ഏറ്റവും കൂടുതല്‍ ബിദ്അത്ത് അരങ്ങേറുന്ന ഒരു മേഖലയാണിന്ന് ദഅ്‌വത്ത്. പലരും ദഅ്‌വത്തിന്റെ പേരില്‍ അതിന് അനനുയോജ്യരായ ആളുകളെപ്പോലും പ്രയാസപ്പെടുത്തുകയാണ്. റിക്ഷ വലിക്കുന്നവരെയും ഇറച്ചിവെട്ടുന്നവരെയുമൊക്കെ ദീനിന്റെ മാര്‍ഗത്തില്‍ പരിശ്രമിക്കാമെന്ന പേരില്‍ പത്തും നാല്പതും ദിവസത്തേക്കു കസ്റ്റഡിയിലെടുത്തു കൊണ്ടുപോകുകയും നീളന്‍ കുപ്പായവും കാലുറയും ധരിപ്പിച്ച് കുറേ നാടുതെണ്ടിച്ച് അവരെ തിരിച്ചുവിടുകയും ചെയ്യുന്നു. ദീനുമായി ബന്ധമില്ലാത്ത പലതും ദീനിനോടു ചേര്‍ത്തു പറഞ്ഞുകൊണ്ടാണ് ഇവരെ കൂടെക്കൂട്ടുന്നത്. വാര്‍ഷികറിപ്പോര്‍ട്ടില്‍ ഇത്രയാള്‍ ഇത്ര ദിവസം ഇന്ന കാര്യത്തിന് ഇന്ന ഭാഗത്തേക്കു പോയി എന്നു സീനിയര്‍ മൗലാനക്കു റിപ്പോര്‍ട്ട് കൊടുക്കുന്നതോടെ ഇതിന്റെ പ്രതിഫലവും അവര്‍ ദുനിയാവില്‍ തന്നെ റൊക്കമായി കൈപ്പറ്റുന്നു. കാസര്‍ക്കോട്ടുനിന്ന് ഒന്നുമറിയാത്ത കുറേ പാവങ്ങള്‍ തിരുവനന്തപുരത്തേക്കും അവിടെനിന്നു കുറേയെണ്ണം തിരിച്ചു കാസര്‍ക്കോട്ടെക്കും യാത്ര ചെയ്തു കുറേ ബിരിയാണിയുണ്ടാക്കി കഴിച്ചു കൊതുകിന്റെ കടിയും കൊണ്ട് തിരിച്ചുപോയാല്‍ എങ്ങനെ ദഅ്‌വത്ത് നടക്കും? നമസ്‌കരിക്കാത്ത എത്ര മുസ്‌ലിം നമസ്‌കാരം തുടങ്ങും? എത്രയാള്‍ മുസ്‌ലിമാകും? അമുസ്‌ലിംകളില്‍ അവര്‍ പ്രബോധനം നടത്തുന്നേയില്ല. അത്രയും നല്ലത്. മാത്രമല്ല, അതാണ് ഈ വിവരദോഷികളുടെ തടിക്കും നല്ലത്. ജോഡ്, കശ്ത്, ഘൂംന, മുശാവറ, ജമാഅത് തുടങ്ങി ഒരു തലയും വാലുമില്ലാതെ കുറേ കസര്‍ത്തുപദങ്ങളുമായി ദാഇകളുടെ വേഷവുമിട്ട് ചവിട്ടു നാടകം കളിക്കുകയാണ് ഒരു വിഭാഗം. പേരിന് അഹ്‌ലെ ഹദീസ്. ഹദീസിലില്ലാത്ത എല്ലാ ബിദ്അത്തുകളും അവര്‍ ചെയ്യുന്നുമുണ്ട്. വിനോദയാത്ര വിനോദയാത്രയായി പോകുന്നതല്ലേ നല്ലത്? അത് ഇസ്‌ലാമിന്റെയും ദഅ്‌വത്തിന്റെയും പേരില്‍ വേണോ? ഒരു വിവരവുമില്ലാത്തവര്‍ ആലിമിന്റെ വേഷം കെട്ടി ജനങ്ങളോട് വിഡ്ഡിത്തം പറയുന്നത് നല്ലതാണോ? സ്വകാര്യ ജീവിതത്തില്‍ ഒരു സത്യസന്ധതയും ഒരു മൂല്യവും അവര്‍ പാലിക്കുന്നില്ല. പലിശയില്‍നിന്നോ കൊള്ളലാഭത്തില്‍നിന്നോ കള്ളക്കച്ചവടത്തില്‍നിന്നോ ജനങ്ങളെയും തൊഴിലാളികളെയും ചൂഷണം ചെയ്യുന്നതില്‍നിന്നോ തൊഴിലുടമകളെ പറ്റിക്കുന്നതില്‍നിന്നോ അവര്‍ വിട്ടുനില്‍ക്കുന്നില്ല. കണക്കു പ്രകാരം സകാത്ത് നല്കുന്നവര്‍ വിരളം. സുന്നത്താണെന്നു പറഞ്ഞു വലിയ താടിയൊക്കെ വെക്കുന്നു. അതിനനുസരിച്ചുള്ള തഖ്‌വയും സംസ്‌കാരവും പാണ്ഡിത്യവും തര്‍ബിയത്തും തസ്‌കിയതും വഖാറതും ആര്‍ജ്ജിക്കുന്നില്ലെങ്കില്‍ ഈ താടികണ്ട് ജനം ചതിയിലകപ്പെടില്ലേ?
കുറച്ചു മുമ്പത്തെ ഒരു സംഭവമാണ്. തലശ്ശേരിയിലെ സൈദാര്‍ പള്ളിക്കടുത്ത് ഒരു ഹാജിയാര്‍ തബ്‌ലീഗിന്റെ വലിയ പ്രവര്‍ത്തകനായുണ്ടായിരുന്നു. ഓരോ കൊല്ലവും അയാള്‍ സ്വന്തം ചെലവില്‍ കുറേയാളുകളെ ജമാഅത്തിനു കൂട്ടുമായിരുന്നു. ഒരു വര്‍ഷം അയാള്‍ മുനീര്‍ എന്ന ഒരു കഥാപാത്രത്തെയും ജമാഅത്തിനു കൂട്ടി. നാല്പതു ദിവസം അയാളെ ഹസ്രത്ത് നിസാമുദ്ദീനില്‍ കൊണ്ടുപോയി തര്‍ബിയത്ത്, തസ്‌കിയത്ത് തഅ്‌ലീം, ദഅ്‌വത്ത് തുടങ്ങി തബ്‌ലീഗുമായി ബന്ധപ്പെട്ട ഏതാണ്ടൊക്കെ കൊടുത്തു. 'നാല്പത്' തികഞ്ഞപ്പോള്‍ ഹാജിയാറും മുനീറും തിരിച്ചു തലശ്ശേരിക്കു വണ്ടി കയറി. മാഹിയിലെത്തിയപ്പോള്‍ മുനീര്‍ ഹാജിയാരോടു പറഞ്ഞു, ''ഞാനിവിടെ ഇറങ്ങ്ാണ്. ഞാന്‍ വയ്യേ എത്തിക്കോളാം.'' ഹാജിയാരെയും കൊണ്ട് വണ്ടി തലശ്ശേരിയിലേക്കു പാഞ്ഞു. മുനീര്‍ തൊട്ടടുത്ത മദ്യഷാപ്പിലേക്കും. അവിടെനിന്ന് രണ്ടു കുപ്പി ബ്രാണ്ടി സംഘടിപ്പിച്ചു തലശ്ശേരി സൈദാര്‍ പള്ളിയിലെത്തി പള്ളിഗേറ്റിനടുത്ത പടവത്തിരുന്ന് ആ രണ്ടു കുപ്പിയും കാലിയാക്കി. തുടര്‍ന്ന് ഹാലിളകി ആരെയെല്ലാമോ ചീത്തപറയുന്നതാണ് നാട്ടുകാര്‍ കേള്‍ക്കുന്നത്. അവര്‍ ഓടിയെത്തി മുനീറിനോട് കാര്യം തിരിക്കി. അവന്‍ പറഞ്ഞു, ''നന്നാവാന്‍ മനസ്സില്ലാത്തവരെയൊക്കെ പിടിച്ചോണ്ടുപോയി ജമാഅത്തിനു കൂട്ടിയാല്‍ ഇങ്ങനെണ്ടാവും.''
ഇത് അതിനെതിരേയുള്ള പ്രതിഷേധമായിരുന്നു. മുനീറിന് പിന്നീട് അല്ലാഹു ഹിദായത്ത് നല്കി. അയാള്‍ അവിടെത്തന്നെയുള്ള ഒരു പള്ളിയില്‍ കുറേക്കാലും മുഅദ്ദിന്‍ ആയി ജോലിനോക്കിയ ശേഷമാണ് മരിച്ചത്. ഈ സംഭവം എന്നോടു പറഞ്ഞത് മുനീര്‍ തന്നെയാണ്. അതുപറയുമ്പോഴും മുനീറിന്റെ മനസ്സില്‍ ആ പ്രതിഷേധം ഉമിത്തീപോലെ എരിയുന്നുണ്ടായിരുന്നു. എന്റെ താടി കണ്ട് ഞാന്‍ ഒരു തബ്‌ലീഗുകാരനാണെന്ന തെറ്റിദ്ധാരണയിലാണ് മുനീര്‍ ഈ ആത്മകഥാംശം എന്നോടു പങ്കുവെച്ചത്. ആ കൂട്ടത്തില്‍ നിന്ന് ഞാനെങ്കിലും നന്നാവട്ടെ എന്ന ശുദ്ധവിചാരത്തോടെ. മുനീറിന് അല്ലാഹു പൊറുത്തുകൊടുക്കുകയും ആഖിറതില്‍ സ്വര്‍ഗം നല്കി അനുഗ്രഹിക്കുകയും ചെയ്യട്ടെ.
നബി(സ) ആദ്യമായി ദഅ്‌വത്ത് നടത്തിയത് ഇങ്ങനെയുള്ള നാല്പത് പേരെയും കൂട്ടി ജമാഅത് പുറപ്പെട്ടായിരുന്നോ? അതോ ഏകാകിയായോ? ആദ്യമായി പരസ്യപ്രബോധനം തുടങ്ങിയ ജബല്‍ ഖുബൈസില്‍ എത്രയാള്‍ നബിയോടൊപ്പമുണ്ടായിരുന്നു? ഉക്കാളിനും ദില്‍മജന്നയിലും എത്ര പേരാണ് നബിയുടെ ജമാഅത്തിലുണ്ടായിരുന്നത്? നബി(സ) എപ്പോഴെങ്കിലും മൂന്നു ദിവസത്തേക്ക്, അല്ലെങ്കില്‍ പത്തുദിവസത്തേക്ക്, അല്ലെങ്കില്‍ നാല്പതുദിവസത്തേക്ക് എന്നു പറഞ്ഞു ദഅ്‌വത്തിനു പുറപ്പെട്ടിട്ടുണ്ടോ? ത്വാഇഫിലേക്കു നബിയുടെ എത്രയാളുടെ ജമാഅത്ത് ആണു പുറപ്പെട്ടത്. അന്നും വിശ്വാസികളായി എട്ടുപത്താളുകളെങ്കിലും നബിയോടൊപ്പമില്ലേ? അവരെ ആരെയെങ്കിലും ജമാഅതിനു കൂട്ടിയോ?
അവരുണ്ടായിരുന്നെങ്കില്‍ ത്വാഇഫിലെ തെണ്ടിപ്പിള്ളാരുടെ കല്ലേറില്‍നിന്നെങ്കിലും നബി രക്ഷപ്പെടുമായിരുന്നില്ലേ? ദഅ്‌വത്ത് നടത്തുക എന്നത് വ്യക്തിപരമായ ബാധ്യതയാണ്. അത് ഫര്‍ള്വുകിഫായല്ല. ദഅ്‌വത്ത് ഫര്‍ള്വ്‌ഐന്‍ തന്നെയാണ്. അതിനാവശ്യമായ വിവേകവും വിവരവും സാമാന്യബോധവും ശാരീരിക ശേഷിയുമില്ലാത്തവര്‍ മാത്രമേ ആ ബാധ്യതയില്‍ നിന്ന് ഒഴിവാകുകയുള്ളൂ. ''അന്‍ദിര്‍ അശീറതകല്‍ അഖ്‌റബീന്‍...'' അടുത്ത കുടുംബാംഗങ്ങള്‍ക്കും അയല്‍വാസികള്‍ക്കുമാണ് ആദ്യം പ്രബോധനമെത്തിക്കേണ്ടത്. അവരൊക്കെ വിശ്വസിക്കുകയോ വിശ്വസിക്കുകയില്ലെന്നു തുറന്നു പ്രഖ്യാപിക്കുകയോ ചെയ്ത ശേഷമേ ദഅ്‌വത്തിനായി ദൂരദേശങ്ങളിലേക്കു ടൂര്‍ പോകേണ്ടതുള്ളൂ. അല്ലാതെ അവരെ വിട്ട് ടൂര്‍പോയാല്‍ തിരിച്ചെത്തുമ്പോഴേക്കും അവരില്‍ വിശ്വസികളാവാന്‍ സാധ്യതയുള്ള പലരും തിരിച്ചുവരാത്ത വിധം കാഫിറും മുശ്‌രിക്കുമായിട്ടുണ്ടാവും. ചിലര്‍ ജാഹിലിയ്യ മരണം വരിച്ചിട്ടുപോലുമുണ്ടാകും. ചിലര്‍ അമുസ്‌ലിംകളുടെ കൂടെ ഓടിപ്പോയിട്ടുണ്ടാകും. ഇവിടെ ചില സംഘടനകള്‍ പണത്തിനനുസരിച്ചാണ് ദഅ്‌വത്ത് നടത്താനുള്ള ഭാഗ്യം വീതിക്കുന്നത്. കോടീശ്വരന്മാരാണെങ്കില്‍ അമേരിക്കയിലേക്ക്. ലക്ഷപ്രഭുക്കളാണെങ്കില്‍ മലേഷ്യയിലേക്കും ഇന്തോനേഷ്യയിലേക്കും. കച്ചവടക്കാരാണെങ്കില്‍ ചൈന, ദുബൈ, തായ്‌ലന്റ്, സിങ്കപ്പൂര്‍, ഹോംകോങ് തുടങ്ങിയ സ്ഥലങ്ങളിലേക്ക്. അതിലും താണവര്‍ അന്യസംസ്ഥാനങ്ങളിലേക്ക്. മഹാപാവങ്ങള്‍ ഇടുക്കി, വയനാട് പോലുള്ള 'കുപ്പത്തൊട്ടി'കളിലേക്ക്. ഇങ്ങനെയൊക്കെയാണിപ്പോള്‍ ജമാഅത്ത് ക്രമീകരിക്കുന്നത്. പോരാത്തതിനു വിദേശത്തുപോയി മഹാപര്യടനം നടത്തിയവര്‍ക്ക് നാട്ടിലേക്കു തിരിച്ചുവരുമ്പോള്‍ ഗംഭീരമായ വരവേല്‍പ്പും! അതുകഴിഞ്ഞാല്‍ അവരുടെ യാത്രാവിവരണമായി. ഞങ്ങള്‍ ചെന്നപ്പോള്‍ ആസ്‌ത്രേലിയയില്‍നിന്ന് നൂറുപേരുടെ ഒരു ജമാഅത്ത് വന്നിരുന്നു. അവരില്‍ 75 പേര്‍ എന്‍ജിനീയര്‍മാരും 25 പേര്‍ ഡോക്ടര്‍മാരുമായിരുന്നു. തുടര്‍ന്ന് ഞങ്ങള്‍ ലണ്ടനിലെത്തിയപ്പോള്‍ ജര്‍മ്മനിയില്‍ നിന്നുള്ള പത്തംഗ ജമാഅത്ത് അവിടെയുണ്ടായിരുന്നു. അതില്‍ മൂന്നുപേര്‍ ശാസ്ത്രജ്ഞന്മാരും ഏഴ്‌പേര്‍ പൊഫസര്‍മാരുമായിരുന്നു. ഇവരൊക്കെക്കൂടി അവിടെ ഇസ്‌ലാമിന് എന്ത് സേവനം ചെയ്തു എന്നും എത്രയാള്‍ ഇസ്‌ലാം സ്വീകരിച്ചുവെന്നും ചോദിച്ചുനോക്കൂ. ദേഷ്യംകൊണ്ട് അവരുടെ മുഖം ചുവയ്ക്കും. മുസ്‌ലിംകളില്‍ വേണ്ടത് ദഅ്‌വത്തല്ല, തസ്‌കിയതും തര്‍ബിയതും തഅ്‌ലീമുമാണ്. തഅ്‌ലീം എന്നു പറഞ്ഞാല്‍ മാമൂല്‍ തഅ്‌ലീമല്ല. ഇസ്‌ലാമിന്റെ അടിസ്ഥാനകാര്യങ്ങളായ ഖുര്‍ആനും നബിചര്യയും സീറയും അവരെ പഠിപ്പിക്കുകയാണ് വേണ്ടത്. ആരോ എഴുതിവെച്ച, നെല്ലും പതിരും തിരിക്കാത്ത കിതാബ് വായിച്ചുകൊടുക്കലല്ല. ഈയുള്ളവന്‍ ഇവരുടെ കുറേ തഅ്‌ലീമിന് ഇരയായിട്ടുണ്ട്. ഇന്നുവരെ ഈ കിത്താബുകളല്ലാതെ ഒരു ആയത്തുപോലും ഇവര്‍ ഓതുന്നതു കേട്ടിട്ടില്ല. ഖുര്‍ആന്‍ അവരുടെ നിഘണ്ടുവിലില്ലാത്തതുപോലെ. ഖുര്‍ആന്‍ എന്താണ്, പുണ്യത്തിനുവേണ്ടി മാത്രം പാടാനുള്ള ഒരു പാട്ടുപുസ്തകമാണോ? സാധാരണ ജനത്തിന് അതു പഠിക്കാന്‍ അവകാശമില്ലേ? അമുസ്‌ലിംകളെ അതു കേള്‍പ്പിക്കാന്‍ പാടില്ലേ? ഇവിടെ സംഭവിക്കുന്നതോ ള്വഈഫായ ഹദീസുകള്‍ കുത്തിത്തിരുകിയ കിതാബുകള്‍ പഠിപ്പിക്കുകയാണ്. യുക്തിഹീനമായ കെട്ടുകഥകള്‍ വരെ അവര്‍ തഅ്‌ലീമിന്റെ പേരില്‍ വിളമ്പുന്നു. ഇവരാല്‍ ജനം മാറുന്നത് ഹിദായത്തിലേക്കോ ള്വലാലത്തിലേക്കോ? ഏതാനും ചില മൗലാനമാര്‍ ഇളക്കിവിട്ട ഈ ആള്‍ക്കൂട്ടം സമുദായത്തെ എവിടെക്കാണ് നയിക്കുന്നത്. ക്രിയേറ്റീവ് ആയ മുസ്‌ലിംകള്‍ക്കു പകരം കുറേ വാര്‍പ്പുമുസ്‌ലിംകളെ ഉണ്ടാക്കിയതുകൊണ്ട് എന്തുഫലം? ഇതിലും നല്ലത് നമസ്‌കരിക്കുകയും മുസ്വാഫഹത് നടത്തുകയും ചെയ്യുന്ന യന്ത്രമനുഷ്യരെ ഉണ്ടാക്കുന്നതല്ലേ? അവ(ര്‍) ള്വലാലത് പ്രചരിപ്പക്കുകയോ പള്ളികളില്‍ കുഴപ്പമുണ്ടാക്കുകയോ മറ്റുള്ളവര്‍ നമസ്‌കരിച്ചുവരുന്ന പള്ളികള്‍ പിടിച്ചെടുക്കുകയോ അതിനു കഴിയില്ലെങ്കില്‍ അതു പൂട്ടിയിടാന്‍ പരിശ്രമിക്കുകയോ ചെയ്യില്ലല്ലോ.
ഫത്ഹുമക്ക കഴിഞ്ഞപ്പോള്‍ നബിയുടെ പ്രബോധന ശൈലിയിലും കാര്യമായ മാറ്റം വരുന്നതു നാം ചരിത്രത്തില്‍ ദര്‍ശിച്ചതാണ്. അതുവരെ മുസ്‌ലിംകളെ പുച്ഛിച്ചുതള്ളിയവര്‍ മുസ്‌ലിംകളെ ആദരിക്കാനും അംഗീകരിക്കാനും തുടങ്ങി. അറേബ്യ ഇസ്‌ലാമിനു മാത്രം അവകാശപ്പെട്ട മണ്ണാണ്. ഇസ്‌ലാമിന് വളരെ കുറച്ചു മുമ്പാണ് അവിടെ വിഗ്രഹാരാധന പടര്‍ന്നുപിടിച്ചത്. അതുവരെ അവര്‍ ഏകദൈവവിശ്വാസികളായിരുന്നു. യമനില്‍നിന്നോ മറ്റോ ആണ് മക്കയിലേക്ക് വിഗ്രഹങ്ങളെത്തിയത്. ജൂതന്മാരും ക്രിസ്ത്യാനികളും മക്കയില്‍ പ്രബോധനം നടത്താന്‍ വിമുഖത കാട്ടിയതാണ് അവിടെ വിഗ്രഹാരാധന പടരാന്‍ ഇടയാക്കിയത്.
ജൂതന്മാര്‍ ജൂതന്മാരല്ലാത്തവരെ അവരുടെ വേദം പഠിപ്പിക്കാറില്ല. ക്രിസ്തുമതം പൗലോസ് മതമായി അധപ്പതിച്ചതോടെ അതും ഏതാണ്ട് വിഗ്രാഹാരാധനക്കും ബഹുദൈവാരാധനക്കും തുല്യമായി. മാത്രമല്ല, അവരും ഏതാണ്ട് ജൂതന്മാരെയാണ് പ്രബോധനലക്ഷ്യമാക്കിയത്. ഇസ്രായേലിനു പുറത്ത് മതപ്രബോധനം നടത്താന്‍ യഹോവ അവരെ അനുവദിച്ചിട്ടുമില്ലല്ലോ. അതിനാല്‍ അവര്‍ക്കും ഏകദൈവവിശ്വാസത്തോടുള്ള താല്‍പര്യം നഷ്ടപ്പെട്ടു. എന്നിട്ടും മക്കയില്‍ ഒറ്റപ്പെട്ട ഏകദൈവവിശ്വാസികളുണ്ടായിരുന്നു. അവര്‍ 'ഹുനഫാഅ്' എന്നറിയപ്പെട്ടു. അവരെ വിഗ്രഹാരാധകര്‍ അടിച്ചമര്‍ത്തുകയോ അവിടെനിന്നു തുരത്തുകയോ ചെയ്തു. പ്രവാചകന്‍ അവരെ തിരികെ ഏകദൈ വാരാധനയിലേക്കു കൊണ്ടുവന്നു. എന്നിട്ടും ചിലര്‍ പ്രാകൃത മതവിശ്വാസികളായി അവശേഷിച്ചു. നബി അവരെ ഇസ്‌ലാമിലേക്കു ക്ഷണിച്ചു ദൂതന്മാരെ അയച്ചു. ചില രാജാക്കന്മാര്‍ക്കു കത്തുമുഖേനയാണ് സന്ദേശമെത്തിച്ചത്. ചിലരൊക്കെ വിശ്വസിച്ചു. ചിലര്‍ മുസ്‌ലിംകള്‍ക്കെതിരേ സൈനികനീക്കം നടത്തുകയും മതപ്രചാരണ സ്വാതന്ത്ര്യവും വിശ്വാസ സ്വാതന്ത്ര്യവും തടയുകയും ചെയ്തു. മതത്തെ ഭരണാധികാരിയുടെ ഹിതത്തില്‍ നിന്നു സ്വതന്ത്രമാക്കി ദൈവത്തിന്റെ ഹിതത്തിനു വിട്ടുകൊടുക്കുന്നതുവരെ ഇസ്‌ലാം അവരോടു യുദ്ധം ചെയ്തു. മതത്തിന്റെ കുത്തകാവകാശം രാജാക്കന്മാരില്‍നിന്നും ഗോത്രത്തലവന്മാരില്‍ നിന്നും എടുത്തുമാറ്റി അത് ദൈവത്തില്‍ നിക്ഷിപ്തമാക്കി. ഇഷ്ടമുള്ളവര്‍ക്കു വിശ്വസിക്കാം, ഇഷ്ടമുള്ളവര്‍ക്ക് അവിശ്വസിക്കാം. ചിലര്‍ കുറേക്കാലം നിഷേധികളായി തുടരുകയും ഇസ്‌ലാം കൂടുതല്‍ പ്രചാരം നേടിയപ്പോള്‍ മുസ്‌ലിംകളാവുകയും ചെയ്തു. അങ്ങനെ അറേബ്യയില്‍നിന്ന് ബഹുദൈവവിശ്വാസത്തിന്റെയും വിഗ്രാഹാരാധനയുടെയും കരിംഭൂതം എന്നേക്കുമായി നീങ്ങി.
ഹജ്ജതുല്‍ വിദാഇലെത്തിയപ്പോഴേക്കും അറേബ്യ മുഴുവന്‍ ഇസ്‌ലാമിനുകീഴില്‍ വന്നു. ജനം കൂട്ടംകൂട്ടമായി വന്ന് ഇസ്‌ലാം സ്വീകരിച്ചു. ലക്ഷത്തിലേറെ ജനങ്ങളാണ് നബിയോടൊപ്പം അന്ന് ഹജ്ജില്‍ പങ്കെടുത്തത്. പ്രവാചകന്‍ ഇസ്‌ലാമിന്റെ ആദര്‍ശവും അതിന്റെ നയനിലപാടുകളും ജനങ്ങള്‍ക്കു വിശദീകരിച്ചുകൊടുത്തു. ഖുര്‍ആനും നബിയുടെ ചര്യയും അതിന്റെ ഭാഗമായ ഈ സന്ദേശവും മാത്രമാണ് നമ്മോട് എത്തിച്ചുകൊടുക്കാന്‍ പറഞ്ഞത്. പക്ഷേ, നാം ഇന്ന് എത്തിച്ചുകൊടുക്കുന്നത് ഇതല്ലാത്ത എല്ലാമാണ്. അതായത്, സംഘടനകളുടെ കുത്തിത്തിരിപ്പു സാഹിത്യങ്ങളും ഇമ്മാതിരി കുറേ കിത്താബുകളും! പിന്നെ എങ്ങനെ ജനം ഇസ്‌ലാം സ്വീകരിക്കും? അവര്‍ക്കെങ്ങനെ ഇസ്‌ലാം അവരുടെ നിലവിലുള്ള മതത്തില്‍നിന്നു വ്യത്യസ്തമായ ഒരു മതമായി ബോധ്യപ്പെടും. നാം ദഅ്‌വത്തിനായി എവിടെ ചെന്നാലും ഖുര്‍ആനിലേക്കാണ് ആളുകളെ ക്ഷണിക്കേണ്ടത്. അതിന് ആദ്യമായി ഖുര്‍ആന്‍ അവരെ ഏറ്റവും നല്ല ഈണത്തില്‍ ഓതിക്കേള്‍പ്പിക്കണം. എന്നിട്ട് അതിന്റെ സാരം അവരെ ധരിപ്പിക്കണം. അവരുടെ മുമ്പാകെ ഏതെങ്കിലും പരിഭാഷ വായിക്കുക എന്ന അബദ്ധം ചെയ്തുപോകരുത്.
ഖുര്‍ആന്‍ അറബിയിലുള്ള ഖുര്‍ആന്‍ മാത്രമാണ്. മറ്റൊരു ഭാഷയിലും ഖുര്‍ആനില്ല, ഉണ്ടാവുകയുമില്ല. പരിഭാഷകള്‍ ഖുര്‍ആനല്ല. അവ ഖുര്‍ആന്റെ പരിമിത വിദൂര സാരം മാത്രമാണ്. പരിഭാഷകള്‍ ഖുര്‍ആനില്‍നിന്ന് വളരെയേറെ അകലെയാണ്. അവയൊരിക്കലും ഖുര്‍ആനാവുകയില്ല. ഖുര്‍ആന്‍ വിവര്‍ത്തനം എന്ന പേരില്‍ കുറേ വാചകക്കസര്‍ത്തു നടത്തി ഉളുപ്പില്ലാതെ 'പരിശുദ്ധ ഖുര്‍ആന്‍ മലയാള പരിഭാഷ' എന്നൊക്കെയെഴുതിയതു നാം കണ്ടിട്ടുണ്ടാവും. സാരമെന്നോ ആശയമെന്നോ ആയിരുന്നെങ്കില്‍ നമുക്കവരോട് ക്ഷമിക്കാമായിരുന്നു. പക്ഷേ, ഇതുതന്നെയാണ് ഖുര്‍ആന്‍ എന്ന് അഹങ്കരിക്കുകയാണ് അവര്‍ ചെയ്യുന്നത്. അതായത്, ഖുര്‍ആന്‍ അല്ലാത്ത ഒന്നിനെയാണ് അവര്‍ ഖുര്‍ആന്‍ എന്നു വിളിച്ചത്.
ഇസ്‌ലാമിനോടു വളരെ താല്‍പര്യമുള്ള ഒരു ഹൈന്ദവ സുഹൃത്തിന് ഈയുള്ളവന്‍ ഒരു 'പരിശുദ്ധ ഖുര്‍ആന്‍ മലയാള പരിഭാഷ' സമ്മാനിച്ചു. വളരെ താല്‍പര്യത്തോടെ അവര്‍ അത് ഏറ്റുവാങ്ങുകയും ചെയ്തു. അതു വായിച്ചശേഷം അവരോട് അഭിപ്രായം പറയാന്‍ അഭ്യര്‍ത്ഥിച്ചു. അവര്‍ അഭിപ്രായം പറയുകയും ചെയ്തു.
''ഈ പരിഭാഷയാണ് ഖുര്‍ആനെങ്കില്‍-ഞാനങ്ങനെ വിശ്വസിക്കുന്നില്ല-ഇത് അവതരിപ്പിക്കാന്‍ ഒരു ദൈവത്തിന്റെയൊന്നും ആവശ്യമില്ല. മനുഷ്യര്‍ക്ക് കഴിയുന്നതേയുള്ളൂ.''
പരിഭാഷകര്‍ ഇക്കൂട്ടരോടു പറയാന്‍ ചില ന്യായങ്ങളൊക്കെ പലയിടത്തായി എഴുതിവെച്ചിട്ടുണ്ട്. പക്ഷേ, ഒരു ന്യായവും പറയാന്‍ തോന്നിയില്ല. നമുക്ക് അടിസ്ഥാനപരമായ തെറ്റുപറ്റി. നാം കൊടുക്കേണ്ടത് ശരിയായ ഖുര്‍ആനായിരുന്നു. പരിഭാഷയല്ല. ഖുര്‍ആന്‍ പാരായണപ്രധാനമായ ഒരു വേദമാണ്. അത് ആരാധനയുടെ ഭാഗമായി പാരായണം ചെയ്യാനും അതിനായി മനപ്പാഠമാക്കി തലമുറകളായി ലോകാവസാനം വരെ സൂക്ഷിക്കാനുമുള്ള, അര്‍ധപദ്യരൂപത്തിലുള്ള ഗ്രന്ഥമാണ്. അതൊരു നോവലോ ചരിത്രഗ്രന്ഥമോ ഇതിഹാസമോ പുരാണമോ മഹാകാവ്യമോ അല്ല. ഉപമകളിലോ സാരോപദേശ കഥകളിലോ പഴഞ്ചൊല്ലിലോ പോലും കള്ളമില്ലാത്ത ഒരേ ഒരു ഗ്രന്ഥം ഖുര്‍ആനാണ്. ഭാവനക്കു പകരം വസ്തുനിഷ്ഠതകൊണ്ടു തന്നെ അതിനു ഭംഗി ലഭിച്ചിരിക്കുന്നു. അതൊരു ചരിത്ര പുസ്തകമോ നിയമപുസ്തകമോ തത്വശാസ്ത്ര കൃതിയോ അല്ല. അതൊരു ലൗകിക പുസ്തകമേയല്ല, അതിലേറെ അത് എത്രയോ ആത്മീയമാണ്, ദൈവിക കല്പനയാണ്. അതില്‍ സാഹിത്യമുണ്ട്, എന്നാല്‍ അതു കവിതയോ കഥയോ നോവലോ അല്ല, അതു പരിഭാഷക്കു വഴങ്ങുന്നതേയല്ല എന്നു നാം മുന്‍കൂട്ടി അറിയിക്കേണ്ടതായിരുന്നു. അതു മനസ്സിലാക്കണമെന്നുണ്ടെങ്കില്‍ അയാള്‍ തന്നെ പരിഭാഷയോ മറ്റോ തേടിപ്പിടിക്കും. അപ്പോള്‍ ഈ പ്രശ്‌നം വരില്ലായിരുന്നു. ഖുര്‍ആനോ ഹദീസോ പരിഭാഷപ്പെടുത്തേണ്ട ഒരാവശ്യവും മുസ്‌ലിംകള്‍ക്കില്ല. അവര്‍ അറബി പഠിക്കുകയാണ് വേണ്ടത്. അതാണ് അവരുടെ ആദര്‍ശഭാഷ. 1200 കൊല്ലത്തോളം ഖുര്‍ആന്‍ ഇവിടെയാരും പരിഭാഷപ്പെടുത്തിയിട്ടില്ല. പകരം അവര്‍ ഖുര്‍ആന്‍ മനസ്സിലാക്കാന്‍ അറബി പഠിക്കുകയാണ് ചെയ്തത്. ഫ്രീവിസയില്‍ ഗള്‍ഫില്‍ പോയ നാലാം ക്ലാസ് കടന്നിട്ടില്ലാത്ത വര്‍ക്കിയും കൃഷ്ണന്‍ കുട്ടിയും അബ്ദുള്ളയ്ക്കയും ആറ് മാസംകൊണ്ട് അസ്സലായി അറബി സംസാരിക്കാന്‍ പഠിക്കുന്നതു നാം കാണുന്നു. പക്ഷേ, ഇവിടെ ആറ് കൊല്ലം കിത്താബോതിയ ഒരു മൗലവിക്കും അറബി നേരാം വണ്ണം വായിച്ചു മനസ്സിലാക്കാന്‍ കഴിയുന്നില്ല. സംസാരിക്കുന്ന കാര്യം പോകട്ടെ. അപ്പോള്‍ എവിടെയാണ് തകരാറ്?
എങ്ങനെ അറബി പഠിക്കണമെന്നോ പഠിപ്പിക്കണമെന്നോ സംഘടനകള്‍ക്കിപ്പോഴും മനസ്സിലായിട്ടില്ല. അവര്‍ക്കു വാദപ്രതിവാദം നടത്താനാവശ്യമായ ഗ്രാഹ്യമേ ആവശ്യമുള്ളൂ. അറബിയെ തങ്ങളുടെ വ്യവഹാരഭാഷയാക്കാന്‍ അവര്‍ക്കു കഴിയുന്നില്ല. അതായത്, അടിയാള ഹിന്ദുക്കള്‍ക്ക് സംസ്‌കൃതത്തെക്കുറിച്ചുള്ളതുപോലെ ആര്‍ക്കും മനസ്സിലാവാത്ത ഒരു പവിത്ര പുരോഹിതമാന്ത്രിക ഭാഷ എന്ന ധാരണയാണ് 99.9 മുസ്‌ലിംകള്‍ക്കും ഇപ്പോഴും അറബി. അതിലെ പവിത്ര ഗ്രന്ഥമാണ് ഖുര്‍ആന്‍. മതത്തില്‍ ദുര്‍ഗ്രാഹ്യതയുടെ ഇരുട്ടില്ലെങ്കില്‍ പൗരോഹിത്യത്തിനു പ്രസക്തിയില്ല. ഇത് എല്ലാ മതങ്ങളുടെയും സ്വഭാവമായിരിക്കുന്നു.
അതിനാല്‍ അവര്‍ പരിഭാഷ ചമയ്ക്കുന്നു. പരിഭാഷയുടെ അടിയില്‍ കുത്തിത്തിരിപ്പ്. നബിയുടെ കാലത്ത് സ്വഹാബികളുടെ ഭാഷ നോക്കിയാല്‍ ചുരുങ്ങിയത് ഒരു ഡസന്‍ വിദേശ ഭാഷകളിലേക്കെങ്കിലും ഖുര്‍ആന്‍ തര്‍ജുമ ചെയ്യണമായിരുന്നു. സല്‍മാനുല്‍ ഫാരിസിക്കുവേണ്ടി പേര്‍ഷ്യനിലേക്കും ബിലാലിനുവേണ്ടി അബ്‌സീനിയന്‍ ഭാഷയിലേക്കും സുഹൈബുര്‍റൂമിക്കുവേണ്ടി റോമനിലേക്കും മാരിയതുല്‍ ഖിബ്ത്വിയ്യക്കുവേണ്ടി ഈജിപ്ഷ്യന്‍ ഭാഷയിലേക്കുമൊക്കെ. അറബി അന്ന് ആഗോള ഭാഷയൊന്നുമായിരുന്നില്ലല്ലോ. അറേബ്യക്കു പുറത്ത് ആരുടെയും വ്യവഹാര ഭാഷയുമായിരുന്നില്ല. അവരാരും ഖുര്‍ആന്‍ കേട്ടിട്ടു മനസ്സിലായില്ലെന്നോ അതു പരിഭാഷപ്പെടുത്തി തരണമെന്നോ പറഞ്ഞില്ല. നോക്കൂ, കടുകട്ടി സാഹിത്യമുള്ള ചെറിയ സൂറത്തുകളണ് ആദ്യമിറങ്ങിയത് - എന്നിട്ടുപോലും. പക്ഷേ, നമ്മുടെ അവസ്ഥ നോക്കൂ, ഖുര്‍ആന്‍ അവരുടെ പുരോഹിതന്മാര്‍ക്കല്ലാതെ അറബിയില്‍ പഠിച്ചുമനസ്സിലാക്കാനാവുന്നില്ല. അവര്‍ക്കുതന്നെ അതു മനസ്സിലായോ എന്നതു വേറെ കാര്യം. അതിനാല്‍ പരിഭാഷ അനിവാര്യമായി. ഇത്തരം പരിഭാഷകളിലൂടെയും സാഹിത്യങ്ങളിലൂടെയും സംഘടനകള്‍ നമ്മെ വഞ്ചിക്കുകയാണ്. ഇസ്‌ലാമില്‍നിന്നും അതിന്റെ അടിസ്ഥാന ഭാഷയില്‍നിന്നും സംസ്‌കാരത്തില്‍നിന്നും ചിന്തയില്‍നിന്നും ജനത്തെ തടയുകയാണ്. അവരുടെ കൂതറ പരിഭാഷകളിലൂടെയും സാഹിത്യങ്ങളിലൂടെയും ഇസ്‌ലാമിനെതിരേ അവര്‍ തെറ്റിദ്ധാരണ പരത്തുകയും മുസ്‌ലിംകള്‍ക്കു ശത്രുക്കളെ സമ്മാനിക്കുകയുമാണ് ചെയ്യുന്നത്. ഇസ്‌ലാമിനോടോ മുസ്‌ലിംകളോടോ ഒരു പ്രതിബദ്ധതയുമില്ലാത്ത, അര്‍ധവിശ്വാസികളും അവിശ്വാസികളുമൊക്കെയാണ് പരിഭാഷയും കൊണ്ട് ഇറങ്ങുന്നത്.
പാശ്ചാത്യനാടുകളില്‍ ഈ പ്രവൃത്തി ഇസ്‌ലാമിനെ തകര്‍ക്കാന്‍ കച്ചകെട്ടിയിറങ്ങിയ ഓറിയന്റലിസ്റ്റുകളാണ് ചെയ്തത്. ഇവിടെയാകട്ടെ അവര്‍ക്കു പകരം മതസംഘടനകളും! ബിദ്അത്ത് എവിടെയും എക്കാലത്തും അതിന്റെ ദുഷിച്ച ഫലം ചെയ്യാതിരിക്കില്ല.