പ്രബോധനത്തിന്റെ പേരിലും ബിദ്അത്ത്

മത സംഘടനകള്‍ പ്രബോധനത്തിന്റെ പേരില്‍ നടത്തുന്ന പീഡനവും അത്യാചാരങ്ങളും മനസ്സിലാക്കണമെങ്കില്‍ സിയാഉദ്ദീന്‍ സര്‍ദാര്‍ രചിച്ച 'സ്വര്‍ഗം തേടി നിരാശയോടെ' എന്ന ആത്മകഥാരൂപത്തിലുള്ള കൃതി വായിക്കുക. പ്രബോധമെന്നാല്‍ മൂന്നോ ഏഴോ നാല്പതോ ദിവസത്തേക്കോ നാലു മാസത്തേക്കോ ഒരു കൊല്ലത്തേക്കോ ഉള്ള ശിക്ഷയാക്കിയത് 'നല്ലനടപ്പിനു' വിധിക്കപ്പെട്ടവര്‍ക്ക് വ്യക്തിപരമായി ഒരു പക്ഷേ, ഗുണം ചെയ്യും. ജീവിതത്തിന്റെ അത്യാവശ്യങ്ങള്‍ക്കിടയില്‍ അടുത്ത വര്‍ഷത്തെ സകാത്ഫണ്ട് മുടങ്ങുമോ എന്ന ഭീതിയില്‍ നാല്പതു ദിവസത്തേക്കു നാടും വീടും ഉപേക്ഷിച്ച് ജമാഅത്തിനു പോകുന്ന പാവത്താന് എവിടെയാണ് പ്രിഫലം ലഭിക്കുക. എന്തു തസ്‌കിയത്താണു കിട്ടുക. അയാള്‍ കാരണം അയാള്‍ പോലും മുസ്‌ലിമാകുന്നില്ലെങ്കില്‍ പിന്നെ മറ്റുള്ളവര്‍ എങ്ങനെ മുസ്‌ലിമാകും. അല്ലാഹുവാണ് ആര് മുസ്‌ലിം ആകണമെന്നും വേണ്ടെന്നും തീരുമാനിക്കുന്നത്.

സ്വഹാബികള്‍ ദഅ്‌വത്ത് നടത്തിയിരുന്നത് അമുസ്‌ലിംകളിലായിരുന്നു. മുസ്‌ലിംകളില്‍ അവര്‍ തഅ്‌ലീമും തര്‍ബിയത്തും തസ്‌കിയ്യതുമാണ് നടത്തിയിരുന്നത്. ദഅ്‌വത്ത് ലക്ഷ്യമാക്കിയവര്‍ മിക്കവാറും ഓരോ വ്യക്തിയായി യാത്ര ചെയ്യും. അവര്‍ക്കു സംഘമോ സംഘടനയോ ദിവസങ്ങളുടെ കണക്കോ ഒന്നുമുണ്ടായിരുന്നില്ല. എവിടെ എത്തിയോ അവിടെ താമസമാക്കും. ആ ജനം മുഴുവന്‍ ഇസ്‌ലാം സ്വീകരിച്ചാല്‍ അടുത്ത നാട്ടിലേക്കു പോകും. അവര്‍ എവിടെയും പരദേശിയായിരുന്നില്ല. എല്ലാ ദേശവും അവര്‍ക്കു സ്വദേശമായിരുന്നു. എവിടെയും അവര്‍ ആദരിക്കപ്പെട്ടു. അവര്‍ മാതൃകാപുരുഷന്മാരായിരുന്നു. അതിനാല്‍തന്നെ അവര്‍ക്ക് ഇന്നത്തെ പുരോഹിതന്മാരെപ്പോലെ ഹദീസും ഖുര്‍ആനും നിരത്തി ഘോരഘോരം പ്രസംഗിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല. അവരുടെ ജീവിതം തന്നെയായിരുന്നു അവരുടെ സന്ദേശം, പ്രബോധനം. അവര്‍ ജനങ്ങളെ വിളിച്ചത് ഇസ്‌ലാമിലേക്കായിരുന്നു. ഇസ്‌ലാമിലെത്തിയാല്‍ പിന്നെ അവരെ നമസ്‌കാരത്തിലേക്കു പ്രത്യേകം വിളിക്കേണ്ടതില്ലല്ലോ. അതുകൊണ്ട് ഇസ്‌ലാം വളരെ വേഗം പ്രചരിച്ചു.

സ്വഹാബത് പോയി, ഇപ്പോള്‍ ദഅ്‌വത്ത് (2014 വരെ- ശേഷം അവള്‍ ഉള്‍വലിഞ്ഞു) സംഘടനകള്‍ ഏറ്റെടുത്തിരിക്കുന്നു - അതും പേരിനും പിരിവിനും മാത്രം. വലിയ വലിയ സംഘങ്ങളായി അവര്‍ ദഅ്‌വത്തിന്റെ പേരില്‍ ഉല്ലാസയാത്ര നടത്തുകയും കുറേ സെല്‍ഫിയെടുത്ത് ബിരിയാണികഴിച്ച് ഏതാനും വീടുകളല്‍ കയറി പത്തില്‍ ഒരാള്‍ സംസാരിക്കുകയും ബാക്കി ഒമ്പതാളും മണ്ണിലേക്ക് നോക്കി നില്‍ക്കുകയും ചെയ്ത് ഒന്നും നേടാതെ തിരിച്ചുപോരുകയും ചെയ്യുന്നു. അവര്‍ ചട്ടിയില്‍നിന്നു മീന്‍ പിടിക്കാന്‍ നോക്കുകയാണ്. ഖാദിയാനികളെപ്പോലെ മുസ്‌ലിംകള്‍ തന്നെയാണ് അവരുടെയും ടാര്‍ഗെറ്റ്. അവര്‍ വിളിക്കുന്നതിലേക്ക് പോകാന്‍ മുസ്‌ലിംകള്‍ തയ്യാറല്ല. കാരണം, അവര്‍ ഇസ്‌ലാമിലേക്കല്ല വിളിക്കുന്നത്. സംഘടനകളിലേക്കാണ്. സംഘടനകളിലേക്ക് എങ്ങനെ മുസ്‌ലിംകള്‍ വരും? എങ്ങനെ അമുസ്‌ലിംകള്‍ വരും?

ഇവയില്‍ കുടുങ്ങിപ്പോയ, മഈശത് അതിലെ മുതലാളിമാരുമായി ബന്ധിതമായ ഈ പാവങ്ങളോട് നമുക്കൊരു അലോഹ്യവുമില്ല. അല്ലാഹു അവര്‍ക്കു നേര്‍വഴി കാണിച്ചുകൊടുക്കട്ടെ എന്ന പ്രാര്‍ത്ഥനയും സഹതാപവും മാത്രമേയുള്ളൂ.

മക്കാ മുശ്‌രിക്കുകള്‍ക്കുപോലും 'ലാ ഇലാഹ ഇല്ലല്ലാഹ്'യുടെ അര്‍ത്ഥം ഇന്നത്തെ സംഘടനാ പണ്ഡിതന്മാരെക്കാള്‍ നന്നായി അറിയാമായിരുന്നു. അതുകൊണ്ടാണ് നബിയെയും സ്വഹാബത്തിനെയും അവര്‍ മക്കയിലെ "പൗരത്വ"ത്തില്‍നിന്നു വിലക്കിയത്. കാരണം അവരുടെ ലാ ഇലാഹ ഇല്ലല്ലാഹ് അതിശക്തമായ ഒരാശയമായിരുന്നു. അറബികളെയും അനറബികളെയും ഇസ്ലാമിനു കീഴില്‍ ഒന്നിപ്പിക്കുന്ന മഹത്തായ ദര്‍ശനമായിരുന്നു അത്. അത് അവരുടെ പ്രത്യേകാവകാശങ്ങള്‍ നിഷേധിക്കുന്നതായിരുന്നു. ആ കലിമ (ലാ ഇലാഹ ഇല്ലല്ലാഹ്) തന്നെയല്ലേ ഇന്നുമുള്ളത്?

മനുഷ്യര്‍ അല്ലാഹുവിനെ മറക്കുന്ന രണ്ടു സ്ഥലങ്ങളുണ്ട്: മസാറുകളും ബസാറുകളും. (ഔലിയാക്കളുടെ ഭൗതികശരീരം ഖബറപ്പെട്ട ഇടങ്ങളാണ് മസാറുകള്‍. അവിടെ അല്ലാഹു പ്രാര്‍ത്ഥിക്കപ്പെടാറില്ല. ബസാറുകളില്‍ ആരാധിക്കപ്പെടുന്നത് പണമാണ്. ആരും അവിടെ അല്ലാഹുവിനെ ഓര്‍ക്കാറില്ല. ചുരുക്കത്തില്‍, ഒരിടത്തും അല്ലാഹുവിന് ഇടമില്ല. നഊദു ബില്ലാഹ്, ഇവിടെക്കാണ് സംഘടനകള്‍ ഇസ്‌ലാമിനെ കൊണ്ടെത്തിച്ചത്.)