല.'' (അഹ്മദ്, ഇബ്‌നുമാജ)
അല്‍ജമാഅത്തും അഭിപ്രായ ഭിന്നതയില്‍നിന്നു മുക്തമാകണമെന്നത് അനിവാര്യമല്ല. എന്നാല്‍ അതിന്റെ പ്രതിവിധി അല്ലാഹു തന്നെ പഠിപ്പിച്ചുതന്നിട്ടുണ്ട്.
''സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ അനുസരിക്കുക. (അല്ലാഹുവിന്റെ) ദൂതനെയും നിങ്ങളില്‍നിന്നുള്ള കൈകാര്യകര്‍ത്താക്കളെയും അനുസരിക്കുക. ഇനി വല്ല കാര്യത്തിലും നിങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാകുകയാണെങ്കില്‍ നിങ്ങളത് അല്ലാഹുവിലേക്കും റസൂലിലേക്കും മടക്കുക.'' (അന്നിസാഅ് 59)
അപ്പോള്‍ നബിയും സ്വഹാബത്തും എപ്രകാരമായിരുന്നുവോ മുസ്‌ലിംകള്‍ അപ്രകാരം ഇസ്‌ലാമിലെ സ്വാഭാവിക സഹോദരങ്ങളായി മാറും, അവരുടെ വാക്ക് ഒന്നാകും, അവരുടെ ദിശ ഒന്നാകും, അപ്പോള്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ക്കു പതിന്മടങ്ങ് ശക്തി ലഭിക്കും.
എന്നാല്‍, ഇതിനു വിപരീതദിശയിലാണ് സംഘടനകളുടെ പ്രവര്‍ത്തനങ്ങളും പ്രയാണവും പ്രചാരണങ്ങളും. ഇതിനു പകരം ചില മിനിമം പരിപാടികള്‍കൊണ്ടു കണ്ണില്‍ പൊടിയിടാന്‍ ശ്രമിക്കുകയാണ് സംഘടനകള്‍. അതായത്, മിനിമം പാണ്ഡിത്യവും സ്വല്‍പം വിശ്വാസവും മാക്‌സിമം കുത്തിത്തിരിപ്പും.
അപ്പോള്‍ എന്താവും ഫലമെന്നു റസൂല്‍ തിരുമേനി പ്രവചിച്ചിട്ടുണ്ട്. അബ്ദുല്ലാഹ് (റ) നിവേദനം: നബി(സ) അരുളി:
''മനുഷ്യരില്‍ നിന്ന് അറിവ് അല്ലാഹു ഒറ്റയടിക്ക് പിടിച്ചെടുക്കുകയില്ല. പണ്ഡിതന്മാരെ മരണപ്പെടുത്തുക വഴിക്കാണ് വിദ്യയെ മനുഷ്യരില്‍നിന്ന് അവന്‍ പിടിച്ചെടുക്കുക. അവസാനം കുറെ മൂഢന്മാര്‍ അവശേഷിക്കും. അവരോട് മനുഷ്യര്‍ മതവിധി ചോദിക്കും. അപ്പോള്‍ സ്വന്തം അഭിപ്രായമനുസരിച്ച് അവര്‍ വിധി കല്‍പ്പിക്കും. അങ്ങനെ അവര്‍ സ്വയം വഴിപിഴക്കുകയും മറ്റുള്ളവരെ പിഴപ്പിക്കുകയും ചെയ്യും.'' (ബുഖാരി.)
അബൂഹുറയ്‌റ(റ) നിവേദനം: നബി(സ) അരുളി: ''പൂര്‍വ്വിക തലമുറകളുടെ സമ്പ്രദായങ്ങളെ ചാണിനു ചാണായും മുഴത്തിനു മുഴമായും എന്റെ അനുയായികള്‍ പിന്‍പറ്റുന്നതുവരേക്കും അന്ത്യദിനം സംഭവിക്കുകയില്ല.''
പ്രവാചകരേ! പേര്‍ഷ്യക്കാരെയും റോമക്കാരെയുമാണോ താങ്കള്‍ ഉദ്ദേശിക്കുന്നതെന്ന് ചിലര്‍ ചോദിച്ചു.
''അല്ലാതെ മറ്റാരാണ്?'' നബി(സ) പ്രത്യുത്തരം നല്‍കി. (ബുഖാരി)
അബൂഹുറയ്‌റ(റ) നിവേദനം: നബി(സ) അരുളി: ''ഞാന്‍ ഉപേക്ഷിച്ച വിഷയങ്ങളില്‍ നിങ്ങള്‍ എന്നെ വിട്ടേക്കുവീന്‍. പൂര്‍വ്വിക സമുദായങ്ങള്‍ നശിച്ചത് അവരുടെ നബിമാര്‍ക്ക് അവര്‍ എതിര് പ്രവര്‍ത്തിച്ചതുകൊണ്ടും കൂടുതല്‍ ചോദ്യങ്ങള്‍ ഉന്നയിച്ചതു കൊണ്ടുമാണ്. ഞാന്‍ നിങ്ങളോട് എന്തെങ്കിലും വിരോധിച്ചാല്‍ അതിനെ നിങ്ങള്‍ പൂര്‍ണ്ണമായും വര്‍ജ്ജിക്കുവീന്‍. എന്തെങ്കിലും കല്‍പ്പിച്ചാല്‍ നിങ്ങള്‍ക്ക് സാധിക്കും പ്രകാരം അത് അനുഷ്ഠിക്കുവീന്‍.'' (ബുഖാരി)
ഹുദൈഫ(റ) പറയുന്നു: ''അല്ലയോ ഓത്തുകാരേ! നിങ്ങള്‍ നേര്‍ക്കുനേരെ ജീവിക്കുക. നിങ്ങള്‍ തീര്‍ച്ചയായും വിജയത്തില്‍ ഒരു വലിയ മുന്‍കടക്കല്‍ കടന്നിട്ടുണ്ട്. നിങ്ങള്‍ വലത്തോട്ടും ഇടത്തോട്ടും തിരിഞ്ഞാല്‍ വിദൂരമായ വഴികേടില്‍ നിങ്ങള്‍ വീഴുന്നതാണ്.'' (ബുഖാരി)
മുസ്‌ലിംകള്‍ എല്ലാ കാര്യത്തിലും പരസ്പരം യോജിച്ചുപ്രവര്‍ത്തിക്കേണ്ടവരാണ്. ഒരു കാര്യം തീരുമാനിക്കുന്നതിനു മുന്നോടിയായി നടത്തുന്ന ചര്‍ച്ചയില്‍ മാത്രമാണ് അവര്‍ക്കു വിയോജിക്കാനവസരവും അവകാശവുമുള്ളത്. ഒരു കാര്യം ചര്‍ച്ച ചെയ്യുമ്പോള്‍ യോജിച്ചും വിയോജിച്ചും അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം. എന്നാല്‍ തീരുമാനമായാല്‍ പിന്നെ വിയോജിക്കാനാവസരമില്ല.
ഈ സമുദായത്തിന് ഒരു അജണ്ടയേ പാടുള്ളൂ. ഒന്നിലേറെ കാര്യപരിപാടിയോ സമാന്തരമായ അജണ്ടകളോ പാടില്ല. സമുദായത്തിനകത്ത് ഏറ്റവും കൃത്യമായ തീരുമാനത്തിലെത്തുന്നതിനായി വിഭിന്ന ആശയങ്ങളും ചിന്താഗതികളും ചര്‍ച്ചക്കെടുക്കാം. അതു തലനാരിഴകീറി ചര്‍ച്ച ചെയ്യുകയുമാകാം. എന്നാല്‍ സമുദായത്തിന്റെതായി പുറത്തുവിടുന്ന തീരുമാനം അന്തിമവും ഏകാഭിപ്രായപ്രകാരവുമാകണം. അതു സമുദായത്തിന്റെതു മാത്രമാകണം. സംഘടനകളുടെയോ വ്യക്തികളുടെയോ ആകരുത്.
സ്വഹാബികളെല്ലാം ഏകാഭിപ്രായക്കാരായിരുന്നില്ല. ഉമറിന്റെ അഭിപ്രായമല്ല, അബൂബകറിന്റെത്. ഇവര്‍ രണ്ടുപേരുടെയും അഭിപ്രായമായിരുന്നില്ല അലിയുടെത്. ഇബ്‌നുമസ്ഊദും ഉമറും തമ്മില്‍ വളരെയേറെക്കാര്യങ്ങളില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നു. എന്നാല്‍, അതൊന്നും ഉമറിന്റെ നേതൃത്വം അംഗീകരിക്കാന്‍ ഇബ്‌നു മസ്ഊദിനു തടസ്സമായില്ല. അവരാരും തെറ്റിപ്പിരിഞ്ഞു പുതിയ സംഘടനകളോ ഗ്രൂപ്പുകളോ രാഷ്ട്രങ്ങളോ ഉണ്ടാക്കിയില്ല. അതെല്ലാം ഇസ്‌ലാമിനു വിരുദ്ധമാണെന്ന് അവര്‍ക്കു തികഞ്ഞ ബോധ്യമുണ്ടായിരുന്നു. ഖിലാഫത് ഉള്‍പ്പെടെ പല കാര്യങ്ങളിലും അവര്‍ക്കു രൂക്ഷമായ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. എന്നാല്‍ അതൊന്നും ശത്രുതയില്‍ ചെന്നെത്തിയില്ല. അവര്‍ കലഹിച്ചത് ദുനിയാവിനു വേണ്ടിയായിരുന്നില്ല. ഇസ്‌ലാമിനും മുസ്‌ലിംകളുടെ ഐക്യത്തിനും മസ്വ്‌ലഹത്തിനും സാമൂഹികനീതിക്കും സാമാന്യനീതിക്കും വിശാല മാനവികതയ്ക്കും വേണ്ടിയായിരുന്നു. അഹന്തയും അഹങ്കാരവും താന്‍പോരിമയും സ്വാര്‍ത്ഥതയും അവര്‍ക്കന്യമായിരുന്നു.
(ഏതൊരാളെ നേര്‍വഴിയിലേക്ക് നയിക്കുവാന്‍ അല്ലാഹു ഉദ്ദേശിക്കുന്നുവോ അവന്റെ ഹൃദയത്തെ ഇസ്‌ലാമിലേക്ക് അവന്‍ തുറന്നുകൊടുക്കും.) (6: 125)
ഉത്തരം: അവര്‍ വഴിതെറ്റിയവരാകും. അവര്‍ക്കിടയില്‍ കലഹം അനിവാര്യമാകും. അവരുടെ വീര്യം കെടും. അതു നിങ്ങളെ ബഹുദൈവവിശ്വാസത്തില്‍ കൊണ്ടെത്തിക്കും. അത്തരം സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നതുപോലും ശിര്‍ക്കിലേക്കു നയിക്കും.
''നിങ്ങള്‍ ബഹുദൈവാരാധകരുടെ കൂട്ടത്തിലാകരുത്. അതായത്, തങ്ങളുടെ മതത്തെ ഛിന്നഭിന്നമാക്കുകയും, പലകക്ഷികളായി തിരിയുകയും ചെയ്തവരുടെ കൂട്ടത്തില്‍. ഓരോ കക്ഷിയും തങ്ങളുടെ പക്കലുള്ളതില്‍ സന്തോഷിക്കുന്നവരത്രെ.'' (അര്‍റൂം 31, 32)
ഇവരാരും മസ്ജിദില്‍ പോകുന്നതിനു പകരം മന്ദിറില്‍ പോയതുകൊണ്ടല്ല മുശ്‌രിക്ക് ആയത്. അവര്‍ അല്ലാഹുവിനു പകരം ദേഹേച്ഛകളെ പിന്തുടര്‍ന്നു. ദേഹേച്ഛകളെ അവര്‍ ഇലാഹാക്കി. ദേഹേച്ഛകളെ ഇലാഹാക്കിയവനെ പിശാച് വഴിതെറ്റിക്കും. ള്വലാലത്തില്‍നിന്ന് ശിര്‍ക്കിലേക്ക് അധികം ദൂരമില്ലല്ലോ. പകരം അല്ലാഹുവിന്റെ പാതയില്‍, അല്‍ജമാഅത്തില്‍ ഉറച്ചുനില്‍ക്കുകയാണ് രക്ഷാമാര്‍ഗം.
ഇതത്രെ എന്റെ നേരായ പാത. നിങ്ങള്‍ അത് പിന്തുടരുക. മറ്റുമാര്‍ഗങ്ങള്‍ പിന്‍പറ്റരുത്. അവയൊക്കെ അവന്റെ (അല്ലാഹുവിന്റെ) മാര്‍ഗത്തില്‍നിന്ന് നിങ്ങളെ ചിതറിക്കും. (അല്‍അന്‍ആം 153)
നിങ്ങള്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍, അവന്റെ മതത്തില്‍ ഒന്നിച്ചു നില്ക്കുക എന്നാണ് അല്ലാഹു അവരോടു കല്പിച്ചത്. അവര്‍ ആ കല്പന ധിക്കരിച്ചു. അല്ലാഹുവിനെക്കാള്‍ അവര്‍ക്കു സ്വന്തം കക്ഷിത്വങ്ങളും അസ്വബിയ്യത്തും തന്നിഷ്ടങ്ങളുമാണ് വലുത്. അതായത് ദേഹേച്ഛകളും മറ്റും. അവ അല്ലാഹുവിനെക്കാള്‍ അവര്‍ക്കു പ്രധാനപ്പെട്ടതായി. അതുകൊണ്ടാണ് അവരുടെ പ്രവൃത്തിയെ ബഹുദൈവാരാധന എന്നു വിളിച്ചത്. അല്ലാഹുവിന്റെ മാര്‍ഗത്തിലാണ് തങ്ങളും എന്ന് സംഘടനകള്‍ വാദിക്കും. പക്ഷേ, അസ്വബിയ്യത്താണ് അവര്‍ മുറുകെ പിടിക്കുന്നത്. ഗുരുതരമായ കാര്യങ്ങള്‍ക്കൊന്നുമല്ല അവര്‍ പരസപരം ഭിന്നിച്ചുനില്ക്കുന്നത്. അധികാരഭ്രമവും അസൂയയും കുടിപ്പകയുമാണ് പലരെയും തമ്മിലകറ്റുന്നത്. ഇത് ബഹുദൈവവിശ്വാസികളുടെ സ്വഭാവമാണ്. ആ സ്വഭാവം അവര്‍ പ്രകടിപ്പിച്ചതിനാല്‍ അവരും ബഹുദൈവവിശ്വാസികളായി - അതവര്‍ സമ്മതിച്ചാലും ഇല്ലെങ്കിലും - അല്ലാഹുവിങ്കല്‍ ഇതാണ് അവരുടെ പദവി. അറ്റമില്ലാത്ത കലഹമാകും അതിന്റെ ഫലം. നബി (സ) പറഞ്ഞു:
''ഒരു ജനം അല്ലാഹുവിന്റെ ഗ്രന്ഥവും തങ്ങളുടെ പ്രവാചകന്റെ ചര്യയും തിരസ്‌കരിച്ചാല്‍ അല്ലാഹു അവരെ പരസ്പരം കലഹിപ്പിക്കാതിരിക്കില്ല.'' (അഹ്മദ്, ഇബ്‌നുമാജ)
വിശദീകരണം ആവശ്യമില്ലാത്ത വിധം വ്യക്തമാണ് പ്രവാചകന്റെ ഈ താക്കീത്. തെറ്റുകള്‍ തിരിച്ചറിയാനോ പശ്ചാത്തപിക്കാനോ അവര്‍ക്കു കഴിയില്ല. സമുദായയൈക്യത്തിന്റെ വസ്ത്രം നൂറു കഷ്ണങ്ങളായി പിച്ചിക്കീറിയിട്ടും അവര്‍ പരമവിശുദ്ധരായി നടിക്കുന്നത് ഇതുകൊണ്ടാണ്, അല്ലാതെ അടിസ്ഥാനപരമായി ഇവരാരും ദുഷ്ടജനമായതുകൊണ്ടല്ല. തങ്ങള്‍ക്കു തെറ്റുപറ്റിയിട്ടില്ല എന്നാണവരുടെ ഭാവം. തങ്ങള്‍ തൗഹീദിലാണ്, സുന്നത്ത് ജമാഅത്തിലാണ്, ഇഖാമതുദ്ദീനിനുവേണ്ടി പരിശ്രമിക്കുന്നവരാണ്, ദഅ്‌വത്ത് നടത്തുന്നവരാണ്. തലമുറകളായി ശിര്‍ക്കും ബിദ്അത്തും തൊടാത്തവരാണ്. അല്ലാഹുവിനോട് ഏറ്റവും അടുത്ത മുഖര്‍റബീങ്ങളാണ് എന്നൊക്കെയാണവരുടെ നാട്യം.
(സ്വയം പരിശുദ്ധരെന്ന് അവകാശപ്പെടുന്നവരെ നീ കണ്ടില്ലേ? എന്നാല്‍ അല്ലാഹു അവന്‍ ഉദ്ദേശിക്കുന്നവരെ പരിശുദ്ധരാക്കുന്നു...) (അല്‍അന്‍ആം 40)
അവര്‍ക്കിടയില്‍ സ്‌നേഹമുണ്ടാവില്ല: സംഘടനകള്‍ പരസ്പരസ്‌നേഹത്തിനു പകരം പരസ്പരം വെറുക്കാനും അകലാനുമാണ് പഠിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ അവരുടെ വിശ്വാസം പൂര്‍ത്തീകരിക്കുകയില്ല. പരസ്പരം സ്‌നേഹിക്കാതെ അവര്‍ നിര്‍ഭയരാവുകയുമില്ല. സ്വാഭാവികമായും അത്തരമൊരവസ്ഥയില്‍ അവര്‍ പരസ്പരം കടിച്ചുകീറുന്ന ചെന്നായ്ക്കളായി മാറും. ലോകാവസാനത്തിന്റെ അടയാളമായി റസൂല്‍ (സ) പറഞ്ഞതുപോലെ, കാരണം അവര്‍ പ്രവാചകന്റെ ഈ അനുശാസനത്തിന് എതിരു പ്രവര്‍ത്തിക്കുന്നവരാണ്:
(വലാ തുഅ്മിനൂ ഹത്താ തഹാബ്ബൂ)
''നിങ്ങള്‍ പരസ്പരം സ്‌നേഹിക്കാതെ സത്യവിശ്വാസികളാവുകയല്ല.''
അതുകൊണ്ട് അല്ലാഹു അവരുടെ മനസ്സുകളെ കടുപ്പിച്ചു. കുടിപ്പകയും അസൂയയും പരസ്പരവൈരവും അതില്‍ സന്നിവേശിപ്പിച്ചു. അല്ലാഹുവിന്റെയും അവന്റെ പ്രവാചകന്റെയും കല്പന അവര്‍ ലംഘിച്ചപ്പോള്‍ അവര്‍ പോകുന്ന വഴിയേ അല്ലാഹു അവരെ തെളിച്ചു.
''...അന്നവര്‍ ചെന്നായ്ക്കളുടെ ഹൃദയങ്ങള്‍ക്കുമീതെ ചെമ്മരിയാടിന്റെ തോലുകളണിയും.''
റസൂല്‍ (സ) അതേ ഹദീസില്‍ തന്നെ മറ്റൊരു കാര്യം കൂടി പ്രവചിച്ചു,
''അക്കാലഘട്ടത്തില്‍ അവരില്‍ ഏറ്റവും മാന്യന്‍ എണ്ണ പുരട്ടുന്നവനായിരിക്കും.'' (ത്വബ്‌റാനി)
അധര്‍മ്മികളായ നേതാക്കളോടും പണക്കാരോടും അധികാരികളോടും അനുവര്‍ത്തിക്കുന്ന അധാര്‍മ്മികമായ പ്രീണന നയത്തെയാണ് എണ്ണപുരട്ടല്‍ കൊണ്ടുദ്ദേശിക്കുന്നത്. അവര്‍ അപ്രിയ സത്യങ്ങളൊന്നും തുറന്നു പറയില്ല. കാര്യലാഭത്തിന് ഓരോരുത്തരെയും പുകഴ്ത്തിപ്പറയും. ഓരോ വ്യക്തിയിലെയും നന്മയുടെ അംശത്തെ സ്‌നേഹിക്കുക, തിന്മയുടെ അംശം അവഗണിക്കുക എന്നൊക്കെ ഇതിനു ന്യായം പറയും. ഫലത്തില്‍ എല്ലാ തിന്മക്കും അവര്‍ കൂട്ടുനില്ക്കുകയും ഉള്ളില്‍ അതിന്റെ ദുഷ്ടുകളെല്ലാം കൊണ്ടുനടക്കുകയും ചെയ്യും.
സംഘടനകള്‍ ഏതാണ്ട് ഈ അവസ്ഥയിലെത്തുകയും അവര്‍ വകുപ്പുകള്‍ പരസ്പരം വിഭജിച്ചെടുക്കുകയും ചെയ്തിരിക്കുന്നു. ഒരു വിഭാഗം സുന്നത്തിനുവേണ്ടി നിലകൊള്ളുന്നതായി നടിക്കുന്നു. മറ്റൊരു വിഭാഗം തബ്‌ലീഗിനു വേണ്ടി, വേറൊന്ന് ഇഖാമതുദ്ദീനിനുവേണ്ടി, ഇനിയുമൊന്ന് സമുദായത്തിലേക്കു വലിഞ്ഞുകയറി വരുന്ന ശിര്‍ക്കും ബിദ്അത്തും തടയുന്നതിനുവേണ്ടി. സംഘടനകള്‍ക്കുവേണ്ടി അവയുടെ ഉപജ്ഞാതാവു വരച്ച ഈ ലക്ഷ്മണ രേഖകള്‍ തെറ്റിക്കാതെ ഓരോരുത്തരും അവനവന്റെ ധര്‍മ്മം അനുഷ്ഠിക്കുന്നതായി നടിക്കുന്നു. മുപ്പതും നാല്പതും കൊല്ലമായി ഒരേ റെകാര്‍ഡ് തന്നെ പ്ലേ ചെയ്യിക്കുന്ന ഖത്വീബുമാരെ ഈയുള്ളവനറിയാം. ചടങ്ങിനുവേണ്ടി ഖുത്വ്ബയില്‍ ഓതുന്ന ആ ഒരു ഖുര്‍ആന്‍ ആയത്തിനു മാത്രമേ പുതുമയുണ്ടാവൂ. ജനത്തിനും അതുതന്നെയാണിഷ്ടം. പള്ളിയുടെ ശീതീകരിച്ച 'ഭക്തി'സാന്ദ്രമായ അന്തരീക്ഷത്തില്‍ പത്തിരുപതു മിനുട്ടു നേരം പുരോഹിതന്റെ താരാട്ടുപാട്ടും കേട്ടു സുഖമായുറങ്ങാം. അവര്‍ക്കാകെ ആവശ്യം അടുത്ത ഒരാഴ്ച്ചത്തേക്ക് മതിയായ അവസാനത്തെ ഒരു 'ദുആ'യാണ്. അപ്പോഴേക്കും അവര്‍ ഉണരുകയും ചെയ്യും.
ആസന്നമായ ഒരു യുദ്ധത്തിനു സൈന്യത്തിനു മുന്നറിയിപ്പു നല്കുന്നതുപോലെ വെറും പത്തുമിനിട്ട് ഖുത്വ്ബ പറഞ്ഞു ജുമുഅ നിര്‍വ്വഹിച്ച ഒരു പ്രവാചകന്റെ സമുദായത്തെ സംഘടനകള്‍ എവിടെക്കൊണ്ടെത്തിച്ചു? രണഭേരിക്കു സമാനമായിരുന്ന ആ ജുമുഅഃ ഖുത്വ്ബയാണിന്ന് താരാട്ടുപാട്ടായി അധപ്പതിച്ചത്.